നന്മയുടെ മുംബൈ – (Rajan Kinattinkara)

നന്മ വറ്റാത്ത നഗരത്തിലെ അനുഭവ കഥ പങ്ക് വച്ച് മുംബൈയിലെ അറിയപ്പെടുന്ന എഴുത്തുകാരൻ രാജൻ കിണറ്റിങ്കര

0

ഇന്ന് രാവിലെ 7.38 ന്റെ ദാദർ സെമി ഫാസ്റ്റ് പിടിക്കുമ്പോൾ എന്റെ മോബൈൽ നഷ്ടപ്പെട്ടു.. കോപ്പറിൽ എത്തി നോക്കിയപ്പോൾ മോബൈലില്ല. ട്രെയിനിൽ വീണതാണോയെന്ന് നോക്കിയെങ്കിലും കാണാനായില്ല. ഉടനെ കോപ്പർ സ്റ്റേഷനിൽ ഇറങ്ങി. അവിടെയുള്ള ഒരാളോട് ഡയൽ ചെയ്ത് നോക്കാൻ പറഞ്ഞു. അയാൾ പല തവണ ശ്രമിച്ചു. , റിങ് ചെയ്യുന്നു. പക്ഷെ ആരും എടുക്കുന്നില്ല.

ഉടനെ ഞാൻ ആദ്യം വന്ന ഒരു സ്ലോ ട്രെയിനിൽ കയറി ഡോംബിവലിക്ക് മടങ്ങി. കയറുമ്പോൾ വീണു പോയതാണോ അതോ ആരെങ്കിലും അടിച്ചു മാറ്റിയതാണോ എന്ന് ഉറപ്പില്ലായിരുന്നു. ഞാൻ ഒന്നാം നമ്പറിൽ ഇറങ്ങുമ്പോൾ ഒരാൾ ട്രാക്കിൽ നിന്ന് മൂന്നാം നമ്പറിലേക്ക് കയറുന്നതായി കണ്ടു. ഒന്നാം നമ്പറിൽ നിന്നു തന്നെ ഞാൻ അയാളെ നിരീക്ഷിച്ചു. കൈയിലെ മോബൈൽ അയാൾ തിരിച്ചും മറിച്ചും നോക്കുന്നതാണ് ശ്രദ്ധയിൽ പെടാൻ കാരണം. ഒരു പക്ഷെ ഇയാൾക്ക് കിട്ടിയിരിക്കുമോ? ഞാൻ മൂന്നാം നമ്പറിൽ എത്തിയാൽ തിരക്കിൽ ഞാനെങ്ങനെ ആളെ തിരിച്ചറിയും. ഇനി തിരിച്ചറിഞ്ഞാലും എങ്ങിനെ ചോദിക്കും? ഒരു പക്ഷെ അയാൾക്ക് കിട്ടിയില്ലെങ്കിൽ ?

അയാൾ മിഡിൽ ബ്രിജിന്റെ താക്കുർളി ഭാഗത്തേക്കാണ് നടക്കുന്നത്. ഓടിച്ചെന്ന് അയാൾ ബ്രിഡ്ജ് കയറും മുന്നെ അല്ലെങ്കിൽ വണ്ടിയിൽ കയറും മുന്നെ എത്തിയാൽ ചോദിക്കാം. ഞാൻ എല്ലാ സ്പീഡുമെടുത്ത് ഓടി ബ്രിഡ്ജ് ഇറങ്ങി. ആളെ കണ്ടു , കൈയിലൊരു മോബൈൽ ഉണ്ട്. ഞാൻ അടുത്ത് ചെന്ന് അയാളറിയാത്ത പോലെ നോക്കി. ബ്ലൂ കവർ കണ്ടു. പകുതി ഉറപ്പായി എന്റെ തന്നെ.

ഞാൻ അടുത്തു ചെന്നപ്പോൾ തന്നെ അയാളിങ്ങോട്ട് ചോദിച്ചു.. ആപ് കാ മോബൈൽ ഹൈ ക്യാ? ഞാൻ പറഞ്ഞു . ഹാ, കയറുമ്പോൾ വീണു പോയതാ..

അയാൾ ഒന്നും ചോദിക്കാതെ മോബൈൽ എനിക്ക് തന്നു. ഞാനിത് സ്റ്റേഷനിൽ കൊടുക്കണോ പോലീസിൽ കൊടുക്കണോയെന്ന് ആലോചിച്ച് നടക്കുകയായിരുന്നു. അയാൾ ട്രാക്കിൽ നിന്ന് കയറുന്ന കൃത്യ സമയത്ത് ഞാനവിടെ എത്തിയതു കൊണ്ട് മാത്രം എനിക്കയാളെ തിരിച്ചറിയാൻ പറ്റി. മോബൈൽ വാങ്ങി തിരിച്ചു നടക്കുമ്പോൾ കോപ്പറിൽ നിന്ന് എന്റെ നമ്പറിലേക്ക് വിളിച്ച് സഹായിച്ച ആളുടെ ഫോൺ , ഞാൻ ഫോൺ കിട്ടി എന്ന് പറഞ്ഞപ്പോൾ അയാൾക്കും സന്തോഷം .

ഒന്നും ചോദിക്കാതെ കിട്ടിയ ഫോൺ എന്നെ ഏൽപ്പിച്ച ആ അപരിചിതനോട് ഒരു പാട് നന്ദി പറഞ്ഞ് അടുത്ത വണ്ടി പിടിക്കാൻ ഓടുമ്പോൾ നന്മയും സത്യവും മരിക്കാത്ത മുംബൈയുടെ മറ്റൊരു മുഖം ഞാൻ കണ്ടു.

രാജൻ കിണറ്റിങ്കര

LEAVE A REPLY

Please enter your comment!
Please enter your name here