മുംബൈയുടെ സ്നേഹാദരവ് ഏറ്റു വാങ്ങി നോവലിസ്റ്റ് ബാലകൃഷ്ണൻ

0

നോവലിസ്റ്റ് ബാലകൃഷ്ണന്റെ എഴുത്തിന്റെ അര നൂറ്റാണ്ട് ആഘോഷമാക്കി മുംബൈ നഗരം.

നവി മുംബൈ വാഷി കേരളാ ഹൌസിൽ യുവധാര സംഘടിപ്പിച്ച ചടങ്ങിൽ ചലച്ചിത്ര നടൻ മധുപാൽ മുഖ്യാതിഥിയായിരുന്നു. വിവർത്തക ലീല സർക്കാർ, നിരൂപകൻ സജി എബ്രഹാം, മാധ്യമ പ്രവർത്തകൻ എൻ ശ്രീജിത്ത്, എഴുത്തുകാരനായ സി പി കൃഷ്ണകുമാർ, പ്രകാശ് കാട്ടാക്കട എന്നിവർ വേദി പങ്കിട്ടു. മനോജ് മാളവിക ചടങ്ങുകൾ നിയന്ത്രിച്ചു.

മുംബൈയിലെ മലയാളം മിഷൻ കൺവീനർ കൂടിയായ നോവലിസ്റ്റ് ബാലകൃഷ്ണന്റെ ആദ്യ നോവലായ നഗരത്തിന്റെ മുഖം അമ്പത് വർഷം പൂർത്തിയാകുന്നത് മുൻ നിർത്തിയായിരുന്നു ചടങ്ങ് സംഘടിപ്പിച്ചത്.

അഞ്ചു പതിറ്റാണ്ട് മുൻപ് എഴുതിയ നഗരത്തിന്റെ മുഖം ഇന്നും പ്രസക്തമാണെന്നും കാലത്തെ അതിജീവിച്ച കൃതിയായി ഇന്നും ചർച്ച ചെയ്യപ്പെടാമെന്നും മധുപാൽ പറഞ്ഞു.

ബാലകൃഷ്ണൻ എന്ന എഴുത്തുകാരനെ രണ്ടു പതിറ്റാണ്ടായി അറിയാമെന്നും അദ്ദേഹത്തിന്റെ കഥ പറയുന്ന രീതിയാണ് തന്നെ ഏറെ ആകർഷിച്ചിട്ടുള്ളതെന്നും മധുപാൽ കൂട്ടിച്ചേർത്തു

സാധാരണ രീതിയിൽ പ്രവാസി എഴുത്തുകാർ നാടിനെ കുറിച്ചും നാടിന്റെ നൊസ്റാൾജിയയെ കുറിച്ചുമാണ് എഴുതി കണ്ടിട്ടുള്ളത്. എന്നാൽ ബാലകൃഷ്ണൻ അവലംബിച്ച രീതി വ്യത്യസ്തമായിരുന്നുവെന്നും മധുപാൽ പറഞ്ഞു.

ബോംബെ നഗരത്തിന്റെ കഥ ആദ്യമായി പറയുന്നത് ആനന്ദിന്റെ ആൾക്കൂട്ടത്തിലാണ്. അതിന് മുൻപായി രാജൻ ചിന്നങ്ങത്തും കഥകളിലും നോവലുകളുമായി മുംബൈ നഗരത്തെ പരാമർശിച്ചിട്ടുണ്ട്. ഈ എഴുത്തുകാരെല്ലാം പ്രവാസ ജീവിതം കോറിയിടുന്ന ഭാഷ വ്യത്യസ്തമായിരുന്നുവെന്നും മധുപാൽ പറയുന്നു.

സാഹിത്യവും സിനിമയും തമ്മിൽ വലിയ ബന്ധമുണ്ടായിരുന്നൊരു കാലമുണ്ടായിരുന്നു. എന്നാൽ പാൻ ഇന്ത്യൻ സംസ്കാരം സിനിമയുടെ ആഖ്യായന രീതിയിൽ വരുത്തിയ മാറ്റം കഥകളെയും നോവലുകളെയും സിനിമയിൽ നിന്ന് അകറ്റിയെന്നും മധുപാൽ സൂചിപ്പിച്ചു.

