കാൽപന്ത് കളിയിലെ പെൺപെരുമ

അഞ്ചു തവണ ദേശീയ ഫുട്ബാൾ ചാമ്പ്യൻ ആയിരുന്ന ബിന്ദുവിന് തന്റെ പ്രിയപ്പെട്ട സ്പോർട്ടിനെ കുറിച്ച് സംസാരിക്കുമ്പോൾ   ഇപ്പോഴും കളിക്കളത്തിലെ ആവേശമാണ് .

0
ക്രിക്കറ്റിന്റെ നഗരമായ മുംബൈയും കാൽപ്പന്തു കളിയുടെ ആവേശത്തിലാണ്.   മഹാനഗരത്തിൽ ഫുട്ബാൾ രംഗത്തെ  സ്ത്രീ സാന്നിധ്യമാണ് ബിന്ദു പ്രസാദ്.   അഞ്ചു തവണ ദേശീയ ഫുട്ബാൾ ചാമ്പ്യൻ ആയിരുന്ന ബിന്ദുവിന് തന്റെ പ്രിയപ്പെട്ട സ്പോർട്ടിനെ കുറിച്ച് സംസാരിക്കുമ്പോൾ   ഇപ്പോഴും കളിക്കളത്തിലെ ആവേശമാണ് .
സ്പോർട്സ് എന്ന കായികവിഭാഗത്തെ ചികഞ്ഞുനോക്കിയാൽ ഫുട്ബാളിനോളം ചടുലതയുള്ള മറ്റൊരു കളിയില്ല.
ഒത്തൊരുമയുടെ, മനസ്സാന്നിധ്യത്തിന്റെ ഈ കാൽപ്പന്തുകളിയിൽ    എതിരാളിയുടെ നീക്കങ്ങളെ മനക്കണ്ണു കൊണ്ടറിഞ്ഞുള്ള പ്രത്യാക്രമണങ്ങളിലൂടെ ഗോൾ വല ചലിപ്പിക്കാൻ കഴിയണം…അവരാണ് വിജയി.
പതിനൊന്നുപേരുള്ള കളിയിൽ തോൽവിയുടെ രക്ത സാക്ഷിയാവാൻ വിധിക്കപ്പെട്ടവർ ഗോൾ കീപ്പർ  മാത്രം.  അവരാണ്ജാഗരൂകരായിരിക്കേണ്ടത്.  ഇടത്തും വലത്തും നേരെയും വരുന്ന കിക്കുകൾ ഒരു ജിംനാസ്റ്റിക്കിന്റെ മെയ്‌വഴക്കത്തോടെ പിടിച്ചെടുക്കുകയോ തടുത്തിടുകയോ വേണം.  ഗോളടിച്ചവനാണ് എന്നും  സ്റ്റാർ. ഗോൾ തടുത്തവരല്ല.  അതുകൊണ്ടുതന്നെ ഫുട്ബാൾ എന്നും  പുരുഷന്റെ മേഖലയായിരുന്നു.
എന്നാൽ കാൽ പന്ത് കളിയുടെ വിസ്മയങ്ങൾ ഗ്രൗണ്ടിന് പുറത്തിരുന്നു വീക്ഷിച്ചിരുന്ന ബിന്ദു എന്ന കൗമാരക്കാരി പിന്നീട് രാജ്യം കണ്ട മികച്ച ഗോൾകീപ്പർ ആയതിനു പിന്നിൽ ഒരു കഥയുണ്ട്. പക്ഷെ, വനിതകൾ അധികം കടന്നു വരാത്ത ഫുട്ബാളിന്റെ മേഖലയിലേക്ക് ബിന്ദുവിന്റെ മോഹങ്ങൾക്ക് കുട പിടിക്കാൻ ആരും ഉണ്ടായില്ല.  പലരും നെറ്റിചുളിച്ചു.
വല കുലുക്കാൻ ചീറിവരുന്ന പന്തിനെ ഗോൾ പോസ്റ്റിനുകീഴെ വായുവിൽ ഉയർന്നു ചാടികയ്യിലൊതുക്കുന്ന സുന്ദരിപ്പെണ്ണിനെ ഉൾക്കൊളളാൻ യാഥാസ്ഥികസമൂഹം മടിച്ചു നിന്നു.  പക്ഷെ അർപ്പണ ബോധവും ഇച്ഛാശക്തിയും കാൽ പന്തുകളിയിലെ ബിന്ദുവിന്റെ ചുവടുകൾ ലക്ഷ്യസ്ഥാനത്തെത്തിച്ചു.
കേരളത്തിൽ ജനിച്ചു രാജസ്ഥാനിൽ വളർന്ന പെൺകുട്ടി ബീഹാറിന് വേണ്ടി ദേശീയ മത്സരത്തിൽ കളിക്കാനിറങ്ങി. അതൊരു തുടക്കമായിരുന്നു… പിന്നെ തിരിഞ്ഞു നോക്കിയിട്ടില്ല.  നിരവധി അംഗീകാരങ്ങൾ, പുരസ്‌കാരങ്ങൾ , കായിക ലോകത്തു സ്വന്തമായി മേൽവിലാസമുണ്ടാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here