സാഹോദര്യം ആഘോഷമാക്കിയ ചിത്രം; ലളിതം സുന്ദരം (Movie Review)

0

മഞ്ജുവാര്യരുടെ സഹോദരൻ മധുവാര്യർ ആദ്യമായി സംവിധാനം ചെയ്തു മഞ്ജു വാരിയർ നിർമ്മിച്ച ‘ലളിതം സുന്ദരം’ ഡിസ്നിപ്ലസ് ഹോട്ട്സ്റ്റാറിലാണ് റിലീസ് ചെയ്തത്. കുടുംബ ബന്ധങ്ങളുടെ പശ്ചാത്തലത്തിലുള്ള ചിത്രം സഹോദരങ്ങൾ തമ്മിലുള്ള പിണക്കങ്ങളും ഇണക്കങ്ങളുമാണ് പ്രതിപാദിക്കുന്നത്.

ബിജു മേനോൻ, മഞ്ജു വാരിയർ കൂടാതെ സൈജു കുറുപ്പ്, അനു മോഹൻ, ദീപ്തി സതി, രമ്യ നമ്പീശൻ, സറീന വഹാബ് എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന അഭിനേതാക്കൾ. പ്രധാനപ്പെട്ട റോളിൽ രഘുനാഥ് പലേരിയും പ്രേക്ഷക പ്രീതി നേടുന്നു. അനു മോഹന്റെ കഥാപാത്രവും ഏറെ ശ്രദ്ധ നേടി. പ്രശസ്ത ചലച്ചിത്ര, നാടക നടൻ കൊട്ടാരക്കര ശ്രീധരൻ നായരുടെ കൊച്ചുമകനും, നാടക, ചലച്ചിത്ര, സീരിയൽ അഭിനേത്രി ശോഭ മോഹന്റെ മകനുമാണ് അനു മോഹൻ

ആദ്യ ചിത്രമെന്ന നിലയിൽ മധു വാര്യർ തന്റെ തുടക്കം മോശമാക്കിയില്ലെന്ന് പറയാം. വളരെ ലളിതമായി പറഞ്ഞു പോകുന്ന കഥയും ആഖ്യായന ശൈലിയുമാണ് ചിത്രത്തെ ദൃശ്യാനുഭവമാക്കുന്നത്. തുടക്കം മുതൽ അവസാനം വരെ ബോറടിപ്പിക്കാതെ ചിത്രത്തെ നില നിർത്തുന്നതിൽ പ്രധാന പങ്ക് വഹിച്ചിരിക്കുന്നത് പ്രമോദ് രാമന്റെ തിരക്കഥയാണ്. പിന്നെ അഭിനേതാക്കളും.

ഇവന്റ് മാനേജ്മെന്റ് അടക്കം പല ബിസിനസ്സുകൾ ചെയ്ത് പരാജയപ്പെട്ട സണ്ണി (ബിജു മേനോൻ), മുംബൈയിലെ തിരക്ക് പിടിച്ച ബിസിനസ് എന്റപ്രണർ സഹോദരി ആനി (മഞ്ജു വാര്യർ) കൂടാതെ ഇവരുടെ ഇളയ സഹോദരൻ ജെറി (അനു മോഹൻ). എന്നിവരെ കേന്ദ്രീകരിച്ചാണ് ചിത്രം വികസിക്കുന്നത്. തുടക്കത്തിൽ ഇവരെയെല്ലാം പരിചയപ്പെടുത്തുന്ന രീതിയും നന്നായിട്ടുണ്ട്.

ജീവിതത്തിലെ തിരക്കിനിടയിൽ നഷ്ടപ്പെട്ട ബന്ധങ്ങളുടെ മൂല്യം തിരിച്ചറിയുന്നിടത്താണ് ചിത്രം അവസാനിക്കുന്നത്.

സഹോദരങ്ങൾക്കിടയിലെ തെറ്റിധാരണകളും വഴക്കുകളും കൊച്ചു കൊച്ചു ഫ്ലാഷ് ബാക്കിലൂടെയാണ് അവതരിപ്പിച്ചിട്ടുള്ളത്. എന്നാൽ രണ്ടാം പകുതിയിൽ കുറച്ച് ഇഴച്ചിൽ പ്രേക്ഷകന് അനുഭവപ്പെടും.

കുടുംബ ബന്ധങ്ങളേക്കാൾ ജോലി കാര്യങ്ങളിൽ വ്യാപൃതയായ ആനിയെന്ന കഥാപാത്രമായി മഞ്ജുവാര്യരും നൊമ്പരങ്ങൾ പേറി വിഷാദത്തിൽ ജീവിക്കുന്ന സണ്ണിയായി ബിജു മേനോനും മികച്ച അഭിനയം കാഴ്ച വച്ചു . അനിയനായി അനു മോഹനും അളിയനായി സൈജു കുറുപ്പും അച്ഛനായി രഘുനാഥ് പലേരിയും കഥാപാത്രങ്ങളോട് നീതി പുലർത്തി . സുധീഷ്, ദീപ്തി സതി, രമ്യ നമ്പീശൻ, സറീന വഹാബ് എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന അഭിനേതാക്കൾ. സ്റ്റാൻഡ് അപ് കോമഡിയിലൂടെ ശ്രദ്ധ നേടിയ നന്ദ കിഷോറും രണ്ടു സീനിലെത്തി രസിപ്പിക്കുന്നുണ്ട്.

സഹോദരൻ മധുവിന്റെ ഏറെ നാളായി കൊണ്ട് നടക്കുന്ന അഭിനയ മോഹത്തിന് മഞ്ജു നൽകിയ പിന്തുണ കൂടിയാകും ഈ ചിത്രം. അണിയറയിലെ സാഹോദര്യം തന്നെയാണ് പ്രമേയത്തിലും നിറഞ്ഞു നിൽക്കുന്നത്. സഹോദരങ്ങൾക്കിടയിലെ ഇണക്കങ്ങളും പിണക്കങ്ങളും സന്തോഷങ്ങളുമാണ് മധു വാരിയർ തന്റെ ആദ്യ ചിത്രത്തിലൂടെ പ്രേക്ഷകർക്ക് പകർന്നാടുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here