അഭയാർത്ഥി

0
മുംബൈ എന്ന മഹാ നഗരത്തിൽ ഞാൻ കാലൂന്നിയിട്ട് ഈ ജൂൺ മുപ്പതിന്  32  വർഷമായി .  ആ തിരിച്ചറിവ് പോലും പേടിപ്പെടുത്തുന്നപോലെ . ഇവിടെയാണ്  എന്റെ സ്വപ്‌നങ്ങൾ വീണുടഞ്ഞത് , ഈ ജനസമുദ്രത്തിലാണ് എന്റെ യൗവനം  ചിതലരിച്ചത് . ഈ രാവിന്റെ ഛായയിലാണ് എന്റെ കണ്ണീർ വീണു പടർന്നത് .
ഗൃഹാതുരത്വത്തിന്റെ മുപ്പത്തിരണ്ടാം വാർഷികത്തിൽ സൂര്യൻ അസ്തമിക്കുന്ന വെള്ളി വീണ ആകാശത്തേക്ക് ബാൽക്കണിയിലെ ഇരുമ്പഴികൾക്കിടയിലൂടെ ഞാൻ  ഒന്ന് കൂടി നോക്കി . ഒന്നും മാറിയിട്ടില്ല , കർക്കിടകത്തിന്റെ മഴക്കോള് പോലെ മൂടിക്കെട്ടിയ  ആകാശ പരപ്പിൽ വിരഹത്തിന്റെ ചുമന്ന വദനംപോലെ സൂര്യൻ , ആ പൊള്ളലിൽ തിളയ്ക്കുന്ന മഴമേഘങ്ങൾ .  വീടിനു മുന്നലെ  സ്‌കൂൾ ഗ്രൗണ്ടിൽ    പേരറിയാത്ത മരത്തിന്റെ ചില്ലകളിൽ താവളം ഉറപ്പിക്കാൻ കലപില കൂടുന്ന ചേക്കേറാൻ എത്തിയ പറവകൾ .  അതിർത്തികൾ ഭാഗം വയ്ക്കാതെ, അധികാരങ്ങളിൽ കടന്നു കയറാതെ ഒരു രാവിന്റെ ഒറ്റക്കാൽ മയക്കത്തിൽ ഒരു പകലിന്റെ ക്ഷീണം അകറ്റുന്ന രാപ്പാടികൾ.

“ഒരു നാലീസം  കൂടി കഴിഞ്ഞിട്ട് പോയാ പോരെ എന്റെ കുട്ടിക്ക് ” എന്നുള്ള ചോദ്യത്തിന് പകരം നൽകാൻ ജീവിതത്തിൽ ഒന്നും ബാക്കിയുണ്ടായിരുന്നില്ല

