കഷ്ടത അനുഭവിക്കുന്നവർക്ക് കൈത്താങ്ങായി മലയാളി സംഘടന മാതൃകയാകുന്നു. (Watch Video)

മുളുണ്ട് നായർ വെൽഫെയർ സൊസൈറ്റി ആണ് ജീവകാരുണ്യ പ്രവർത്തനത്തിൽ സമൂഹത്തിനു പുത്തൻ മാതൃക കാണിച്ചിരിക്കുന്നത്.

0

രാജ്യത്തെ സാമ്പത്തിക തലസ്ഥാനമെന്ന അലങ്കാരവുമായി മുംബൈ തലയുയർത്തി നിൽക്കുമ്പോഴും ഒരു വിളിപ്പാടകലെ മഹാരാഷ്ട്രയുടെ ഉൾഗ്രാമങ്ങൾക്ക് കഷ്ടത അനുഭവിക്കുന്ന പട്ടിണി പാവങ്ങളുടെ ദുരിത കഥകളാണ് പറയാനുള്ളത് . പ്രാഥമിക വിദ്യാഭ്യാസം പോലും നൽകാൻ കഴിയാതെ ഇളം പ്രായത്തിൽ തന്നെ വിവാഹം നടത്തി പ്രാരാബ്ദങ്ങൾ ഒഴിവാക്കാൻ വിധിക്കപ്പെട്ട ദുരിത ജീവിതങ്ങളുടെ നിറം പിടിപ്പിക്കാത്ത കഥകൾക്ക് മാത്രം പഞ്ഞമില്ലാത്ത ഗ്രാമങ്ങൾ.

അക്ഷരങ്ങൾ അച്ചടിച്ച് കൂട്ടിയ പുസ്തക താളുകളിൽ നിന്നും നീ പഠിച്ച ഇന്ത്യയല്ല അനുഭവങ്ങളുടെ ഇന്ത്യ ” –  ഷാജി കൈലാസ് ചിത്രത്തിലെ മമ്മൂട്ടിയുടെ ഈ ഡയലോഗിനെ അന്വർത്ഥമാക്കുന്ന അനുഭവങ്ങളാണ്   ഉൾനാടൻ ഗ്രാമങ്ങളിലെ ജീവിതങ്ങളിലേക്ക് ഇറങ്ങി ചെല്ലുമ്പോൾ കാണാൻ കഴിയുക .

രാജ്യത്ത് ബാലവിവാഹങ്ങൾ റിപ്പോർട്ട് ചെയ്യുന്ന സംസ്ഥാനങ്ങളിൽ സാക്ഷരതയിൽ മുൻപന്തിയിൽ നിൽക്കുന്ന മഹാരാഷ്ട്രയും ഉൾപ്പെടുന്നു എന്നത് വിരോധാഭാസമായി തോന്നാം

പഠിച്ചും കളിച്ചും നടക്കേണ്ട കുരുന്നു പ്രായത്തിൽ ഭാര്യയും അമ്മയും ആയി ജീവിതത്തിന്റെ നെരിപ്പോടിൽ ഇരുണ്ട ഭാവിയിലേക്ക് നിസ്സഹായരായി നോക്കി നിൽക്കുന്ന ആദിവാസി പെൺകുട്ടികളുടെ അനുഭവങ്ങൾ കരളലിയിക്കുന്നതാണ്. രാജ്യത്ത് ബാലവിവാഹങ്ങൾ റിപ്പോർട്ട് ചെയ്യുന്ന സംസ്ഥാനങ്ങളിൽ സാക്ഷരതയിൽ മുൻപന്തിയിൽ നിൽക്കുന്ന മഹാരാഷ്ട്രയും ഉൾപ്പെടുന്നു എന്നത് വിരോധാഭാസമായി തോന്നാം .

നിർധനരായ കുടുംബത്തിലെ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ നിർബന്ധപൂർവം വിവാഹം ചെയ്തയച്ച് ഉത്തരവാദിത്വം ഒഴിവാക്കുന്ന രക്ഷിതാക്കൾ ഇവിടെ പതിവ് കാഴ്ചകളാണ് . തങ്ങളുടെ മകൾക്ക് പിന്നീടെന്തു സംഭവിച്ചു എന്നോ അവളുടെ ജീവിതം എങ്ങനെയെന്നോ ഇവരാരും അന്വേഷിക്കാറില്ല. വിധിയുടെ ക്രൂരതയെ ജന്മപാപമായി നെഞ്ചിലേറ്റി ഈ പിഞ്ചു കുട്ടികൾ അവരുടെ ജീവിതം ഹോമിക്കുന്നു. പഠിച്ചു നടക്കേണ്ട പ്രായത്തിൽ കിടപ്പറ ഒരുക്കേണ്ടി വരുന്ന ദുര്യോഗം ഇത്തരം ഗ്രാമങ്ങളിലെ പെൺകുട്ടികളുടെ തീരാ ശാപമായി ഇപ്പോഴും അവശേഷിക്കുന്നു.

