മുംബൈ ടാലെന്റ്സ് ഗ്രാൻഡ് ഫിനാലെ; താരാട്ട് പാട്ടുമായി അശ്വതി പ്രേമൻ

0

എഴുപതുകളുടെ അവസാനത്തിൽ പുറത്തിറങ്ങിയ ചിത്രത്തിലെ ഇമ്പമുള്ള താരാട്ട് പാട്ടുമായാണ് അശ്വതി പ്രേമൻ മുംബൈ ടാലെന്റ്സ് ഗ്രാൻഡ് ഫിനാലെ വേദിയിലെത്തുന്നത്. ശ്രീകുമാരൻ തമ്പിയുടെ രചനയിൽ സലീല്‍ ചൗധരിയുടെ ഈണവുമായി മലയാളി മനസ്സുകളിൽ പാടി പതിഞ്ഞ പാട്ടിനാണ് അശ്വതി ശബ്ദം നൽകുന്നത്.

മെയ് 29ന് നടക്കുന്ന സംഗീത മത്സര പരിപാടിയിലെ കുരുന്നു പ്രതിഭകൾക്ക് പ്രോത്സാഹനവുമായാണ് ഗായിക അശ്വതിയും വേദിയിലെത്തുന്നത്.

ചെറുപ്പത്തിൽ തന്നെ സംഗീതത്തിൽ താൽപര്യം കാണിച്ച അശ്വതി, സംഗീതാദ്ധ്യാപിക താരാ രമേശിന്റെ കീഴിലാണ് ശാസ്ത്രീയ സംഗീതത്തിന്റെ ബാലപാഠങ്ങൾ ഹൃദിസ്ഥമാക്കിയത്. പിൽക്കാലത്തു ഗീത വിശ്വനാഥന്റെ ശിക്ഷണത്തിൽ ലളിത സംഗീതവും അഭ്യസിച്ചു. മുംബൈയിലും കേരളത്തിലുമായി നിരവധി വേദികളിൽ ഗാനമാലപിക്കാൻ അവസരം കിട്ടിയ മുംബൈ മലയാളിയാണ് അശ്വതി .

സംഗീതോപകരണങ്ങളിലും അശ്വതി മികവ് തെളിയിച്ചിട്ടുണ്ട്. കഴിഞ്ഞ എട്ടു വർഷമായി “താരരാഗിണി മ്യൂസിക് അക്കാദമിയിൽ” പിയാനോ അഭ്യസിക്കുന്ന അശ്വതി നല്ലൊരു പിയാനോവാദക കൂടിയാണ്. ഒപ്പം ഗിറ്റാർ പഠനവും ആരംഭിച്ചിട്ടുണ്ട്.

സംഗീതത്തിന് പുറമെ എഴുത്തിലും വായനയിലും അശ്വതി ഏറെ തല്പരയാണ് . നല്ലൊരു വായനക്കാരിയായ അശ്വതി ഇതിനകം അഞ്ഞുറിനടുത്തു ഇംഗ്ലീഷ് പുസ്തകങ്ങൾ വായിച്ചുക്കഴിഞ്ഞിട്ടുണ്ട്. നോവലും ചരിത്രവും കഥകളും എല്ലാമടങ്ങുന്ന പുസ്തകങ്ങൾ സ്വന്തം ലൈബ്രറിയിൽ സൂക്ഷിച്ചു വെക്കുന്നുണ്ട്. കവിതാ രചനയിലും അശ്വതി ശ്രദ്ധേയമായ സർഗ്ഗാത്മകത പ്രകടിപ്പിക്കുന്നുണ്ട്. സോമയ്യ കോളേജിലെ രണ്ടാം വർഷ ഡിഗ്രി വിദ്യാർഥിനിയായ അശ്വതി Little Cultural ഫോറം പ്രവർത്തകയാണ്.

ഗ്രാൻഡ് ഫിനാലെ വേദിയിൽ മത്സാരാർഥികൾക്കു പ്രചോദനമായി അതിഥി ഗായകരായി മുംബൈയിൽ ജനിച്ച് വളർന്ന 5 പ്രതിഭകളാണ് വേദിയെ വിസ്മയിപ്പിക്കുക. അഭിനവ് ഹരീന്ദ്രനാഥ്‌, അക്ഷയ ഗണേഷ് അയ്യർ, ദേവിക മോഹൻ നായർ, അശ്വതി പ്രേമൻ എന്നിവരുടെ നാടൻ പാട്ടുകളും മലയാള ഗാനങ്ങളും കൂടാതെ നർത്തകിയും ഗായികയുമായ അബിന ബിജോയ് പാശ്ചാത്യ ഗാനവുമായി അരങ്ങിലെത്തും.

കൂടെവിടെ എന്ന ടെലിവിഷൻ സീരിയലിലൂടെ കുടുംബ പ്രേക്ഷകരുടെ ഇഷ്ട താരങ്ങളായി മാറിയ ശ്രീധന്യയും അനിൽ മോഹനനും ആയിരിക്കും സെലിബ്രിറ്റി ജഡ്‌ജുകൾ. ഗായികയും നർത്തകിയുമായ നീതി നായർ അവതാരകയാകും.

LEAVE A REPLY

Please enter your comment!
Please enter your name here