ഭീഷ്മപർവ്വത്തിനും സിബിഐ 5നും ശേഷമെത്തുന്ന മമ്മൂട്ടി ചിത്രം കഥാപാത്രത്തിന്റെ നിഗൂഢതയും ഭീതിയും അരക്ഷിതത്വത്തിനുമൊപ്പം സഞ്ചരിക്കുന്നത് ഒരു സൂപ്പർ താരത്തിന്റെ പരിവേഷങ്ങളെല്ലാം അഴിച്ചു വച്ചാണ്. ക്ലൈമാക്സിലെ അപ്രതീക്ഷിതമായ ട്വിസ്റ്റുകൾ ഒരു മമ്മൂട്ടി ചിത്രത്തിൽ കാണികൾ പ്രതീക്ഷിക്കാത്തത് തന്നെയാകും. സൂക്ഷ്മമായ ഒരു ക്യാരക്റ്റർ സ്കെച്ച് അവിസ്മരണീയമാക്കിയാണ് മമ്മൂട്ടി ഒരു നടൻ എന്ന നിലയിൽ കൈയ്യടി നേടുന്നത്.
ഗോവയിൽ ബറോസ് എന്ന ചിത്രത്തിന്റെ തിരക്കിനിടയിലും പുഴു കാണുവാൻ സമയം കണ്ടെത്തിയ മോഹൻലാലിൻറെ പ്രതികരണം ചിത്രത്തിൽ മമ്മൂട്ടിയെ കാണാനായില്ലെന്നാണ്.
വ്യത്യസ്തമായ കഥാപാത്രങ്ങളാണ് മമ്മൂട്ടിയുടെ സമീപകാല ചിത്രങ്ങളിലൂടെ കാണാനായത്. മഹാമാരിക്കാലത്ത് പുറത്തിറങ്ങിയ വൺ, പ്രീസ്റ്റ് എന്നി ചിത്രങ്ങൾ കൂടാതെ ഈ വർഷത്തെ ഭീഷ്മപർവ്വത്തിനും സിബിഐ 5നും ശേഷമെത്തുന്ന മമ്മൂട്ടി ചിത്രം പല സവിശേഷതകൾ കൊണ്ടാണ് ശ്രദ്ധിക്കപ്പെടുന്നത്. ഒരു സംവിധായികയ്‍ക്കൊപ്പം മമ്മൂട്ടി ആദ്യമായി അഭിനയിക്കുന്ന ചിത്രത്തിൽ പാർവ്വതി തിരുവോത്തും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു എന്നതാണ് പ്രത്യേകത. മമ്മൂട്ടിയുടെ ആദ്യ ഒടിടി റിലീസ് കൂടിയാണ് പുഴു.
കഥാപാത്രങ്ങളെ തിരഞ്ഞെടുക്കുന്നതിൽ മമ്മൂട്ടി പുലർത്തുന്ന മികവാണ് ഈ ചിത്രങ്ങളെല്ലാം കോറിയിടുന്നത് .
സ്കൂൾ വിദ്യാർഥിയായ മകനുമൊത്ത് നഗരത്തിലെ ഒരു ഫ്ലാറ്റിലാണ് ഒരു റിട്ടയേർഡ് പൊലീസ് ഉദ്യോഗസ്ഥനായ മമ്മൂട്ടിയുടെ കഥാപാത്രം താമസിക്കുന്നത്. ഒരു നടൻ എന്ന നിലയിൽ വലിയ വെല്ലുവിളിയുള്ള കഥാപാത്രത്തെയാണ് ഏറെക്കാലത്തിനു ശേഷം മമ്മൂട്ടി അവതരിപ്പിക്കുന്നത്.
ആദ്യ പകുതിയിൽ ഇഴച്ചിൽ അനുഭവപ്പെടുമെങ്കിലും രണ്ടാം പകുതിയിൽ ആഖ്യാനത്തിലെ തീവ്രത കണികളിലേക്ക് പകർന്നാടുമ്പോൾ മമ്മൂട്ടിയുടെ കഥാപാത്രം വെറുപ്പ് ഏറ്റു വാങ്ങുന്നതായി അനുഭവപ്പെടും.
