ഫൈനൽ കിക്കോഫിന് മുൻപ്

മെസിയും നെയ്മറും സുവാരസും റൊണാൾഡോയും ഒക്കെ ക്ലബുകളിൽ തിളങ്ങുമ്പോഴും രാജ്യത്തിന് വേണ്ടി കളിക്കുമ്പോൾ പരാജയപ്പെടുന്നതിന് ഒരു കാരണമുണ്ട് - അറിയപ്പെടുന്ന സാഹിത്യകാരനും കാർട്ടൂണിസ്റ്റും കൂടിയായ രാജൻ കിണറ്റിങ്കര എഴുതുന്നു.

0

ഫുട്ബാൾ വേഗതയുടെയും പന്തടക്കത്തിന്റെയും കളിയാണ് എന്നാണ് ധരിച്ചു വച്ചിരുന്നത് . എന്നാൽ ലോക കപ്പ് ഫുട്ബാളിന്റെ ഫൈനൽ ചിത്രം തെളിയുമ്പോൾ ഒരു കാര്യം വ്യക്തമാകുന്നു . വേഗതയും പന്തടക്കവും മാത്രം പോരാ, കയ്യൂക്കും അഭിനയ പാടവവും ഒക്കെ വിജയിക്കാൻ അനിവാര്യമാണെന്ന്. കളിക്കാരൻ വീഴുമ്പോഴേക്കും മഞ്ഞക്കാർഡുമായി ഓടിച്ചെല്ലുന്ന റഫറി ഈ ലോകകപ്പിന്റെ രസം കൊല്ലുന്ന ഒരു കാഴ്ചയായിരുന്നു . പന്തുമായി മുന്നേറുന്ന ഒരു കളിക്കാരനോട് എതിർ ടീമിലെ ഡിഫൻഡർ “എടാ മോനെ, ആ പന്ത് ഇങ്ങോട്ടു തന്നേച്ചു പോടാ ” , എന്ന് പറഞ്ഞാൽ കാര്യം നടക്കില്ല , അതിനു ചിലപ്പോൾ ചെറിയ ചില ഫൗൾ ഒക്കെ ചെയ്യേണ്ടി വന്നു എന്ന് വരാം . അത് ഫുട്ബാളിൽ സ്വാഭാവികമാണ് , അത് കാൽപ്പന്തു കളിയുടെ സൗന്ദര്യമാണ് . ഇത് ഫുട്ബാളാണ് , കാലുകൊണ്ട് മാത്രം വേണം പന്തിനെ നിയന്ത്രിക്കാൻ. എല്ലാ ടീമിലെയും സ്റ്റാർ പ്ലേയർ എന്ന് നമ്മൾ വിശേഷിപ്പിക്കുന്ന കളിക്കാർക്കെല്ലാം മഞ്ഞ കാർഡ് കിട്ടിയിരിക്കുന്നു .

പ്രതിനിധാനം ചെയ്യുന്ന രാഷ്ട്രത്തിനപ്പുറം ക്ലബുകളുടെ വിജയത്തിലാണ് കളിക്കാർക്ക്
താൽപ്പര്യം.

ഓരോ ലോക കപ്പു കഴിയുമ്പോഴും കളിയുടെ ചാരുത നഷ്ടപ്പെടുന്നതായി അനുഭവപ്പെടുന്നു . പഴയ കളിക്കാരുടെ പ്രതിഭയ്ക്ക് അടുത്തെത്താൻ പോലും ഒരു കളിക്കാരനെയും കാണുന്നില്ല . എതിർ ഗോൾ മുഖത്ത് നിന്ന് എല്ലാ ഡിഫൻഡർമാരെയും കബളിപ്പിച്ച് പന്തുമായി മുന്നേറിയിരുന്ന ഒരു പാട് കളിക്കാരെ മുൻ ലോക കപ്പുകൾ സമ്മാനിച്ചിട്ടുണ്ട് , മറഡോണ , പോളറോസി , വാൽഡറാമ, പ്ലാറ്റിനി , റൊണാൾഡീഞ്ഞോ എന്നിവർ അവരിൽ ചിലർ മാത്രം. പക്ഷെ ഇന്ന് നമ്മൾ വാഴ്ത്തുന്ന കളിക്കാർക്ക് പോലും തുറന്ന ഗോൾ മുഖത്തേക്ക് ലക്‌ഷ്യം തെറ്റാതെ ഒരു കിക്ക്‌ എടുക്കാൻ കഴിയുന്നില്ല. മൂവ് ചെയ്യുന്ന പന്തിനെ ലക്ഷ്യത്തിലേക്കെത്തിക്കാൻ കഴിവുള്ള ഒരു കളിക്കാരനെയും ഇത് വരെയുള്ള കളികളിൽ കണ്ടെത്താൻ കഴിഞ്ഞില്ല . പന്തിനെ സ്റ്റോപ്പ് ചെയ്ത് ലക്‌ഷ്യം കുറിച്ച് അടിക്കുമ്പോഴേക്കും എതിർ ടീമുകാർ പ്രതിരോധം സൃഷ്ടിച്ച് കഴിഞ്ഞിരിക്കും . നന്നായി കളിച്ച പല ടീമുകളും, ബ്രസീൽ അടക്കം, ഈ ലോകകപ്പിൽ നിന്ന് പുറത്താവാൻ ഒരു കാരണം അവസരങ്ങളെ മുതലാക്കാൻ കഴിഞ്ഞില്ല എന്നത് തന്നെയാണ് .

