സൈതാലിക്ക (Rajan Kinattinkara)

0

ചില വ്യക്തികൾ ചില നാടിന്റെ അവിഭാജ്യ ഘടകങ്ങളാണ്. ചില ഗ്രാമങ്ങൾക്ക് അവർ നാടിന്റെ മുഖഛായ തന്നെയാണ്. മലമക്കാവ് ഗ്രാമത്തിന്റെ സ്പന്ദനങളെ ഒപ്പിയെടുത്ത ഊതി പെരുപ്പിച്ച സ്ഥലമായിരുന്നു അങ്ങാടിയിലെ ചായക്കടയും അതിന്റെ അമരക്കാരൻ സൈതാലിക്കയും

ഗ്രാമം ഉണരും മുന്നെ ഉണരുന്ന ചായക്കട . അവിടുത്തെ കാലിളകുന്ന ബഞ്ചിൽ ശുദ്ധ രാഷ്ട്രീയത്തിന്റെ ചുടു ചർച്ചകൾക്ക് ആവി പറക്കുമ്പോൾ സൈതാലിക്കയുടെ സമോവറിൽ വെളളം തിളച്ചുമറയും . അടുത്തുള്ള വിറകടുപ്പിൽ നിന്ന് പച്ചരി പുട്ടിന്റെ മണം പരക്കും. വെളിച്ചെണ്ണ ചീനച്ചട്ടിയിൽ പപ്പടം ഊളിയിട്ടു കളിക്കും.

ഗ്രാമം സന്നിവേശിക്കുന്ന അങ്ങാടിയിലെ പഴയ ചായക്കടയിൽ ഉറച്ച ശരീരമുള്ള കുറുകിയ ആ മനുഷ്യൻ സൈതാലിക്ക തമാശയും നാട്ടുവിശേഷങ്ങളും പറഞ് ഓടി നടക്കും. കൈയോളം ഉയരത്തിൽ നിന്ന് താഴെ കുപ്പി ഗ്ലാസിലേക്ക് ലക്ഷ്യം തെറ്റാതെ വീഴുന്ന പതയുള്ള ചായ. ഗ്രാമവാസികളുടെ ഒരു പകലിന്റെ ഊർജവും ഓജസ്സും ചായക്കടയിലെ പുട്ടും പപ്പടത്തിലുമാണ്.

പണിതിരക്കിനിടയിലും ഓല കൊണ്ട് ചായ്പ്പു കെട്ടിയ തന്റെ ചായപ്പീടികയുടെ ഇഴ കൂടാത്ത ദ്വാരത്തിലൂടെ നോക്കി റോഡിലൂടെ പോകുന്നവരുടെ കണക്കെടുപ്പ് നടത്തുന്ന ഗൂഗിൾ തോറ്റു പോകുന്ന മലമക്കാവിന്റെ സെർച്ച് എഞ്ചിൻ. മഴയും വെയിലും കൃത്യമായി പ്രവചിക്കുന്ന ഗ്രാമത്തിന്റെ കാലാവസ്ഥാ പ്രവചകൻ .

സൈതാലിക്ക

റോഡിനു വശങ്ങളിൽ കൂട്ടിയിട്ട പുളിമുട്ടികളെ ഒറ്റ വെട്ടിന് വിറകു കഷണങ്ങളാക്കി മാറ്റുന്ന താരപ്പകിട്ടില്ലാത്ത ബാഹുബലി. ഷർട്ടിടാത്ത നെഞ്ചിലൂടെ ഒഴുകി വരുന്ന വിയർപ്പു ചാലുകളെ അരയിൽ മുറുക്കി കെട്ടിയ കള്ളിമുണ്ടു കൊണ്ട് തടഞ്ഞു നിർത്തി ക്ഷീണം ഭാവിക്കാതെ പരിചയക്കാരോട് പുഞ്ചിരിച്ച് കൊണ്ട് കുശലം പറയുന്ന ഗ്രാമത്തിന്റെ ഉദയ സൂര്യൻ.

ഗ്രാമത്തിലെ ഓരോ വീടും ഓരോ മുഖങ്ങളും മനസ്സിൽ കുറിച്ചു വച്ച് അപരിചതരുടെ വഴിയമ്പലമായ ചായക്കട. സൈതാലിക്കയുടെ പുട്ടും പപ്പടവും പഴവും നുണയാത്തവർ പഴയ തലമുറയിൽ ആരുമുണ്ടാവില്ല.

ഗ്രാമത്തിലെ വിശേഷങ്ങമുടെയും ഉത്സവത്തിന്റേയും ചർച്ചകൾ നടന്നിരുന്ന കാലിളകുന്ന ബഞ്ചും അവയിൽ ഇരുന്ന് എടുക്കുന്ന ഇളകാത്ത തീരുമാനങ്ങളും . ഒരു കാലത്ത് മലമക്കാവ് ഗ്രാമത്തിന്റെ ഗതി വിഗതികളെ നിയന്ത്രിച്ചിരുന്ന സൈതാലിക്കയുടെ ചായക്കട.

കാലത്തിന്റെ കുത്തൊഴുക്കിൽ ഗ്രാമവും ഗ്രാമത്തിന്റെ ശീലുകളും നഗരവൽക്കരിക്കപ്പെട്ടപ്പോൾ മറവിയിലേക്ക് വഴുതിപ്പോയ ചായക്കടയും അതിന്റെ അമരക്കാരൻ സൈതാലിക്കയും .

ഏതോ ഒരു അവധിക്കാല യാത്രയിൽ ഇരുൾ പരന്ന ഗ്രാമത്തിന്റെ ഇടവഴിയിലൂടെ വിടെത്താൻ കിണഞ്ഞു നടക്കുമ്പോൾ എതിരെ വരുന്ന മനുഷ്യൻ ഒരു സംശയവുമില്ലാതെ ചോദിക്കുന്നു ” ഇയ്യെന്നേ വന്ന് ?”

പ്രവാസ ജീവിതത്തിന്റെ ഓർമ്മ തെറ്റുകളിലും ഇരുളിലും ബന്ധങ്ങളുടെ ഇഴകൾ പൊട്ടാതെ സൈതാലിക്കയുടെ മനസ്സിൽ പാകിയ വിത്തുകൾ.

മമേക്കാവിന്റെ ഗൃഹാതുരത്വങ്ങളെ അനാഥമാക്കി സൈതാലിക്കയും യാത്രയായി. അങ്ങാടിയിലെ ഓല മേഞ്ഞ ചായക്കട ശൂന്യമായി. പകലിന്റെ അസ്തമന കാറ്റിന് സമോവറിലെ തിളക്കുന്ന വെള്ളത്തിന്റെ ചൂട്.

പ്രണാമം സൈതാലിക്ക !!

രാജൻ കിണറ്റിങ്കര
Whatsapp 8691034228


LEAVE A REPLY

Please enter your comment!
Please enter your name here