കേരളത്തെ കാത്തിരിക്കുന്നത് കൂടുതൽ തൊഴിലവസരങ്ങൾ; മുംബൈ മലയാളികളെ പ്രകീർത്തിച്ച് കേരള നിയമസഭാംഗങ്ങൾ

0

നിലവിൽ കേരളം നേരിടുന്ന വലിയ പ്രശ്നം തൊഴിലില്ലായ്മയാണെന്നും ഇതിനൊരു പരിഹാരമായി വൈജ്ഞാനിക സമൂഹത്തെ സൃഷ്ടിക്കുകയെന്നതാണ് സർക്കാർ നിലപാടെന്നും മുൻ തൊഴില്‍ എക്‌സൈസ് വകുപ്പു മന്ത്രി ടിപി രാമകൃഷ്ണന്‍ പറഞ്ഞു.

അഭ്യസ്തവിദ്യരായ മുഴുവൻ ആളുകൾക്കും പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ ചെറുകിട സംരംഭങ്ങൾ വികസിപ്പിക്കുവാൻ അവസരങ്ങളൊരുക്കുമെന്നും മുൻ തൊഴില്‍ എക്‌സൈസ് വകുപ്പു മന്ത്രി പറഞ്ഞു. നൈപുണ്യ വികസനത്തിന്റെ ഭാഗമായി സര്‍ക്കാര്‍ ഐ ടി ഐകളെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുവാനും പദ്ധതിയുണ്ട്.

മുംബൈയിലെ രാഷ്ട്രീയ സാമൂഹിക പ്രവർത്തകരും മലയാളി സന്നദ്ധ സംഘടന പ്രതിനിധികളുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഔദ്യോദിക സന്ദർശനത്തിനായി മുംബൈയിലെത്തിയ കേരള നിയമ സഭാംഗങ്ങളായ ടി പി രാമകൃഷ്ണൻ, മാത്യു ടി തോമസ് (മുൻ ജലവിഭവ വകുപ്പ് മന്ത്രി), മുരളി പെരുനെല്ലി, അഡ്വ. ഡി കെ മുരളി, എഛ് സലാം തുടങ്ങിയവർ മുംബൈ മലയാളികളുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങൾ ചർച്ച ചെയ്തത്.

നവി മുംബൈ കേരള ഹൌസിൽ ചേർന്ന യോഗത്തിൽ മുതിർന്ന ട്രേഡ് യൂണിയൻ നേതാവ് പി ആർ കൃഷ്ണൻ, എൻ സി പി നേതാവ് എൻ കെ ഭൂപേഷ്‌ബാബു, കെയർ ഫോർ മുംബൈ പ്രതിനിധികളായ എം കെ നവാസ്, പ്രിയ വർഗീസ്, തോമസ് ഓലിക്കൽ, മെറിഡിയൻ വിജയൻ, രാജീവ് ഗോപിനാഥ്‌, പ്രേംലാൽ, ബിജു രാമൻ, മനോജ് മാളവിക, മുഹമ്മദ് അലി തുടങ്ങി നിരവധി പേർ യോഗത്തിൽ പങ്കെടുത്തു.

കോവിഡ് മഹാമാരിക്കാലത്ത് കെയർ ഫോർ മുംബൈയുടെ നേതൃത്വത്തിൽ നടത്തിയ ജീവകാരുണ്യ പ്രവർത്തനങ്ങൾ സെക്രട്ടറി പ്രിയ വർഗീസ് വിശദീകരിച്ചു. നിർധനർക്ക് ഭക്ഷണ കിറ്റുകളും, ജീവൻ രക്ഷാ മരുന്നുകളും ചികിത്സാ സഹായങ്ങളുമായി ഒരു കോടിയിലധികം രൂപയാണ് ഈ മലയാളി സന്നദ്ധ സംഘടന ചെലവിട്ടത്. ധാരാവി തുടങ്ങിയ ചേരി പ്രദേശങ്ങളിൽ താമസിക്കുന്ന ഇതര ഭാഷക്കാരടക്കമുള്ള നിരവധി കുടുംബങ്ങൾക്കും കൈത്താങ്ങായിരുന്നു കെയർ ഫോർ മുംബൈ.

