സി.ബി.ഐ അഞ്ചാം ഭാഗത്തിന്‍റെ ട്രയലർ ഇറങ്ങി; ചരിത്രം കുറിക്കാൻ മമ്മൂട്ടി

0

സി.ബി.ഐ സീരീസിലെ അഞ്ചാമത് ഭാഗമായ ‘സിബിഐ 5 ദ ബ്രെയിൻ’ ട്രയലർ ഇന്ന് റിലീസായി. പുറത്തിറങ്ങി നിമിഷങ്ങൾക്കകം ലക്ഷക്കണക്കിന് പ്രേക്ഷകരാണ് കണ്ടത്. ചിത്രം മെയ് ഒന്നിന് ലോകമാകെയുള്ള തിയറ്ററുകളില്‍ റിലീസ് ചെയ്യുമെന്ന് സംവിധായകൻ കെ മധു പറഞ്ഞു. ചിത്രത്തിന്‍റെ സെന്‍സറിങ് നടപടികള്‍ പൂര്‍ത്തിയായതായും യു.എ സര്‍ട്ടിഫിക്കറ്റ് ലഭിച്ചതായും അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു. സിബിഐ സീരീസിലെ നാലാം ഭാഗമിറങ്ങി 17 വര്‍ഷങ്ങള്‍ക്കിപ്പുറമാണ് പുതിയ ചിത്രം വരുന്നത്. മമ്മൂട്ടിയുടെ ഭീഷ്മപർവ്വത്തിന്റെ വൻ വിജയത്തിന് ശേഷം പുറത്തിറങ്ങുന്ന ചിത്രമെന്ന പ്രത്യേകതയും പ്രതീക്ഷകൾ ഇരട്ടിച്ചിരിക്കയാണ്.

എസ് എന്‍ സ്വാമി- കെ മധു മമ്മൂട്ടി കൂട്ടുകെട്ടില്‍ ഒരുങ്ങിയ സിബിഐ സീരീസിലെ ആദ്യ ചിത്രമായ ‘ഒരു സിബിഐ ഡയറിക്കുറിപ്പ്’ പുറത്തിറങ്ങുന്നത് 1988-ല്‍ ആണ്. പിന്നീട് ‘ജാഗ്രത’, ‘സേതുരാമയ്യര്‍ സിബിഐ’, ‘നേരറിയാന്‍ സിബിഐ’ എന്നീ ചിത്രങ്ങളും എത്തിയതും സിനിമ ചരിത്രത്തിൽ ഇടം നേടിയിരുന്നു. ഇപ്പോഴിതാ അഞ്ചാം ഭാഗം കൂടിയെത്തുമ്പോൾ ഇന്ത്യൻ സിനിമയിലെ നാഴികക്കല്ലായി മാറും ഈ ചിത്രം.

കേരളത്തിൽ തിരുവനന്തപുരം കൂടാതെ ഡൽഹി, ഹൈദരാബാദ്, എന്നിവിടങ്ങളിലായാണ് ചിത്രീകരണം നടന്നത്. ആശാ ശരത്താണ് ചിത്രത്തിലെ നായിക. മുകേഷ്, സായ്കുമാർ, രൺജി പണിക്കർ, സൗബിൻ ഷാഹിർ, ദിലീഷ് പോത്തൻ, അനൂപ് മേനോൻ, പ്രശാന്ത് അലക്‌സാണ്ടർ, ജയകൃഷ്ണൻ, സുദേവ് നായർ, അസീസ് നെടുമങ്ങാട്, സന്തോഷ് കീഴാറ്റൂർ, ഇടവേള ബാബു, രമേശ് പിഷാരഡി, പ്രസാദ് കണ്ണൻ, കോട്ടയം രമേശ്, സുരേഷ് കുമാർ, തന്തൂർ കൃഷ്ണൻ, അന്ന രേഷ്മ രാജൻ, അൻസിബ ഹസൻ, മാളവിക മേനോൻ, മാളവിക നായർ, സ്വാസിക കൂടാതെ ജഗതി ശ്രീകുമാറും വീണ്ടും ചാക്കോയായി അഭിനയ രംഗത്തേക്ക് തിരിച്ചെത്തുകയാണ്. ചിത്രത്തിലെ ഐക്കോണിക് തീം മ്യൂസിക് ഒരുക്കുന്നത് സംഗീത സംവിധായകൻ ശ്യാമിന് പകരം ജേക്സ് ബിജോയ് ആണ്. സ്വർഗചിത്രയാണ് നിർമ്മാണം. അഖിൽ ജോർജ് ഛായാഗ്രഹണവും ശ്രീകർ പ്രസാദ് എഡിറ്റിംഗും നിർവഹിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here