മുംബൈ ടാലെന്റ്സ് വേദിയിൽ നൃത്തച്ചുവടുകളുമായി ഡിംപിൾ ഗിരീഷ്

0

മുംബൈയിലെ കുരുന്നു പ്രതിഭകൾക്കായി വിഭാവനം ചെയ്ത മുംബൈ ടാലെന്റ്സ് ഗ്രാൻഡ് ഫിനാലെ വേദിയിൽ ഡിംപിൾ ഗിരീഷ് അവതരിപ്പിക്കുന്ന നൃത്തപരിപാടിയും ഉണ്ടായിരിക്കും. മെയ് 29 ഞായറാഴ്ച 4 മണിക്ക് തുടങ്ങുന്ന റിയാലിറ്റി ഷോയുടെ ചിത്രീകരണത്തിന് ശേഷം നൃത്തപരിപാടി അരങ്ങേറും.

കുട്ടിക്കാലത്ത് നൃത്തത്തോടുള്ള അഭിനിവേശമായിരുന്നു കലാമണ്ഡലം സുമതിക്കുട്ടിയുടെ ശിക്ഷണത്തിൽ നൃത്തം അഭ്യസിക്കാൻ തുടങ്ങിയത്.

സഹപാഠികളും അദ്ധ്യാപകരും പ്രോത്സാഹിപ്പിക്കാൻ തുടങ്ങിയതോടെ യുവജനോത്സവങ്ങളിൽ പങ്കെടുക്കുവാൻ താല്പര്യം കൂടി. എന്നാൽ പഠനകാലം കഴിഞ്ഞതോടെ നൃത്താഭ്യാസവും ഉപേക്ഷിക്കുകയായിരുന്നു.

പിന്നീട് വിവാഹ ശേഷം മുംബൈയിലെത്തി വര്‍ഷങ്ങള്‍ക്ക് ശേഷമാണു നൃത്തം വീണ്ടുംപഠിക്കണമെന്ന മോഹമുണ്ടായത്. കലാമണ്ഡലം കൃഷ്ണ കുമാരി ടീച്ചറായിരുന്നു ഗുരു. ഭരത നാട്യവും മോഹിനിയാട്ടവും വീണ്ടും അഭ്യസിച്ചു തുടങ്ങി. മുളുണ്ട് കാളിദാസ നാട്യ മന്ദിറിൽ വെച്ചു വീണ്ടുമൊരു അരങ്ങേറ്റം.

പിന്നീടാണ് നൃത്തത്തെ കൂടുതല്‍ ഗൌരവത്തോടെ സമീപിക്കാൻ തുടങ്ങിയത്. ഇത്ര നാള്‍ പഠിച്ചതൊന്നും പഠനമല്ലെന്നുള്ള തിരിച്ചറിവ് ഉണ്ടായത് മോഹിനിയാട്ടത്തെ കുറിച്ച് കൂടുതല്‍ അറിഞ്ഞപ്പോഴാണ്. പ്രഗല്‍ഭരായ നര്‍ത്തകരുടെ ചുവടുകള്‍ പ്രചോദനമേകി. തുടർന്ന് ദൈവികമായ കലയെ ഉള്‍ക്കൊള്ളാന്‍ സ്വയം പാകപ്പെടുത്തി. നാട്യശാസ്ത്രം വായിച്ചത് നൂതനാനുഭവമായി.

കേരളത്തിലും മുംബൈയിലുമായി നിരവധി വേദികൾ കൂടാതെ പനച്ചിക്കാട് ദക്ഷിണ മൂകാംബിക ക്ഷേത്രത്തിൽ തുടർച്ചയായി എല്ലാ വർഷവും നൃത്തം അവതരിപ്പിക്കുന്നു. താരാവർമ്മയുടെ സ്റ്റേജ് ഇന്ത്യയുമായി ചേർന്ന് വിവിധ വേദികളിൽ നിരവധി വേഷങ്ങൾ. ഇതിനിടയിൽ നാടകവും കൂടിയായപ്പോൾ സ്വയം നവീകരിക്കാൻ ലഭിച്ച അവസരങ്ങളിൽ ആത്മ വിശ്വാസവും വർദ്ധിച്ചു .

കഴിഞ്ഞ ആറ് വർഷമായി ഉദ്യോഗമണ്ഡൽ വിക്രമൻ പിള്ളയുടെ ശിഷ്യയാണ് ഡിംപിൾ ഗിരീഷ്

LEAVE A REPLY

Please enter your comment!
Please enter your name here