സർക്കാർ പോലും കാര്യമായി ശ്രദ്ധ ചെലുത്താത്ത ഇവരുടെ കരിപുരണ്ട ജീവിതത്തിലേക്ക് വെളിച്ചത്തിന്റെ, പ്രതീക്ഷയുടെ ഒരു കൈത്തിരിയുമായി കടന്നു വന്നിരിക്കുകയാണ് അഡ്വക്കേറ്റ് വർഷാ ദേശ്-പാണ്ഡെ ഗ്രാമങ്ങൾക്ക് . കഷ്ടത അനുഭവിക്കുന്ന പെൺകുട്ടികൾക്ക് വിദ്യാഭ്യാസത്തിനും തൊഴിലുറപ്പിനുമായി നിസ്വാർത്ഥമായ സേവനമാണ് വർഷ നടത്തി വരുന്നത്.  വർഷയുടെ ലേക് ലഡ്കി അഭിയാൻ എന്ന സംഘടനയുമായി ചേർന്നാണ് മുളുണ്ട് നായർ വെൽഫെയർ സൊസൈറ്റി ഈ ഗ്രാമത്തിന്റെ പുനരുദ്ധാരണത്തിനായി പദ്ധതി ഇട്ടിരിക്കുന്നത്.

നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും, സാംസ്കാരിക പ്രവർത്തനങ്ങൾക്കും ശ്രദ്ധ നേടിയ മുളുണ്ട് നായർ വെൽഫയർ സൊസൈറ്റി മഹാരാഷ്ട്രയുടെ ഉൾഗ്രാമങ്ങളിൽ വസിക്കുന്ന നിർദ്ധനരായ പെൺകുട്ടികൾക്ക് സൈക്കിളുകൾ നൽകി സഹായിച്ചിരുന്നു.

എന്നാൽ ഈ ഗ്രാമങ്ങളിലെ അവസ്ഥ നേരിട്ട് ബോധ്യപ്പെട്ട സംഘടനാ ഭാരവാഹികയായ പ്രകാശ് പടിക്കൽ, ബാലചന്ദ്ര മേനോൻ എന്നിവരുടെ നേതൃത്വത്തിലാണ് ‘ബേട്ടി ബഛാവോ, ബേട്ടി പഠാവോ’ എന്ന പദ്ധതിക്ക് രൂപം കൊടുത്തിരിക്കുന്നത്. ജീവിക്കുന്ന ചുറ്റുപാടുകളോടുള്ള പ്രതിബദ്ധതയാണ് ഇത്തരമൊരു പദ്ധതി ആവിഷ്കരിക്കാൻ പ്രേരിപ്പിച്ച ഘടകമെന്ന് പ്രമുഖ സാമൂഹിക പ്രവർത്തകനായ പ്രകാശ് പടിക്കൽ പറഞ്ഞു.ബീഡ് ഗ്രാമത്തിലെ ആദിവാസി സമൂഹത്തിന്റെ ദുരിതം നിറഞ്ഞ ജീവിതത്തെ കുറിച്ച് വിവരിക്കുമ്പോൾ സാമൂഹിക പ്രവർത്തകനായ പ്രകാശ് പടിക്കൽ വികാരാധീനനായി.

നിർദ്ദനരായ നിരവധി യുവതികൾക്ക് മംഗല്യ ഭാഗ്യമൊരുക്കിയ സമൂഹ വിവാഹം തുടങ്ങിയ സാമൂഹിക പ്രതിബദ്ധതയുള്ള കർമ്മ പരിപാടികൾ സംഘടിപ്പിച്ചിട്ടുള്ള സംഘടനയുടെ മുൻകാല പ്രവർത്തനങ്ങളെ കുറിച്ച് ബാലചന്ദ്ര മേനോൻ വിശദീകരിച്ചു.

സർക്കാർ പോലും മടിച്ചു നിൽക്കുന്നിടത്താണ് ഒരു സംഘടന മുന്നോട്ട് വന്നു നിർദ്ദനരുടെ ദുരിതം നിറഞ്ഞ ജീവിതത്തിന് ആശ്വാസം പകരുന്നതെന്ന് സാത്താര കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ‘ലെക് ലഡ്കി അഭിയാൻ’ സെക്രട്ടറി വർഷാ ദേശ് പാണ്ഡെ പറഞ്ഞു. സ്ത്രീകളെയല്ല – അസമത്വമാണ് ഒഴിവാക്കേണ്ടതെന്നും, പെൺകുട്ടികളെയല്ല – സ്ത്രീധനമാണ് ഉന്മൂലനം ചെയ്യേണ്ടതെന്നുമുള്ള വർഷയുടെ മുറവിളിയാണ് മഹാരാഷ്ട്രയിലെ വികസനം തൊട്ടു തീണ്ടാത്ത ഗ്രാമങ്ങൾക്ക് പുത്തൻ പ്രതീക്ഷ നൽകുന്നത്.


