മുംബൈ നഗരക്കാഴ്ചകൾ ഇനി ഗൂഗിൾ മാപ്പിൽ അടുത്ത് കാണാം

0

ഒരിടവേളക്ക് ശേഷം ഗൂഗിൾ സ്ട്രീറ്റ് വ്യൂ ഇന്ത്യയിൽ വീണ്ടും ലഭ്യമാകുന്നു. ഈ ഫീച്ചറിലൂടെ വീട്ടിലിരുന്ന് ഇന്ത്യയിലെ സ്ഥലങ്ങള്‍ നടന്നു കാണാന്‍ ഉപഭോക്താക്കള്‍ക്ക് സാധിക്കുമെന്നതാണ് ഏറ്റവും വലിയ സവിശേഷത. തുടക്കത്തിൽ 10 നഗരങ്ങളിലെ ഡാറ്റയുമായാണ് ഗൂഗിൾ സ്ട്രീറ്റ് വ്യൂ ഫീച്ചർ ഇന്ത്യയിൽ പുനരവതരിക്കുന്നത്.

ഈ വർഷാവസാനത്തോടെ 50 നഗരങ്ങളിലെ ഡാറ്റ പങ്കിടുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2016-ൽ ഗൂഗിൾ സ്ട്രീറ്റ് വ്യൂവിന്റെ പൂർണ തോതിലുള്ള ലോഞ്ചിന് സർക്കാർ അനുമതി നിഷേധിച്ചിരുന്നു. തുടർന്ന് ആറ് വർഷങ്ങൾക്ക് ശേഷമാണ് ഗൂഗിൾ സ്ട്രീറ്റ് വ്യൂ വീണ്ടും ലഭ്യമാകുന്നത്.

വാഹനങ്ങൾ പകർത്തുന്ന ചിത്രങ്ങൾ ഉപയോഗിച്ച് തെരുവുകളുടെ 360 ഡിഗ്രി കാഴ്ച്ചകൾ നൽകുന്ന ഫീച്ചറാണ് ഗൂഗിൾ സ്ട്രീറ്റ് വ്യൂ ഗൂഗിൾ മാപ്‌സ്. ഇപ്പോൾ ഉപഭോക്താക്കൾക്കായി ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമായ ആപ്പ് സ്വകാര്യത പ്രശ്‌നങ്ങൾ കാരണം 2011-ൽ ഇന്ത്യയിൽ നിരോധിച്ചിരുന്നു. ബെംഗളൂരു പൊലീസ് എതിര്‍പ്പ് ഉന്നയിച്ചതിനെ തുടര്‍ന്നാണ് സേവനം ഗൂഗിള്‍ അവസാനിപ്പിച്ചത്.

രാജ്യത്തിന്റെ സുരക്ഷ മുന്‍നിര്‍ത്തി ഇന്ത്യന്‍ സര്‍ക്കാര്‍ സ്ട്രീറ്റ് വ്യൂ സേവനത്തിന് എതിരായ നിലപാടാണ് സ്വീകരിച്ചത്. ഇന്ത്യ പുതിയ നാഷണല്‍ ജിയോസ്‌പേഷ്യല്‍ പോളിസി അവതരിപ്പിച്ചതാണ് (2021) ഗൂഗിളിന് അനുകൂല സാഹചര്യം ഒരുക്കിയത്. രണ്ടാം വരവിൽ ഗൂഗിൾ സ്ട്രീറ്റ് വ്യൂ, ടെക് മഹീന്ദ്രയിൽ നിന്നും ജെനസിസിൽ നിന്നും 10 ഇന്ത്യൻ നഗരങ്ങളെ കുറിച്ചുള്ള ഡാറ്റ ആദ്യം എടുക്കും.

നിലവിൽ ഡൽഹി, മുംബൈ, പൂനെ, ബെംഗളൂരു, ചെന്നൈ, വഡോദര, അമൃത്സർ എന്നിവ ഉൾപ്പെടുന്ന പ്രധാന നഗരങ്ങളാണ് ഗൂഗിൾ സ്ട്രീറ്റ് വ്യൂവിൽ ഉൾപ്പെടുന്നത്. കൂടാതെ ഹൈദരാബാദ്, കൊൽക്കത്ത തുടങ്ങിയ പ്രധാന നഗരങ്ങളും ഉടനെ ലഭ്യമാകും.

LEAVE A REPLY

Please enter your comment!
Please enter your name here