മുംബൈ മലയാളികൾ മാസ്സാണ്!!; സഹായങ്ങൾക്ക് നന്ദി പറഞ്ഞു മലയാളി വിദ്യാർഥികൾ

0

യുക്രൈനിൽ നിന്ന് മുംബൈയിലെത്തിയ ആദ്യ സംഘത്തിൽ 27 മലയാളികൾ ഉണ്ടായിരുന്നു. യുദ്ധമുഖത്തുനിന്നും സ്വന്തം രാജ്യത്തെത്തിയ സന്തോഷത്തിലായിരുന്നു എല്ലാവരും. ഇന്നലെയാണ് യുക്രൈനിൽ നിന്ന് മുംബൈയിലെത്തിയത്‌. വിമാനത്താവളത്തിൽ ഇറങ്ങിയത് മുതൽ തിരിച്ച് കേരളത്തിലേക്ക് മടങ്ങുന്നത് വരെ മുംബൈ മലയാളികളുടെ ഇടപെടൽ മികച്ചതായിരുന്നുവെന്ന് വിദ്യാർഥികൾ പറയുന്നു. മുംബൈയിൽ എത്തിയതു മുതലുള്ള ചെലവുകൾ സർക്കാർ വഹിച്ചുവെന്നും കുട്ടികൾ മാധ്യമങ്ങളോട് പറഞ്ഞു.

മുംബൈയിലെത്തിയ മെഡിക്കൽ വിദ്യാർത്ഥികളിൽ 11പേർ കൊച്ചിയിലും 4 പേർ കോഴിക്കോടും 11 പേർ ചെന്നൈ വഴി തിരുവനന്തപുരത്തും ഇന്ന് മടങ്ങിയെത്തി.

ദുരിത നാളുകൾക്ക് വിട പറഞ്ഞാണ് ഇവരെല്ലാം സ്വന്തം നാട്ടിൽ തിരിച്ചെത്തിയത്. അനുഭവങ്ങൾ പങ്കു വയ്ക്കുകയും സന്തോഷം അറിക്കുകയും ചെയ്തതോടൊപ്പം മുംബൈയിലെ മലയാളികളുടെ ഒരുമയും സഹായ മനസ്കതയുമാണ് ഇവർക്ക് കരുതലായത്. മുംബൈയിൽ തങ്ങൾക്ക് ലഭിച്ച സഹായങ്ങൾക്ക് എത്ര നന്ദി പറഞ്ഞാലും മതിയാകില്ലെന്ന് വിദ്യാർഥികൾ പറഞ്ഞു.

തിരുവനന്തപുരത്തേക്കുള്ള 11 കുട്ടികൾ ചെന്നൈയിലെത്തി. തുടർന്ന് അവരെ ചെന്നൈ നോർക്ക ഓഫീസിൽ സ്വീകരിച്ചു ഭക്ഷണവും താമസവും നൽകി. അവരുടെ വിമാനം 6.30ന് തിരുവനന്തപുരത്തെത്തി.

മുംബൈയിൽ നോർക്ക ഡെവലപ്പ്മെന്റ് ഓഫിസർ ശ്യാംകുമാർ, കേരള ഹൌസ് മാനേജർ രാജീവ്, ലോക കേരള സഭാംഗങ്ങളായ ടി എൻ ഹരിഹരൻ, മാത്യു തോമസ്, പി ഡി ജയപ്രകാശ്, കാദർ ഹാജി, കൂടാതെ സാമൂഹിക പ്രവർത്തകരായ വി കെ സൈനുദ്ദീൻ, ജോജോ തോമസ്, രമേശ് കലമ്പൊലി ശ്രീകുമാർ, തുടങ്ങി നിരവധി പേരാണ് വിമാനത്താവളത്തിലെത്തി യുക്രൈനിൽ നിന്ന് മടങ്ങിയെത്തിയ മലയാളികളെ സ്വീകരിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here