ജീവിക്കുന്ന ചുറ്റുപാടിനോടുള്ള പ്രതിബദ്ധതയോടെ ദുരിത കാലത്ത് ജനങ്ങളെ ചേർത്ത് പിടിച്ചു കൊണ്ടുള്ള കെയർ ഫോർ മുംബൈയുടെ നിസ്വാർത്ഥ സേവനങ്ങൾ വലിയൊരു കാര്യമാണെന്നും മുംബൈ മലയാളികൾ നടത്തിയ ഈ ജീവകാരുണ്യ പ്രവർത്തനങ്ങൾ കേരള സർക്കാരിന്റെ ശ്രദ്ധയിൽ കൊണ്ട് വരുമെന്നും മുൻ മന്ത്രി പറഞ്ഞു. കേരള സർക്കാരിന് അഭിമാനമുള്ള കാര്യമാണിതെന്നും ടി പി രാമകൃഷ്ണൻ കൂട്ടിച്ചേർത്തു.

മുംബൈയിലും പ്രാന്തപ്രദേശങ്ങളിലുമായി ഇരുനൂറിലധികം മലയാളി സംഘടനകളുണ്ടെന്നും നിരവധി മാതൃകാപരമായ പ്രവർത്തനങ്ങൾ കൊണ്ട് ഇവരെല്ലാം നഗരത്തെ ചേർത്ത് പിടിച്ചിട്ടുള്ള ചരിത്രമാണുള്ളതെന്നും പി ആർ കൃഷ്ണൻ പറഞ്ഞു. നഗരത്തിലെ ആദ്യ മലയാളി കൂട്ടായ്മയായ ബോംബെ കേരളീയ സമാജം ആരംഭിക്കുന്നത് 92 വർഷം മുൻപാണ്. മുംബൈയിൽ ആദ്യ കാല സമാജങ്ങൾക്കെല്ലാം തുടക്കമിടുന്നത് ഇടതുപക്ഷ പ്രവർത്തകരുടെ നേതൃത്വത്തിലായിരുന്നുവെന്നും പി ആർ വ്യക്തമാക്കി. നഗര വികസനത്തിൽ മുംബൈയിലെ മലയാളി സമൂഹം വഹിച്ചിട്ടുള്ള പങ്ക് ശ്ലാഘനീയമാണെന്ന് പി ആർ കൃഷ്ണൻ കൂട്ടിച്ചേർത്തു. കഴിഞ്ഞ 72 വർഷമായി മുംബൈ നഗര ജീവിതത്തിന്റെ ഭാഗമാണ് നവതിയുടെ നിറവിൽ നിൽക്കുന്ന സഖാവ് പി ആർ കൃഷ്ണൻ.

പ്രവാസി മലയാളികളുടെ കഴിവും നൈപുണ്യവും കേരളത്തിന് മുതൽക്കൂട്ടാകും

പ്രവാസി മലയാളികളുടെ കഴിവിനെ എങ്ങിനെ പ്രയോജനപ്പെടുത്താമെന്നാണ് കേരളം ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് നിയമസഭംഗങ്ങൾ അറിയിച്ചു. ഇങ്ങിനെയൊരു തൊഴിൽ അന്തരീക്ഷം സൃഷ്ടിക്കുന്നതിന് വേണ്ടിയുള്ള ആശയങ്ങൾ മുന്നോട്ട് വച്ച് കേരളത്തിൽ പ്രാവർത്തികമാക്കാവുന്ന നടപടികളാണ് സ്വീകരിക്കുന്നതെന്നും ഇവരെല്ലാം വ്യക്തമാക്കി. കേരളത്തിന് പുറത്തുള്ള മലയാളികളുടെ വൈദഗ്ദ്യം കൂടി പ്രയോജനപ്പെടുത്തി കേരളത്തിൽ തന്നെ ജീവിക്കുവാനുള്ള സൗകര്യങ്ങൾ പ്രാപ്തമാക്കുകയാണ് ലക്ഷ്യമെന്നും ഭാവി തലമുറയെ മുന്നിൽ കണ്ടു കൊണ്ടാണ് ഇത്തരം പദ്ധതികൾ ആവിഷ്കരിക്കുന്നതെന്നും ടി പി രാമകൃഷ്ണൻ പറഞ്ഞു.

ഓരോ വീട്ടിലും വരുമാനം ഉണ്ടാക്കുവാനുള്ള അവസരങ്ങൾക്കായി കൂടുതൽ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുവാൻ പ്രവാസികളുടെ നൈപുണ്യം കൂടി പ്രയോജനപ്പെടുത്താൻ കഴിയുമെന്ന പ്രത്യാശയും നിയമസഭംഗങ്ങൾ പങ്ക് വച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here