അർപ്പണബോധം കൊണ്ടും കഠിനാധ്വാനം കൊണ്ടും ജീവിത വിജയം നേടിയ മലയാളികൾ എന്നും യുവതലമുറക്ക് മാതൃകയാണ്. ജീവിത വിജയത്തോടൊപ്പം കൂടെ കൊണ്ട് നടക്കുന്ന സാമൂഹിക പ്രതിബദ്ധതയാണ് ഇവരുടെയെല്ലാം നേട്ടങ്ങൾക്ക് ഇരട്ടിമധുരം നൽകുന്നത്. ഇവരിൽ നിന്ന് തിരഞ്ഞെടുത്ത 5 പ്രമുഖ വ്യക്തികളെയാണ് കഴിഞ്ഞ ദിവസം ആംചി മുംബൈ ആദരിച്ചത്.
പ്രവർത്തന മേഖലകളിലും സാമൂഹിക പ്രതിബദ്ധത കൈവിടാതെ മുന്നോട്ട് പോകുമ്പോൾ ഇവരെല്ലാം സമൂഹത്തിന് നൽകുന്നത് നന്മയുടെ സന്ദേശമാണ്.
.
സിനിമാ ടെലിവിഷൻ രംഗത്തെ പ്രശസ്തരായ അനിൽ മോഹൻ, ശ്രീധന്യ എന്നീ താരങ്ങളാണ് പുരസ്‌കാരം കൈമാറിയത്

ഡോക്ടർ പ്രകാശ് ദിവാകരൻ
പൂനെ ആസ്ഥാനമായുള്ള വിദ്യാ തിലക് കോളേജ് സ്ഥാപകൻ ഡോ. പ്രകാശ് ദിവാകരൻ സ്വപ്നങ്ങളെ പിന്തുടർന്ന് തന്റെ ലക്ഷ്യം കൈവരിക്കുന്നതിൽ വിജയം കൈ വരിച്ച മാനേജമെന്റ് ഗുരുവാണ് .
തുടക്കം ചെറിയൊരു വർക്ക് ഷോപ്പിൽ നിന്ന്. പിന്നീട് ഒരു മൾട്ടിനാഷണൽ കമ്പനിയിലെ ജോലി. കഠിനാധ്വാനികളെ കൈവിടാത്ത നഗരത്തിൽ വിജയം കൊയ്തെടുക്കാൻ പ്രകാശന് കാലതാമസം വേണ്ടി വന്നില്ല.
മള്‍ട്ടിനാഷണല്‍ കമ്പനിയില്‍ നിന്നും രാജി വച്ച് പുതിയ തലമുറയ്ക്ക് വിദ്യപകര്‍ന്ന് നല്‍കുന്നതില്‍ വ്യാപൃതനായ പ്രകാശ് ദിവാകരനെ തേടി ഇതിനകം നിരവധി പുരസ്‌ക്കാരങ്ങളും എത്തി. 2019 ലെ ഭാരത വിദ്യാഭ്യാസ അവാര്‍ഡ്, 2019 ലെ ഇന്റര്‍നാഷണല്‍ ഗ്ളോറി അവാര്‍ഡ്, ഗോള്‍ഡന്‍ എയിംസ് അവാര്‍ഡ്, ഡോ.റെഡ്ഡി ഇന്റര്‍നാഷണല്‍ അവാര്‍ഡ്, ഡോ. എ.പി. ജെ കലാം അവാര്‍ഡ്, 2020 ലെ അക്കാദമിക് എന്റര്‍പ്രണര്‍ഷിപ്പ് അവാര്‍ഡ് ഉള്‍പ്പെടെയുളള ബഹുമതികള്‍ക്കും അർഹനാണ് ഡോ പ്രകാശ് ദിവാകരൻ.

വർഗീസ് ഡാനിയൽ
ഏഷ്യയിലെ ഏറ്റവും വലിയ മലയാളി സമാജമായ ഡോംബിവ്ലി കേരളീയ സമാജത്തിന്റെ പ്രസിഡന്റ് എന്ന നിലയിൽ നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയിട്ടുള്ള വ്യക്തിയാണ് വർഗീസ് ഡാനിയൽ. മഹാമാരിക്കാലത്തും പ്രളയക്കെടുതിയിലും ദുരിതത്തിലായ ഇതര ഭാഷക്കാരടങ്ങുന്നവർക്ക് സഹായങ്ങൾ എത്തിച്ച് നൽകുന്നതിൽ മുൻപന്തിയിൽ നിന്ന് പ്രവർത്തിച്ച സാമൂഹിക പ്രവർത്തകനാണ് വർഗീസ് ഡാനിയൽ.

