റോഷന്‍ മാത്യു, അന്ന ബെന്‍, ഇന്ദ്രജിത്ത് സുകുമാരന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വൈശാഖ് (Vysakh) ഒരുക്കിയ ‘നൈറ്റ് ഡ്രൈവ്’ (Night drive). എന്ന ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. അടുത്തിടെ മലയാളത്തിൽ ഇറങ്ങിയ ചിത്രങ്ങളിൽ നിന്ന് വ്യത്യസ്തമാണ് ഈ പൊളിറ്റിക്കൽ ത്രില്ലർ. സമകാലിക വിഷയങ്ങളിൽ സിനിമാ ചേരുവകൾ ചേർത്താണ് ചിത്രം ഒരുക്കിയിരിക്കുന്നത്. അത് കൊണ്ട് തന്നെ ചിത്രത്തിലുടനീളം പ്രേക്ഷകരെ മുൾമുനയിൽ നിർത്താൻ സിനിമയ്ക്ക് കഴിഞ്ഞുവെന്ന് വേണം പറയാൻ.
അന്ന ബെന്നും റോഷന്‍ മാത്യും യാദൃശ്ചികമായി ഒരു ദുരുഹ സംഭവത്തില്‍ കുടുങ്ങുന്നതോടെയാണ് ചിത്രം ചുരുളഴിയുന്നത്. തുടർന്നുള്ള ഓരോ നിമിഷവും ത്രില്ലടിപ്പിക്കുന്ന സംഭവവികാസങ്ങൾ ഇഴ ചേർത്താണ് ചിത്രം മുന്നോട്ട് പോകുന്നത്. ഇന്ദ്രജിത്ത് , സിദ്ദിഖ് എന്നിവരും കഥാപാത്രങ്ങളോട് നീതി പുലർത്തി.
മധുരരാജ, പുലിമുരുകൻ തുടങ്ങിയ ബ്രഹ്മാണ്ഡ ചിത്രങ്ങൾ മലയാളി പ്രേക്ഷകർക്ക് സമ്മാനിച്ച വൈശാഖ് ഇക്കുറി ലളിതമായ ശൈലിയിലാണ് കഥ പറയുന്നത്. എന്നാൽ അത്ര ലളിതമല്ലാത്ത ത്രില്ലടിപ്പിക്കുന്ന തിരക്കഥയും ഒരു പറ്റം യുവ അഭിനേതാക്കളും പരമ്പരാഗത മലയാള സിനിമാ വഴിയിൽ നിന്ന് മാറി സഞ്ചരിക്കാൻ പ്രേക്ഷകനും അവസരമൊരുക്കി.
ഒടിടി പ്ലാറ്റ്‌ഫോമിലെ ചിത്രങ്ങൾ പലപ്പോഴും സൗകര്യപൂർവ്വം കാണുന്ന പ്രവണതയാണ് കാണികളിൽ കണ്ട് വരുന്നത്. എന്നാൽ ഒട്ടും മുഷിപ്പിക്കാതെ സീറ്റിൽ പിടിച്ചിരുത്തുന്ന ചിത്രം ഒറ്റയിരുപ്പിൽ തന്നെ കാണുവാൻ പ്രാപ്തമാക്കുന്നതാണ് ചിത്രത്തിന്റെ പ്രധാന വിജയം.
യൂബർ ഡ്രൈവറായ ജോർജിയും മനോരമയിലെ വാർത്താ അവതാരകയായ റിയയും തമ്മിൽ പ്രണയത്തിലാണ്. തിരക്കിട്ട ജോലികൾക്കിടയിൽ വീണു കിട്ടിയ സമയം ഇരുവരും ഒരുമിച്ച് കാറിൽ ഒരു നൈറ്റ് ഡ്രൈവിനു പോകുന്നിടത്ത് നിന്നാണ് കഥ വികസിക്കുന്നത്. ഉല്ലസിക്കാനും ഒരുമിച്ചിരിക്കാനുമായി നടത്തിയ യാത്ര ഇവരെ കൊണ്ട് ചെന്നെത്തിക്കുന്നത് വലിയ പ്രതിസന്ധികളിലേക്കാണ്. നൂതന സാങ്കേതിക വിദ്യകളുടെ ചുവട് പിടിച്ച് കുരുക്കിൽ നിന്ന് രക്ഷപ്പെടാനുള്ള തന്ത്രങ്ങളുടെ പാരമ്പരയിലൂടെയാണ് ചിത്രം ക്ലൈമാക്സിൽ എത്തുന്നത്.
ന്യൂസ് ചാനൽ അവതാരകയായ റിയ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച അന്നയും ജോർജിയായി റോഷന്‍ മാത്യുവും കഥാപാത്രങ്ങളെ മികവുറ്റതാക്കി ഇവർ തമ്മിലുള്ള കെമിസ്ട്രി തന്നെയാണ് കഥാപാത്ര മികവിന് ഗുണം ചെയ്തത്. പൊലീസ് വേഷത്തിലെത്തിയ ഇന്ദ്രജിത്തും കലാഭവൻ ഷാജോണും പതിവ് ശൈലിയിൽ തന്നെ തിളങ്ങി. മന്ത്രിയെ പകർന്നാടിയ സിദ്ദീഖ് തന്റെ വ്യത്യസ്തമായ സംസാര ശൈലി കൊണ്ടും ശരീര ഭാഷകൊണ്ടും ശ്രദ്ധ നേടി. രൺജി പണിക്കർ, പ്രശാന്ത് അലക്സാണ്ടർ, സന്തോഷ് കീഴാറ്റൂർ, മുത്തുമണി തുടങ്ങിയവരും റോളുകൾ ഭംഗിയാക്കി.
ബിഗ് ബജറ്റ് കൊമേർഷ്യൽ ചിത്രങ്ങളിലൂടെ പേരെടുത്ത വൈശാഖിന്റെ വേറിട്ട ശൈലിയാണ് നൈറ്റ് ഡ്രൈവ് എന്ന കൊച്ചു സിനിമയിൽ പ്രകടമാകുന്നത്. കെട്ടുറപ്പുള്ള തിരക്കഥ സമ്മാനിച്ച അഭിലാഷ് പിള്ളയും അഭിനന്ദനം അർഹിക്കുന്നു. ബോറടിക്കാതെ വീട്ടിലെ സൗകര്യത്തിലിരുന്നു കാണാവുന്ന നല്ല ചിത്രം.
Movie : Night Drive
Director : Vyshakh
Cast : Anna Ben, Roshan Mathew, Indrajith Sukumaran, Ranjith
OTT : Netflix
- സിനിമാസ്വാദകരെ വീണ്ടും ഞെട്ടിച്ച് മമ്മൂട്ടി കമ്പനി (Movie Review)
- മുംബൈയിലും തരംഗമായി രജനികാന്ത് ചിത്രം ജയിലർ
- ഇതെന്തു രോമാഞ്ചം !! തീയേറ്റർ ഹിറ്റിന് ഒടിടിയിൽ തണുത്ത പ്രതികരണം (Movie Review)
- വിടുതലൈ – സ്വതന്ത്ര ചിന്തകൾക്ക് ഒരു ഉണർത്ത് പാട്ട് (Movie Review)
- തനിയെ പൊഴിയുന്ന ദളങ്ങൾ (Short Film Review)
- മികച്ച പ്രതികരണവുമായി മാളികപ്പുറം; മലയാള സിനിമയിൽ മറ്റൊരു താരോദയം (Movie Review)
- പക്കാ മാസ് ചിത്രമായി ബോക്സ് ഓഫീസിൽ കടുവയുടെ വിളയാട്ടം (Movie Review)