മുംബൈയുടെ ആത്മാവിനെ ഗാഢമായി പ്രതിഫലിപ്പിക്കുന്ന സാഹിത്യ സൃഷ്ടികളാണ് ബാലകൃഷ്ണന്റെ മിക്കവാറും രചനകളെന്നാണ് നിരൂപകൻ സജി എബ്രഹാം ചൂണ്ടിക്കാട്ടിയത്. ഒരു പക്ഷെ മലയാള സാഹിത്യത്തിൽ തന്നെ ആദ്യമായി ബോംബെ കടന്നു വരുന്നത് എസ് കെ പൊറ്റെക്കാടിന്റെ മൂടുപടത്തിലൂടെയാണ്.എന്നാൽ ബോംബെ നഗരത്തെ സമഗ്രമായി പ്രതിഫലിക്കപ്പെടുന്നത് നഗരത്തിന്റെ മുഖം എന്ന പ്രശസ്തമായ നോവലിലൂടെയാണെന്നും സജി വ്യക്തമാക്കി.

ആദ്യ കാല അഭിമുഖത്തിൽ നോവലിസ്റ്റ് ബാലകൃഷ്ണൻ പറഞ്ഞ കാര്യങ്ങൾ ഓർത്തെടുത്താണ് മാധ്യമ പ്രവർത്തകൻ എൻ ശ്രീജിത്ത് സംസാരിച്ചത്. മുംബൈ സാഹിത്യം എന്ത് കൊണ്ട് ശ്രദ്ധിക്കപ്പെടുന്നില്ല എന്ന ചോദ്യത്തിന് നോവലിസ്റ്റ് ബാലകൃഷ്ണൻ അന്ന് നൽകിയ മറുപടിയാണ് ശ്രീജിത്ത് പരാമർശിച്ചത്
ഡൽഹിയിൽ സാഹിത്യത്തിൻറെ ഗംഗയൊഴുകുമ്പോൾ മുംബൈയിൽ സാഹിത്യത്തിന്റെ ഗട്ടറാണ് ഒഴുകുന്നതെന്നായിരുന്നു മറുപടിയെന്നും ശ്രീജിത്ത് പറഞ്ഞു.

കേന്ദ്ര കേരള സാഹിത്യ അക്കാദമി അവാർഡുകൾ നേടിയിട്ടുള്ള ലീലാ സർക്കാറിന്റെ നൂറിലധികം വിവർത്തന കൃതികൾ എത്തിയിട്ടുണ്ടെന്നും നഗരം വിസ്മരിച്ച വിവർത്തകയുടെ ചടങ്ങിലെ സാന്നിധ്യം വിലമതിക്കുന്നതാണെന്നും ശ്രീജിത്ത് പറഞ്ഞു.

അഞ്ചു പതിറ്റാണ്ട് മുൻപെഴുതിയ നഗരത്തിന്റെ മുഖം പ്രതിപാദിക്കുന്നത് തൊഴിൽ തേടിയെത്തി ജീവിതം കരുപ്പിടിപ്പിക്കുന്ന ശ്രീധരൻ എന്ന ചെറുപ്പക്കാരനെ കുറിച്ചാണെന്ന് എഴുത്തുകാരൻ സി പി കൃഷ്ണകുമാർ പറഞ്ഞു. അക്കാലഘട്ടത്തിലെ പ്രവാസ ജീവിതത്തിന്റെ യഥാർഥ ചിത്രമായിരുന്നു നോവൽ കോറിയിട്ടതെന്നും സി പി പറഞ്ഞു. ജനയുഗത്തിൽ ഏറെ ജനപ്രീതി നേടിയിരുന്ന നോവലായിരുന്നു അതെന്നും കൃഷ്ണകുമാർ കൂട്ടിച്ചേർത്തു.