മമ്മൂട്ടിയുടെ സഹോദരിയാണ് പാർവ്വതി തിരുവോത്ത് അഭിനയിക്കുന്നത്. ഇഷ്ടപ്പെട്ട പങ്കാളിയുമൊത്ത് ജീവിക്കാൻ വീട്ടുകാരുടെ എതിർപ്പ് വകവെക്കാതെയാണ് രണ്ടാം വിവാഹത്തിന് മുതിരുന്നത്. തുടർന്ന് വീട്ടുകാരുമായുള്ള ബന്ധങ്ങളിൽ വിള്ളൽ വീഴുന്നതിന്റെ ഏകാന്തതയും പേറിയാണ് ജീവിക്കുന്നത്. പുതിയ കാലഘട്ടത്തിലും മനുഷ്യമനസ്സുകളിൽ മാറാതെ നിൽക്കുന്ന ജാതി ചിന്തകളിലേക്കാണ് ചിത്രം വിരൽ ചൂണ്ടുന്നത്.
ആദ്യചിത്രത്തിൽ തന്നെ ചെറുപ്പം മുതൽ താൻ ആരാധിച്ചു വരുന്ന താരത്തെ നായകനാക്കാൻ കഴിഞ്ഞതാണ് ഒരു സംവിധായിക എന്ന റോളിൽ റത്തീനയുടെ ആദ്യ വിജയം. ഇത്തരമൊരു വേഷത്തിനായി മമ്മൂട്ടിയെ തിരഞ്ഞെടുത്തതിനോട് ചില മമ്മൂട്ടി ഫാൻസ് വിയോജിപ്പും പ്രകടിപ്പിച്ചിട്ടുണ്ട്. മമ്മൂട്ടി അവതരിപ്പിക്കുന്ന കേന്ദ്ര കഥാപാത്രത്തിന്റെ മാനസിക പിരിമുറുക്കങ്ങളും മാനറിസങ്ങളുമാണ് പ്രധാനമായിചിത്രം ഫോക്കസ് ചെയ്തിരിക്കുന്നത്.
മമ്മൂട്ടിയുടെ മികച്ച ചില കഥാപാത്രങ്ങളുടെ പട്ടികയിൽ ചേർക്കാവുന്ന അഭിനയമുഹൂര്തങ്ങൾ ചിത്രം സമ്മാനിക്കുന്നുണ്ട്.
ബി ആർ കുട്ടപ്പനായി വേഷമിട്ട അപ്പുണ്ണി ശശിയുടെ അഭിനയവും ഏറെ പ്രശംസിക്കപ്പെട്ടു.
തേനി ഈശ്വർ ആണ് ഛായാഗ്രഹണം. മമ്മൂട്ടിയുടെ പ്രതിനായക സ്വഭാവമുള്ള വേറിട്ട കഥാപാത്രം എന്ന നിലയിൽ ഒടിടി റിലീസിലും ചിത്രം വലിയ പ്രതീക്ഷ നൽകിയിരുന്നു.
- സിനിമാസ്വാദകരെ വീണ്ടും ഞെട്ടിച്ച് മമ്മൂട്ടി കമ്പനി (Movie Review)
- മുംബൈയിലും തരംഗമായി രജനികാന്ത് ചിത്രം ജയിലർ
- ഇതെന്തു രോമാഞ്ചം !! തീയേറ്റർ ഹിറ്റിന് ഒടിടിയിൽ തണുത്ത പ്രതികരണം (Movie Review)
- വിടുതലൈ – സ്വതന്ത്ര ചിന്തകൾക്ക് ഒരു ഉണർത്ത് പാട്ട് (Movie Review)
- തനിയെ പൊഴിയുന്ന ദളങ്ങൾ (Short Film Review)