പുരസ്‌കാര നിറവിൽ മുംബൈ മലയാളികൾ ഒരുക്കിയ ഹൃസ്വ ചിത്രം

0

ജീവിതത്തിൽ ഓക്സിജൻ നൽകുന്ന പ്രാധാന്യവും അനാവശ്യമായ മാനസിക സമ്മർദ്ദങ്ങൾ ഒരാളുടെ ജീവിത താളം തെറ്റിക്കുന്നതുമാണ് ചിത്രം കോറിയിടുന്നത്. കോവിഡിനെ തുടർന്ന് നിരന്തരം വന്നു കൊണ്ടിരുന്ന വ്യാജ വാർത്തകൾക്കും യാഥാർഥ്യങ്ങൾക്കും ഇടയിൽ മനുഷ്യർ നേരിട്ട വെല്ലുവിളികളാണ് പ്രാണവായു എന്ന ചിത്രം പ്രതിപാദിക്കുന്നത്.

ക്രിയേറ്റീവ്‌ഷോട്ട്‌സ് ഡിലൈറ്റുമായി ചേർന്ന് യെസ്‌വീ ക്രിയേഷൻ നിർമ്മിച്ച ഹൃസ്വചിത്രം യൂട്യൂബിൽ മികച്ച അഭിപ്രായം നേടിയാണ് മുന്നേറുന്നത്. മുംബൈ എന്റർടൈൻമെന്റ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ കോവിഡിനെ ആധാരമാക്കി നിർമ്മിച്ച മികച്ച ചിത്രത്തിനുള്ള അവാർഡ് പ്രാണവായു സ്വന്തമാക്കി.

മുംബൈ നഗരത്തിൽ തനിച്ച് താമസിക്കുന്ന യുവാവിനെ കേന്ദ്രീകരിച്ചാണ് ചിത്രം പുരോഗമിക്കുന്നത്. ഇയാളുടെ കുടുംബം നാട്ടിലാണ്. മഹാമാരിക്കാലത്ത് പലരും നേരിട്ട മാനസിക പിരിമുറുക്കമാണ് 18 മിനിറ്റിന്റെ ദൈർഘ്യമുള്ള ഈ ഹൃസ്വ ചിത്രത്തിലൂടെ അണിയറ പ്രവർത്തകർ പ്രതിപാദിക്കുന്നത്

കോവിഡ് വാർത്തകൾ നിരന്തരം പിന്തുടർന്നിരുന്ന യുവാവിന് ഒരു രാത്രിയിൽ തനിക്ക് കൊവിഡ് ബാധിച്ചതായി അനുഭവപ്പെടുന്നു. തന്റെ ഓക്‌സിജന്റെ അളവ് കുറയുന്നതായി അയാൾക്ക് തോന്നുന്നതോടെ അസ്വസ്ഥമാകുന്ന മനസ്സിന്റെ വിഭ്രാന്തിയിൽ അയാൾ അതിജീവനത്തിനായി പൊരുതാൻ തുടങ്ങുന്നു. ഇതിനിടെ കടന്നു വരുന്ന പൂച്ചയുടെ കരച്ചിൽ പോലും ദുഃസൂചനകളായി അയാൾക്ക് അനുഭവപ്പെടുന്നു. പിന്നീടയാൾ ആ രാത്രിയിൽ എന്താണ് ചെയ്യുന്നത്? അയാൾക്ക് എന്ത് സംഭവിക്കുന്നു. സസ്പെൻസ് നിലനിർത്തി ഒട്ടും ലാഗ് ചെയ്യാതെ ചിത്രം പര്യവസാനിക്കുമ്പോൾ പ്രേക്ഷകർക്ക് നല്ലൊരു സന്ദേശം കൂടിയാണ് പകർന്നാടുന്നത്.

മാധ്യമ പ്രവർത്തകനായ പി ആർ സഞ്ജയ് പ്രധാന കഥാപാത്രമായി മികച്ച അഭിനയ മുഹൂർത്തങ്ങൾ കാഴ്ച വയ്ക്കുന്നു. ചിത്രത്തിന്റെ മൂഡിനൊപ്പം ഒഴുകുന്ന പശ്ചാത്തല സംഗീതവും ക്ലൈമാക്സിലെ പാട്ടും നന്നായിട്ടുണ്ട്.

വാസൻ വീരാച്ചേരിയുടെ കഥയ്ക്ക് ദൃശ്യഭാഷ നൽകി അണിയിച്ചൊരുക്കിയത് ഹൃതിക് ചന്ദ്രനാണ്. വളരെ കൃത്യതയോടെയാണ് ചിത്രസംയോജനവും നിർവഹിച്ചിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here