മേഘപാളികൾക്കിടയിലൂടെ അങ്ങ് ദൂരേക്ക് കണ്ണുകൾ പായിച്ചപ്പോൾ പൊട്ടുപോലെ പറന്നകലുന്ന ഒരു ചെറു വിമാനം .  പുതുമകൾ  നശിച്ചിരിക്കുന്നു , ഒന്നിനും ഒരു കാഴ്ചക്കും മനസ്സിൽ സന്തോഷമോ ജിജ്ഞാസയോ നൽകാൻ കഴിയുന്നില്ല , മനസ്സിൽ നിർവികാരത മാത്രം . വയൽ അവസാനിക്കുന്ന പുഴക്കര വരെ ആകാശത്തെ വിമാനത്തിന്  നിഴൽക്കൂട്ടു പോയ ബാല്യ കൗമാരങ്ങൾ  അസ്തമിച്ചിരിക്കുന്നു .  തൊട്ടടുത്ത കെട്ടിടത്തിന്റെ  വെള്ള പൈപ്പിൽ ഇരുന്നു ചില കാക്കകൾ മാത്രം കരയുന്നുണ്ട് , ഇടക്കൊക്കെ ചായ്ച്ചും ചരിഞ്ഞും താഴേക്ക് ഊളിയിട്ടു നോക്കുന്നു , മറഞ്ഞു പോയ ഏതോ ആത്മാവിന്റെ ശാന്തിദൂതുമായി  പ്രതീക്ഷയോടെ ആരോ നിക്ഷേപിച്ച ഒരു ബലിപിണ്ഡം തിരയുകയാവും .  വെറുക്കപ്പെട്ടവർക്കും ഒരു ദിവസമുണ്ടെന്നു നമ്മെ ഓർമ്മിപ്പിക്കുന്ന ബലിക്കാക്കകൾ .  ആട്ടി ഓടിച്ചവയെ ഒക്കെ കൈകൊട്ടി വിളിക്കുന്ന ഒരു ദിവസത്തിന്റെ പ്രതീകമെന്നോണം ഗതി കിട്ടാത്ത  ആത്മാവുകൾ  തേടി അലയുന്ന കറുത്ത പക്ഷത്തിലെ കിളികൾ .
മുംബൈയിൽ എത്തിയ ദിനങ്ങൾ , മണ്ണപ്പം ചുട്ടു കളിച്ച നടുമുറ്റവും  കണ്ണുപൊത്തി കളിച്ച തൊടികളും ഉസ്മാൻ മാപ്പിളയുടെ വാടക  സൈക്കിളിൽ നാടുചുറ്റിയ ഗ്രാമത്തിലെ  ചെമ്മൺ പാതകളും മനസ്സിൽ വിങ്ങലുകൾ തീർക്കുമ്പോഴും ശൂന്യമായ പകലുകൾക്ക്   ഒരു കാത്തിരിപ്പിന്റെ സുഖം ഉണ്ടായിരുന്നു .   ചുമലിൽ തൂക്കിയ ബാഗുമായി കിതയ്ക്കുന്ന വെയിലിൽ  കാക്കി കുപ്പായമിട്ട് പടി കടന്നു വരുന്ന പോസ്റ്റുമാന്റെ കയ്യിലെ നീല നിറമുള്ള ഇൻലൻഡിനു ഒരു ഗ്രാമത്തിന്റെ മുഴുവൻ സൗരഭ്യമുണ്ടായിരുന്നു  . അവരുടെ സുഖ ദുഖങ്ങളുടെ ഈറൻ പടർന്നിരുന്നു .   കത്തുകൾ വൈകുമ്പോൾ അയലത്തെ ഗൾഫ് കാരന്റെ വീട്ടിലേക്ക് ഒരു ട്രങ്ക് കാൾ ബുക്ക് ചെയ്ത് കാത്തിരുന്ന മണിക്കൂറുകൾക്ക്  അങ്ങേ തലക്കൽ ശബ്ദം കേൾക്കുന്നത് വരെയുള്ള ഉൽക്കണ്ഠയുടെ  നെരിപ്പോടിലും ഒരു സുഖമുണ്ടായിരുന്നു  .
ഒരു അവധിക്കാലത്തിന് വേണ്ടി കലണ്ടറിൽ ദിനങ്ങൾ എണ്ണി കാത്തിരുന്ന കാലം .  നാട് മുഴുവൻ കറങ്ങി ജയന്തി ജനത ഷൊർണൂർ സ്റ്റേഷനിൽ കിതച്ചെത്തുമ്പോൾ  പ്ലാറ്റുഫോമിൽ ബന്ധങ്ങളുടെ അറ്റുപോകാത്ത കണ്ണികളായി വീട്ടുകാരും നാട്ടുകാരും .   അവധി കഴിഞ്ഞുള്ള ഒരു തിരിച്ചു പോക്കിന് രണ്ടു ദിനം മുന്നേ അമ്മയുടെ കണ്ണിൽ ഉരുണ്ടു കൂടുന്ന കണ്ണീർപൊട്ടുകൾ  . “ഒരു നാലീസം  കൂടി കഴിഞ്ഞിട്ട് പോയാ പോരെ എന്റെ കുട്ടിക്ക് ” എന്നുള്ള ചോദ്യത്തിന് പകരം നൽകാൻ ജീവിതത്തിൽ ഒന്നും ബാക്കിയുണ്ടായിരുന്നില്ല , മുണ്ടിന്റെ കോന്തല പൊക്കി മെല്ലെ ആ കണ്ണീരൊപ്പി “ഞാൻ അടുത്ത മാസം വീണ്ടും വരില്ലേ , അമ്മേ , ” എന്ന ആശ്വാസവാക്കിനു അമ്മയോട് കള്ളം പറയുന്ന ഒരു കൊച്ചു കുഞ്ഞിന്റെ മനസ്സിന്റെ  പിടച്ചിലുണ്ടായിരുന്നു .  എന്താ കുട്ട്യേ ,  ഇന്നലെങ്ങട്  വന്നല്ലേ ഉള്ളൂ , അപ്പോഴേക്കും പോവാറായോ  എന്ന നാട്ടുകാരുടെ ചോദ്യത്തിന് രക്തബന്ധത്തേക്കാൾ ആഴമുണ്ടായിരുന്നു .
അവധി കഴിഞ്ഞുള്ള ഒരു തിരിച്ചുപോക്കിൽ മുറ്റത്ത് ഒരു ഗ്രാമം മുഴുവൻ സന്നിവേശിക്കുന്നു , കെട്ടി മുറുക്കിയ കാർഡ് ബോർഡ് പെട്ടിയിൽ അച്ചാറും ഉപ്പിലിട്ടതും കൊണ്ടാട്ട മുളകും ചക്ക വറുത്തതും ഒക്കെ നാട്ടുകാരുടെ സ്നേഹ സംഭാവനയായിരുന്നു .
ഓർമ്മകളുടെ വെളിച്ചത്തിലേക്ക് അസ്തമയം കടന്നു കയറിയപ്പോൾ മുന്നിൽ ഇരുട്ട് വ്യാപിച്ചിരുന്നു .  ബാൽക്കണിയുടെ ഇരുമ്പഴിക്കുള്ളിലൂടെ അപ്പോഴും കാണാം മഴച്ചാറ്റലിൽ  തൂവലുകൾ കോതിയൊതുക്കി ആരെയോ കാത്തിരിക്കുന്ന ബലിക്കാക്കകൾ.
ലോകം പുച്ഛിച്ചു തള്ളിയ ഗൃഹാതുരത്വത്തിന്റെ ആർക്കും വേണ്ടാത്ത  അഭയാർത്ഥിയായി ഞാൻ അപ്പോഴും ഇന്നലെയുടെ  വഴിയോരങ്ങളിൽ തനിച്ചായി.


രാജൻ കിണറ്റിങ്കര
[email protected]
WhatsApp 8691034228

LEAVE A REPLY

Please enter your comment!
Please enter your name here