മൊബൈൽ ആപ്പ് ലോൺ തട്ടിപ്പ് വീണ്ടും ; 5000 രൂപ വായ്പയെടുത്ത് തിരിച്ചടച്ചത് 4.28 ലക്ഷം!!

0

മുംബൈയിലെ ഒരു ഹോട്ടൽ ജീവനക്കാരനാണ് ഭാര്യയുടെ ചികിത്സക്കായി മാർച്ചിൽ മൊബൈൽ ആപ്പ് വഴി ലോൺ എടുത്തത്. ലോൺ ആപ്പിൽ നിന്ന് 5,000 രൂപകടമെടുത്ത യുവാവിനെ പലിശയടക്കം 8,200 രൂപ തിരിച്ചടപ്പിച്ചു. ഇതിന് ശേഷമാണ് റിക്കവറി ഏജന്റുമാർ ഭീഷണിപ്പെടുത്തി 4.28 ലക്ഷം രൂപ തട്ടിയെടുത്തത്.

സംഭവത്തിൽ ജൂൺ രണ്ടിന് ചുന്നഭട്ടി പോലീസ് സ്റ്റേഷനിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്തു. ഭാര്യ സുഖമില്ലാതായപ്പോൾ ചികിത്സക്ക് പണം ആവശ്യമായി വന്നപ്പോഴാണ് എളുപ്പ വഴി സ്വീകരിച്ചതെന്നാണ് ഇയാൾ പോലീസിൽ മൊഴി നൽകിയത്. ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നാണ് ‘ക്യാഷ് ബസ്’ എന്ന ആപ്പ് ഫോണിൽ ഇൻസ്‌റ്റാൾ ചെയ്തത് . തുടർന്ന് തന്റെ ഗാലറിയിലേക്കും കോൺടാക്‌റ്റ് ലിസ്‌റ്റിലേക്കും ലൊക്കേഷനിലേക്കും ആക്‌സസ് നൽകുകയായിരുന്നു.

ഒരു സെൽഫിയ്‌ക്കൊപ്പം പാൻ കാർഡ് നമ്പറും ആധാർ കാർഡ് വിവരങ്ങളും സമർപ്പിക്കാനും ആവശ്യപ്പെട്ടു. നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം, തനിക്ക് 50,000 രൂപ ലഭിക്കുമെന്നും 90 ദിവസത്തിനുള്ളിൽ തിരികെ നൽകണമെന്നും ഇവരിൽ നിന്ന് സന്ദേശം ലഭിച്ചു.

യെസ് ബട്ടണിൽ ക്ലിക്ക് ചെയ്തപ്പോൾ ഒരാഴ്ച കൊണ്ട് തിരികെ നൽകേണ്ട 5000 രൂപ മാത്രമാണ് ലഭിച്ചത്. 50,000 രൂപയ്ക്ക് പകരം 5,000 രൂപ മാത്രം ലഭിച്ചത് എന്തുകൊണ്ടാണെന്ന് അന്വേഷിക്കാൻ കസ്റ്റമർ കെയർ നമ്പറിലേക്ക് വിളിച്ചെങ്കിലും മറുപടിയൊന്നും ലഭിച്ചില്ലെന്ന് യുവാവ് പറയുന്നു.

പിന്നീട് പണം തിരികെ ചോദിച്ച് മെസ്സേജുകളും ഫോൺ വിളികളും നിരന്തരം വന്നു തുടങ്ങി. ഏപ്രിൽ രണ്ടിന് പലിശയടക്കം 8200 രൂപ തിരികെ നൽകിയെങ്കിലും ശല്യം അവസാനിച്ചില്ല.

താൻ പണമടച്ചുവെന്ന് പല വട്ടം തെളിവ് സഹിതം അവരെ ധരിപ്പിച്ചെങ്കിലും പണം അവരുടെ അക്കൗണ്ടിൽ അപ്‌ഡേറ്റ് ചെയ്തിട്ടില്ലെന്ന് പറഞ്ഞായിരുന്നു നിരന്തരമായ ശല്യപ്പെടുത്തൽ. പിന്നീട് മോർഫ് ചെയ്ത അശ്ലീല ഫോട്ടോയും വീഡിയോയും വാട്ട്‌സ്ആപ്പിൽ അയച്ചു ബ്ലാക്‌മെയിൽ ചെയ്യാൻ ശ്രമിക്കുകയായിരുന്നുവെന്ന് യുവാവ് പറയുന്നു. അങ്ങിനെയാണ് അഭിമാനം രക്ഷിക്കാനായി അവർക്ക് ചോദിക്കുന്ന പണം അയയ്ക്കാൻ തുടങ്ങിയത്. ആസൂത്രിതമായ തട്ടിപ്പിൽ വ്യത്യസ്ത മൊബൈൽ നമ്പറുകളിൽ നിന്ന് തന്റെ അശ്ലീല ഫോട്ടോകൾ വീണ്ടും ലഭിക്കാൻ തുടങ്ങിയതോടെ ആശങ്കയായി. ഫോണിലെ കോൺടാക്റ്റ് ലിസ്റ്റിലുള്ള എല്ലാവർക്കും ഈ ഫോട്ടോകളും വീഡിയോകളും അയയ്‌ക്കുമെന്നായിരുന്നു അടുത്ത ഭീഷണി. ഇതിനകം നാലര ലക്ഷത്തോളം ഇവർ അടിച്ചു മാറ്റിയതോടെ ഗതികെട്ടാണ് പോലീസിൽ പരാതി നൽകിയത്.

പുനെയിൽ കുറച്ച് മാസങ്ങൾക്ക് മുൻപ് ഒരു മലയാളി യുവാവ് ആത്മഹത്യ ചെയ്തത് ഇതേ കരണത്താലായിരുന്നു. നേപ്പാൾ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന പ്രത്യേക പരിശീലനം നേടിയ സംഘമാണ് റിക്കവറി ഏജന്റുമാരായി അഭിനയിച്ച് തട്ടിപ്പ് നടത്തുന്നതെന്നാണ് അറിയാൻ കഴിഞ്ഞത്.

ALSO READ | ഡിജിറ്റൽ ലോൺ തട്ടിപ്പ്; പൂനെയിൽ മലയാളി യുവാവ് ആത്മഹത്യയുടെ മുനമ്പിൽ

ALSO READ | മലയാളി യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

LEAVE A REPLY

Please enter your comment!
Please enter your name here