പ്രശാന്ത് വെള്ളാവിൽ
മുംബൈയിൽ Rent a Car സേവന രംഗത്ത് മികച്ച പ്രവർത്തനം കൊണ്ട് ശ്രദ്ധ നേടിയ പ്രശാന്ത് മാതൃകയായത് കോവിഡ് പൊട്ടിപുറപ്പെട്ടപ്പോൾ നഗരത്തിൽ കുടുങ്ങിയ മലയാളികൾക്ക് ജന്മനാട്ടിലെത്താൻ സൗജന്യമായി വാഹനങ്ങൾ നൽകിയാണ്. പ്രശാന്തിന്റെ ഉടമസ്ഥതയിൽ നൂറിലധികം വ്യത്യസ്ത മോഡലുകളായ കാറുകളാണ് മുംബൈ നിരത്തുകളിൽ ഓടുന്നത്. കൂടാതെ കേരളത്തിലും, മഹാരാഷ്ട്ര യിലും പ്രളയക്കെടുതിയിൽ ദുരിതത്തിലായവർക്കും സഹായങ്ങൾ നൽകാനായി മുന്നണിയിൽ തന്നെ പ്രശാന്ത് ഉണ്ടായിരുന്നു. കൂടാതെ റംസാൻ കാലത്ത് നൂറിലധികം കുടുംബങ്ങളിൽ ഭക്ഷണ കിറ്റുകൾ വിതരണം ചെയ്തും മത സൗഹാർദ്ദത്തിന്റെ നന്മ നിറഞ്ഞ സന്ദേശം പ്രസരിപ്പിക്കുന്നു

ഉദയഭാനു
രാജ്യത്തിൻറെ സാമ്പത്തിക തലസ്ഥാനമായ മുംബൈ പരിഷ്കാരികളുടെ നഗരം കൂടിയാണ്. പുത്തൻ ഫാഷൻ ട്രെൻഡുകളാണ് മുംബൈ നഗരത്തെ യുവാക്കളുടെ സ്വപ്ന നഗരിയാക്കുന്നതും. ബോളിവുഡും പരസ്യ മേഖലയുമാണ് പുതിയ ഫാഷൻ ട്രെൻഡുകളുടെ പ്രധാന പ്രഭവകേന്ദ്രങ്ങൾ. മുംബൈയിലെ ടെക്സ്റ്റൈൽ രംഗത്ത് പ്രവർത്തിക്കുന്ന ഉദയഭാനു ഈ മേഖലയിൽ സ്വന്തമായി ഇടം നേടിയ വിദഗ്ധനാണ്. പ്രശസ്തരുടെ കോൺടാക്ട് ലിസ്റ്റിൽ ഇടം നേടിയ ഈ ചെമ്പൂർ നിവാസി സാമൂഹിക സേവന രംഗത്തും ജീവകാരുണ്യ പ്രവർത്തനങ്ങളിലും സജീവമാണ്.
താമസിച്ചിരുന്ന കാലപ്പഴക്കം ചെന്ന പഴയ കെട്ടിടം ബിൽഡറുടെ പ്രലോഭനത്തിൽ പുനർ നിർമ്മാണത്തിന് നൽകി കിടപ്പാടം നഷ്ടപ്പെട്ട പാവപ്പെട്ട വഴിയോരക്കച്ചവടക്കാർക്കും ഓട്ടോ തൊഴിലാളികൾക്കും നീതി ലഭിക്കാനായി മുൻപന്തിയിൽ നിന്നാണ് ഈ മലയാളി പോരാടിയത്.

സോമമധു
കോവിഡിനെ തുടർന്ന് ജീവിതം തകിടം മറിഞ്ഞ നിർധനർക്കും ചികിത്സക്ക് പണമില്ലാതെ ജീവിതം വഴിമുട്ടിയ പാവങ്ങൾക്കും സമയോചിതമായ സഹായങ്ങൾ എത്തിച്ച് നൽകാൻ മുന്നോട്ട് വന്നിട്ടുള്ള മധുവിന്റെ സഹായം പ്രദേശവാസികൾക്ക് ഒരു വിളിപ്പാടകലെയാണ്. അശരണർക്ക് കൈത്താങ്ങായും, ആശുപത്രിയിൽ ബില്ലടക്കാൻ ബുദ്ധിമുട്ട് അനുഭവിക്കുന്ന നിരാലംബർക്ക് കൈത്താങ്ങായും മരുന്നുകളും ഭക്ഷണ സാധനങ്ങൾ എത്തിച്ചു നൽകിയുമാണ് താക്കുർളി നിവാസിയായ മധു നിശബ്ദ സാമൂഹിക സേവനം തുടരുന്നത്
- മഹാരാഷ്ട്ര സർക്കാർ വെള്ളിയാഴ്ച അവധി പ്രഖ്യാപിച്ചു; നാളെ മുതൽ 5 അവധി ദിവസങ്ങൾ
- എസ്സ്.എൻ.ഡി.പി യോഗം കാമോത്തെ ശാഖ വാർഷികവും കുടുംബസംഗമവും
- എസ്.എൻ.ഡി.പി യോഗം ഭാണ്ഡൂപ് ശാഖ വാർഷികവും ഓണാഘോഷവും അടുത്ത ഞായറാഴ്ച്ച
- താനെ ജില്ലയിൽ ഇടിയും മിന്നലുമായി കനത്ത മഴ
- ഫ്രറ്റേർണിറ്റി ഓഫ് മലയാളി കത്തോലിക്സ് വാർഷികാഘോഷം നടന്നു