SHORT FILM BY KAILAS JHADAV BASED ON A REAL STORY

മഹാരാഷ്ട്രയിലെ ഉൾഗ്രാമങ്ങളിലെ ആദിവാസി സ്ത്രീകളെയും കുട്ടികളെയും സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൈപിടിച്ചുയർത്താൻ നായർ വെൽഫെയർ സൊസൈറ്റി മുന്നോട്ടു വച്ച പദ്ധതി ശ്ലാഘനീയമാണെന്ന് മലയാള സിനിമയിലെ പ്രമുഖ സംവിധായകൻ ടി ഹരിഹരൻ പറഞ്ഞു. സ്ത്രീ ശാക്തീകരണത്തിലൂടെയാണ് നാടിൻറെ വികസനം പ്രാപ്യമാക്കേണ്ടതെന്നും ഹരിഹരൻ കൂട്ടിച്ചേർത്തു.

മഹാരാഷ്ട്രയിലെ ആദിവാസികളുടെ പുനരുദ്ധാരണത്തിനായി തുടങ്ങി വച്ച പദ്ധതിയെ പിന്തുണച്ചു കൊണ്ട് എൽ ഐ സി മാനേജിങ് ഡയറക്ടർ ബി വേണുഗോപാലും സഹായങ്ങൾ വാഗ്ദാനം ചെയ്തു. സാമൂഹിക പ്രതിബദ്ധതയോടെ പ്രവർത്തിക്കുന്ന സംഘടനയുടെ പ്രവർത്തന മികവിനെ ബി വേണുഗോപാൽ അഭിനന്ദിച്ചു.

നിരവധി സംഘടനാ പരിപാടികളിൽ സംബന്ധിച്ചിട്ടുണ്ടെങ്കിലും ജനനന്മ ലക്‌ഷ്യം വച്ച് സംഘടിപ്പിച്ച ഇത്തരം ചടങ്ങിൽ സംബന്ധിക്കാൻ കഴിഞ്ഞതിൽ അഭിമാനമുണ്ടെന്ന് വിശിഷ്ടാത്ഥി പ്രശസ്ത സംവിധായകൻ കെ മധു പറഞ്ഞു.

ബാലവിവാഹം ഇപ്പോഴും നിലവിലുണ്ടെന്നത് അവിശ്വസനീയമാണെന്നും മനുഷ്യൻ മനുഷ്യനെ സ്നേഹിക്കുന്ന സമൂഹം കെട്ടിപ്പടുക്കാൻ നമുക്ക് കഴിയണമെന്നും ചലച്ചിത്ര താരം മനോജ് കെ ജയൻ പറഞ്ഞു.

ആദിവാസി സ്‌കൂളുകളെ സഹായിക്കാനുള്ള പദ്ധതിയുടെ ഭാഗമായി മുളുണ്ട് നായർ വെൽഫെയർ സൊസൈറ്റി സംഘടിപ്പിച്ച ചടങ്ങിൽ  കെ വിജയകുമാർ, കുമാരൻ നായർ, പെരുമറ്റം രാധാകൃഷ്ണൻ തുടങ്ങിയവർ പ്രസംഗിച്ചു. തുടർന്ന് തൈക്കുടം ബ്രിഡ്ജ് അവതരിപ്പിച്ച സംഗീത പരിപാടിയും അരങ്ങേറി.

Watch Special Report in AMCHI MUMBAI

on Sunday @ 7.30 am in KAIRALI TV



അവഗണന മടുത്തെന്നും പരിഗണനയാണ് പ്രതീക്ഷയെന്നും ലക്ഷ്മി നാരായണൻ ത്രിപാഠി.
മഴപ്പന്തയം; കൈ മറിയുന്നത് കോടികൾ
ലിംഗാധികാരത്തിന്റെ സമകാലിക മേഖല; പ്രൊഫ. പി ഗീത നയിക്കുന്ന സംവാദം
മാതൃഭാഷയെ നെഞ്ചിലേറ്റി മുംബൈ മലയാളികൾ

ആംചി മുംബൈ 500 എപ്പിസോഡിലേക്ക്
ആംചി മുംബൈ സ്ത്രീശാക്തീകരണ പദ്ധതി അംബർനാഥിലും (Watch Video)

LEAVE A REPLY

Please enter your comment!
Please enter your name here