മുംബൈ – നിശാ കാഴ്ചകൾ

സൂര്യനസ്തമിക്കാത്ത നഗരത്തിലെ രസകരമായ വിശേഷങ്ങൾ പങ്കു വച്ച് എഴുത്തുകാരൻ രാജൻ കിണറ്റിങ്കര. ആനുകാലിക പ്രസിദ്ധീകരണങ്ങളിലും, ദേശീയ പത്രങ്ങളിലും സാഹിത്യ രചനകളിലൂടെ അനുവാചകനുമായി സംവദിക്കാറുള്ള രാജൻ കൈരളി ടി വിയിലെ 'അല്ല പിന്നെ' എന്ന കോമഡി സീരിയലിന്റെ രചയിതാവ് കൂടിയാണ്

0

മുംബൈ മഹാനഗരത്തിന്റെ രാവും പകലും കുറെയൊക്കെ പലപ്പോഴായി അനുഭവിച്ചറിഞ്ഞിട്ടുണ്ട്. സൂര്യൻ അസ്തമിക്കാത്ത നഗരത്തിന്റെ വെളിച്ചം കെടാതെ കാക്കുന്നത് മുംബൈയുടെ നാഡീ സ്പന്ദനമായ ലോക്കൽ ട്രെയിനുകൾ ആണെന്നത് സമ്മതിക്കാതെ വയ്യ. 24 മണിക്കൂറും പ്ലാറ്റുഫോമിൽ ആളുകളെ കാണാമെങ്കിലും പ്ലാറ്റുഫോമിന് പുറത്തുള്ള ലോകം മറ്റൊന്നാണ് എന്നത് അറിയുന്നത് ഈയിടെ മാത്രമാണ്.. കുറച്ച് ദിവസം മുന്നേ കൊച്ചിയിലേക്ക് ഓഫീസ് കാര്യത്തിനായി ഒരു അപ്രതീക്ഷിത യാത്ര ചെയ്യേണ്ടി വന്നു. കൊച്ചിയിൽ നേരത്തെ എത്തേണ്ടതിനാൽ രാവിലെ അഞ്ചേമുക്കാലിനുള്ള ഫ്‌ളൈറ്റിൽ ആയിരുന്നു ടിക്കറ്റ് ബുക്ക് ചെയ്തിരുന്നത്. എന്റെ താമസ സ്ഥലമായ ഡോംബിവലിയിൽ നിന്നും കാലത്ത് 3.40 നുള്ള ആദ്യത്തെ ലോക്കൽ ട്രെയിൻ പിടിച്ചാലേ ഡൊമസ്റ്റിക് എയർപോർട്ടിൽ സമയത്ത് എത്താൻ കഴിയൂ. ഉറക്കത്തിൽ പെട്ട് അലാറം കേട്ടില്ലെങ്കിലോ എന്ന് കരുതി ഞാൻ നേരത്തെ കിടന്നുറങ്ങി രണ്ട് മണിക്ക് തന്നെ എണീറ്റ് കുളിച്ച് തയ്യാറായി ഇരുന്നു.

3 .40 നുള്ള വണ്ടി പിടിക്കാൻ മൂന്നേകാലിനു തന്നെ വീട്ടിൽ നിന്നും ഇറങ്ങി. പുറത്തിറങ്ങിയപ്പോഴാണ റിയുന്നത് ഉറങ്ങുന്ന നഗരത്തിൽ ഉണർന്നിരിക്കുന്ന ഒരു പറ്റം ജീവികളെ കുറിച്ച്. നഗരം ഉറങ്ങിയാൽ തെരുവുകളുടെ നിയന്ത്രണം ഏറ്റെടുക്കുന്നത് അവരാണ്. കേരളത്തിലെ തെരുവുകളെ ഓർമ്മിപ്പിക്കും വിധം ആണ് തെരുവ് നായ്ക്കൾ റോഡും പരിസരവും കീഴടക്കിയിരിക്കുന്നത്. വിജനമായ റോഡിൽ രണ്ട് കാലുള്ള മൃഗം ഞാൻ മാത്രം, എന്നെ കണ്ടതും ആലസ്യത്തിൽ നിന്നും ഉണർന്ന നായ്ക്കൾ പത്തിരുപത്തഞ്ച് എണ്ണം ഒന്നായി കുരച്ച് പ്രതിഷേധം അറിയിക്കാൻ തുടങ്ങി. തങ്ങളുടെ തട്ടകത്തിൽ അതിക്രമിച്ച് കടന്ന സൂപ്പർ മുഖ്യമന്ത്രി ആരെന്ന മട്ടിൽ. സത്യത്തിൽ പത്രങ്ങളിൽ വായിച്ചതിനും കേട്ടതിനും അപ്പുറമായിരുന്നു ആ ഭീകരാവസ്ഥ. വഴിയിലെങ്ങും ഒരു മനുഷ്യ ജീവിയില്ല സഹായത്തിനായി, ഡിസംബറിന്റെ തണുപ്പേറ്റ് ആലസ്യത്തിൽ മയങ്ങുന്ന നഗരം.

ഞാൻ വളരെ ഡീസെന്റ് ആണെന്ന് നായ്ക്കൾക്ക് മനസ്സിലാകുവാനായി റോഡിന്റെ അരികു പറ്റി നമ്ര വിനീതനായി നടന്നു. അധികാരികൾക്ക് മുന്നിൽ കീഴടങ്ങുന്ന മാവോ വാദികളെപ്പോലെ കൈ ഉയർത്തി പിടിച്ച് നിരായുധൻ ആണെന്ന് അവറ്റകളെ ബോധ്യപ്പെടുത്താൻ ശ്രമിച്ചു. പക്ഷെ അവറ്റകളുടെ പ്രതിഷേധം കൂടിയതേ ഉള്ളൂ. പ്രതിഷേധം കൂടും തോറും എന്റെ നടത്തത്തിനും വേഗത കൂടി. തീവ്രവാദികളായ ചില നായ്ക്കൾ എന്റെ അടുക്കലേക്ക് ഓടി അടുക്കാൻ തുടങ്ങി. അപ്പോഴാണ് വളവു തിരിഞ്ഞു ഒരു കാർ ഹോൺ അടിച്ച് റോഡിലേക്ക് കയറിയത്. അത് കണ്ടതും നായ്ക്കൾ അതിനു പുറകെ കുരച്ചു കൊണ്ട് ഓടാൻ തുടങ്ങി, ഹർത്താൽ നടത്താൻ പുതിയ ഒരു ഇഷ്യൂ കിട്ടിയ കേരളത്തിലെ രാഷ്ട്രീയ പാർട്ടികളെപ്പോലെ. ആ തക്കത്തിൽ ഓടി ഞാൻ മെയിൻ റോഡിലെത്തി.

മെയിൻ റോഡിലും നായ്ക്കൾക്കു കുറവൊന്നും ഇല്ലെങ്കിലും ഇടക്കൊക്കെ ചില വാഹനങ്ങൾ പോകുന്നത് കൊണ്ട് മനസ്സിലൊരു സമാധാനം തോന്നി. ഇനി നായ്ക്കൾ കടിച്ചാലും ദൃക്‌സാക്ഷികൾ ഉണ്ടല്ലോ. നായ്ക്കൾക്കെതിരെ കേസ് കൊടുക്കേണ്ടി വന്നാൽ സാക്ഷി മൊഴി ഒരു പ്രധാന ഘടകം ആണല്ലോ കോടതിയിൽ.

LEAVE A REPLY

Please enter your comment!
Please enter your name here