രാജ്യത്തെ ആദ്യ ഡിജിറ്റൽ ബസ് മുംബൈയിൽ

0

രാജ്യത്തിൻറെ സാമ്പത്തിക തലസ്ഥാനമായ മുംബൈയിൽ ഡിജിറ്റൽ ബസ്സുകൾക്ക് തുടക്കമിടുന്നു. ഇനി മുതൽ “ടാപ്പ് ഇൻ ആൻഡ് ടാപ്പ് ഔട്ട്” സൗകര്യത്തോടെ ഡിജിറ്റൽ ബസുകളിൽ യാത്ര ചെയ്യാം. ഈ നൂതന സാങ്കേതിക സൗകര്യം ലഭിക്കുന്ന രാജ്യത്തെ ആദ്യ നഗരമായിരിക്കും മുംബൈ.

സി‌എസ്‌എം‌ടിയിൽ നിന്ന് എൻ‌സി‌പി‌എയിലേക്കാണ് ആദ്യ പരീക്ഷണ ഓട്ടം നടത്തിയത്. ഇതിന്റെ ട്രയലുകൾ തിങ്കളാഴ്ച പൂർത്തിയായി. യാത്രക്കായി സ്മാർട്ട് കാർഡുകൾക്കുള്ള സൗകര്യം കൂടാതെ മൊബൈൽ ആപ്പും (Chalo) ഉപയോഗിക്കാവുന്നതാണ്.

യാത്രക്കാർ ബസിൽ കയറുമ്പോൾ പ്രവേശന കവാടത്തിന് സമീപം ഘടിപ്പിച്ചിരിക്കുന്ന ഡിജിറ്റൽ മെഷീന് മുന്നിൽ മൊബൈൽ ആപ്പോ സ്മാർട്ട് കാർഡോ ഫ്ലാഷ് ചെയ്യുന്നു. ഒരു പച്ച ടിക്ക് ലഭിക്കുന്നതോടെ ബസിൽ കയറാൻ അനുവാദമായി. ഇറങ്ങുന്ന സമയത്ത്, വീണ്ടും ടാപ്പ് ഔട്ട് ചെയ്യുകയും ബസ് നിരക്ക് യാത്രക്കാരുടെ മൊബൈൽ ആപ്പിൽ നിന്നോ സ്മാർട്ട്കാർഡിൽ നിന്നോ ഡെബിറ്റ് ആകുകയും ചെയ്യുന്നു. ബസ് കണ്ടക്ടറുടെ സേവനം പൂർണമായി ഒഴിവാക്കിയാണ് ഈ ഡിജിറ്റൽ സംവിധാനം പൂർണമായും യാത്രക്കാരുടെ സൗകര്യാർത്ഥം ക്രമീകരിച്ചിരിക്കുന്നത്.

ബസുകളിൽ പ്രവേശന കവാടത്തിൽ ‘ഡിജിറ്റൽ ബസ്’ എന്ന് രേഖപ്പെടുത്തിയിരിക്കും. പണം കയ്യിൽ കരുതാതെയും ചില്ലറയുടെ ആവലാതികളില്ലാതെയും യാത്ര ചെയ്യാനാകുമെന്നതാണ് മറ്റൊരു നേട്ടം. തിരക്കേറിയ റൂട്ടുകളിൽ ഇത്തരം ഇരുപത് ബസുകളാണ് ഉടനെ പ്രാബല്യത്തിൽ വരുന്നത്. ക്രമേണ ഐലൻഡ് സിറ്റിയിലും പ്രാന്തപ്രദേശങ്ങളിലും കൂടുതൽ ഡിജിറ്റൽ ബസ്സുകൾ നിരത്തിലിറക്കുമെന്നും ബെസ്റ്റ് ജനറൽ മാനേജർ ലോകേഷ് ചന്ദ്ര പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here