നഗരത്തിന്റെ മുഖം എന്ന നോവൽ അമ്പതാം വാർഷികം ആഘോഷിക്കുമ്പോൾ ഈ കൃതി വായിക്കാത്തവരെ കൂടി വായിപ്പിക്കണം എണ്ണം ഉദ്ദേശത്തോടെയാണ് വിപുലമായ ഈ പരിപാടി സംഘടിപ്പിച്ചതെന്ന് യുവധാര കൺവീനർ പ്രകാശ് കാട്ടാക്കട പറഞ്ഞു. മുംബൈയിലെ സാംസ്‌കാരിക രംഗത്ത് കണ്ട് വരുന്ന മത്സരങ്ങൾ ഒഴിവാക്കി ക്രിയാത്മകമായ പ്രവർത്തനങ്ങൾ നടത്താൻ നഗരത്തിലെ സംഘടനകൾ തയ്യാറാകണമെന്നും കാട്ടാക്കട ഓർമിപ്പിച്ചു.

തന്നെ എഴുത്തുകാരനാക്കിയത് മുംബൈ എന്ന നഗരമാണെന്നും ഇന്നിവിടെ നഗരം നൽകുന്ന ഈ സ്നേഹാദരവിന് നന്ദി ആരോട് പറയുമെന്ന വികാരനിർഭരമായ അവസ്ഥയിലൂടെയാണ് കടന്നു പോകുന്നതെന്ന് പറഞ്ഞാണ് നോവലിസ്റ്റ് ബാലകൃഷ്ണൻ തന്റെ മറുപടി പ്രസംഗം തുടങ്ങിയത്. മുംബൈ നഗരത്തിന് മാനുഷികമായ എല്ലാ വികാരങ്ങളും ഉണ്ടെന്നും അത് കൊണ്ടാണ് എഴുതുമ്പോഴെല്ലാം ഈ നഗരം പശ്ചാത്തലമാകുന്നതെന്നും തന്റെ ആറ് പതിറ്റാണ്ട് കാലത്തെ നഗരവുമായുള്ള ആത്മബന്ധം പരാമർശിച്ചു കൊണ്ട് മുതിർന്ന എഴുത്തുകാരൻ പറഞ്ഞു.

മുതിർന്ന സിപിഐഎം നേതാവ് പി ആർ കൃഷ്ണൻ, ലോക കേരള സഭാംഗങ്ങളായ ടി എൻ ഹരിഹരൻ, (കേരളീയ കേന്ദ്ര സംഘടന പ്രസിഡന്റ്) എം കെ നവാസ് (വേൾഡ് മലയാളി കൗൺസിൽ മുംബൈ പ്രൊവിൻസ് ജനറൽ സെക്രട്ടറി) V.A. കാദർഹാജി (ജമാഅത് ജനറൽ സെക്രട്ടറി), India Law മാനേജിങ് ഡയറക്ടർ കെ പി ശ്രീജിത്ത്, കെയർ ഫോർ മുംബൈ ജനറൽ സെക്രട്ടറി പ്രിയ വർഗീസ്, എയ്‌മ മഹാരാഷ്ട്ര ഘടകം സെക്രട്ടറി കെ ടി നായർ, ന്യൂ ബോംബെ കേരളീയ സമാജം പ്രസിഡന്റ് രുഗ്മിണി സാഗർ തുടങ്ങി നിരവധി പ്രമുഖർ പങ്കെടുത്തു. അനിൽ പ്രകാശ് നന്ദി പ്രകാശിപ്പിച്ചു

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും മുംബൈ വാർത്തകളും വിശേഷങ്ങളും അറിയാനായി ഞങ്ങളുടെ ന്യൂസ് പോർട്ടലും ▶️ യൂടൂബ് ചാനലും സബ്‌സ്‌ക്രൈബ് ചെയ്യുക  www.youtube.com/amchimumbaiOnline

LEAVE A REPLY

Please enter your comment!
Please enter your name here