പല സുന്ദരമായ അഭിനയ മുഹൂർത്തങ്ങളും നമ്മൾ ഈ ലോക കപ്പിൽ കണ്ടു . ബ്രസീലിൽ കാറ്റടിക്കുമ്പോഴേക്കും മോസ്‌കോയിൽ തല തല്ലി വീഴുന്ന പല കളിക്കാരും കാഴ്ച വച്ചത് ഓസ്കാർ നോമിനേഷനിൽ കയറിപ്പറ്റാൻ കഴിയുന്ന അഭിനയ തികവായിരുന്നു . ഇത് കളിയുടെ ശോഭമാത്രമല്ല കെടുത്തുന്നത് , കളിക്കാരനോടുള്ള ബഹുമാനം കൂടിയാണ് നഷ്ടപ്പെടുത്തുന്നത് .

പല കളിക്കാരും തങ്ങൾ കരാറിൽ ഒപ്പിട്ട ക്ലബുകളുടെ കെട്ടു വലയത്തിൽ പെട്ട് ഉഴലുന്ന പോലെ തോന്നി . ലോക കപ്പ് നാല് കൊല്ലം കൂടുമ്പോൾ നടക്കുന്ന ഒരു ചടങ്ങാണ് , പക്ഷെ കളിക്കാരുടെ ജീവനും ആത്മാവും കോടികൾ മുടക്കി അവരെ വാങ്ങിയ ക്ളബുകളിലാണ്, ഒരു ചെറിയ പരിക്ക് മതി, ക്ലബുകൾ തഴയാൻ. താൻ പ്രതിനിധാനം ചെയ്യുന്ന രാഷ്ട്രത്തിനപ്പുറം ക്ലബുകളുടെ വിജയത്തിലാണ് കളിക്കാർക്ക് താത്പര്യം . അത് കൊണ്ട് തന്നെ പല കളിക്കാർക്കും ഒത്തൊരുമയോടെയും ഇണക്കത്തോടെയും മൈതാനത്ത് കളിക്കാൻ സാധിക്കുന്നില്ല . മെസിയും നെയ്മറും സുവാരസും റൊണാൾഡോയും ഒക്കെ ക്ലബുകളിൽ തിളങ്ങുമ്പോഴും രാജ്യത്തിന് വേണ്ടി കളിക്കുമ്പോൾ പരാജയപ്പെടുന്നതിന് ഒരു കാരണവും ഇതാകാം . പലരും ചിലപ്പോൾ ലോക കപ്പിന്റെ ഡ്രസിങ് റൂമിൽ വച്ചായിരിക്കും സഹ കളിക്കാരനെ പരിചയപ്പെടുന്നത് എന്ന് പറഞ്ഞാൽ അതൊരു അതിശയോക്തി ആവില്ല .

ഈ ലോക കപ്പിൽ ആക്രമണ ഫുട്ബാൾ കളിച്ച മികച്ച ടീം ജപ്പാൻ മാത്രമായിരുന്നു . ബൽജിയവുമായുള്ള കളിയിൽ രണ്ടു ഗോളിന് ലീഡ് ചെയ്ത് ഡിഫെൻസിലേക്ക് ഒതുങ്ങാതെ വീണ്ടും ഗോളടിക്കാനുള്ള ടീമിന്റെ ത്വരയായിരുന്നു മൂന്നു ഗോൾ സ്വന്തം വലയിൽ വീഴാൻ കാരണം . പക്ഷെ, ഈ ലോക കപ്പിൽ പ്രഗത്ഭ ടീമുകളെല്ലാം ലീഡ് എടുത്തു കഴിഞ്ഞാൽ ഡിഫെൻസിലേക്ക് പിൻവാങ്ങുന്ന കാഴ്ചയാണ് കണ്ടത്.

എന്തായാലും മെച്ചപ്പെട്ട ടീമെന്നു വിശേഷിപ്പിക്കുന്ന ഫ്രാൻസും ലോക കപ്പിൽ ആദ്യമായി ഫൈനലിൽ എത്തുന്ന ക്രൊയേഷ്യയും കപ്പിനായി ഏറ്റു മുട്ടുമ്പോൾ മാനസികമായ മുൻതൂക്കും ക്രൊയേഷ്യക്ക് തന്നെ ആയിരിക്കും . നഷ്ടപ്പെടുവാൻ ഒന്നുമില്ലാത്തവന്റെ പോരാട്ടത്തിന് വീര്യം കൂടുമല്ലോ , അതാണല്ലോ ഒരു ഗോളിന് പിന്നിൽ നിന്ന് തിരിച്ചടിച്ചു സെമി ഫൈനലിൽ ഇംഗ്ലണ്ടിനോട് നേടിയെടുത്ത വിജയം.


രാജൻ കിണറ്റിങ്കര
[email protected]
WhatsApp 8691034228


ലോകകപ്പ് – Knockout ൽ എത്തുമ്പോൾ
കാൽപന്തുകളിയുടെ മാസ്മരികത പകർന്നാടിയ മറഡോണ നഗരത്തിൽ നൂതനാനുഭവമായി
മുംബൈ – നിശാ കാഴ്ചകൾ

LEAVE A REPLY

Please enter your comment!
Please enter your name here