പക്കാ മാസ് ചിത്രമായി ബോക്സ് ഓഫീസിൽ കടുവയുടെ വിളയാട്ടം (Movie Review)

0

മലയാള സിനിമകൾ പലപ്പോഴും ചെറിയ കഥകളിലും ഉള്ളടക്കത്തിലും മാത്രമല്ല സ്വാഭാവികമായ അഭിനയ മുഹൂർത്തങ്ങളിലൂടെയുമാണ് കൂടുതലും ശ്രദ്ധ നേടിയിട്ടുള്ളത്. എന്നാൽ അയ്യപ്പനും കോശിയും, ലൂസിഫർ, നരസിംഹം, പുലിമുരുകൻ, ഭീഷ്മപർവ്വം തുടങ്ങിയ മാസ് എന്റർടെയ്‌നറുകൾക്കും വലിയ സ്വീകാര്യതയാണ് ആഗോളതലത്തിൽ ലഭിച്ചു വരുന്നത്. മലയാള സിനിമക്ക് പാൻ ഇന്ത്യൻ മേൽവിസമുണ്ടാക്കാൻ ഇത്തരം ബിഗ് ബജറ്റ് ചിത്രങ്ങൾ നിമിത്തമായെന്ന് പറയാം.

മലയാളത്തിലെ പുതിയ ചിത്രമായ കടുവയും ഇതേ ഗണത്തിൽ കൂട്ടിച്ചേർക്കാവുന്ന മറ്റൊരു മാസ്സ് എന്റർടെയ്നറാണ്.

നായകന് വേണ്ടി റൊമാൻസ്, ഡ്യുയറ്റ് ഗാനങ്ങൾ, ബിൽഡ്അപ്പുകൾ എന്നിവയൊന്നും ചേർക്കാതെ തന്നെ കടുവ നൽകുന്നത് പുതിയൊരു ദൃശ്യാനുഭവമാണ്. ശക്തമായ തിരക്കഥയും മികച്ച ആഖ്യായന രീതിയും ചിത്രത്തെ ആദ്യാവസാനം നല്ലൊരു ആക്ഷൻ ത്രില്ലറായി നില നിർത്താൻ അണിയറ പ്രവർത്തകർക്ക് കഴിഞ്ഞു.

അതേസമയം, ആദ്യദിനം മുതൽ മികച്ച പ്രതികരണവുമായി കടുവ ലോകമെമ്പാടുമായി 50 കോടിയിലധികം രൂപയാണ് സ്വന്തമാക്കിയിരിക്കുന്നത്. ആദ്യ നാല് ദിനങ്ങളില്‍ മാത്രം 25 കോടി ചിത്രം നേടിയിരുന്നു. പൃഥ്വിരാജിന്‍റെ കരിയറിലെ ഏറ്റവും മികച്ച ഓപ്പണിം​ഗ് കളക്ഷന്‍ ആയിരുന്നു ഇത്. ഷാജി കൈലാസ് എന്ന സംവിധായകന്റെ ​ഗംഭീര തിരിച്ചുവരവെന്നാണ് പ്രേക്ഷകർ ഒന്നടങ്കം വിലയിരുത്തുന്നത്. പൃഥ്വിരാജിന്റെ കട്ട മാസ് പ്രകടനവും സിനിമാസ്വാദകരെ ത്രസിപ്പിച്ചിരിക്കയാണ്. മലയാളത്തിൽ ഇത് വരെ മോഹൻലാലും മമ്മൂട്ടിയും സുരേഷ് ഗോപിയും കയ്യടക്കി വച്ചിരുന്ന അതിമാനുഷിക നായകന്മാരുടെ നിരയിലേക്കാണ് പൃഥ്വിരാജ് പ്രവേശിച്ചിരിക്കുന്നത്.

കഥാപാത്രത്തെ കേന്ദ്രമാക്കിയ സിനിമയെന്ന നിലയിൽ അല്ലു അർജുന്റെ പുഷ്പയ്ക്ക് നേടാനാകാത്ത മികവാണ് ഈ ചിത്രം സ്വന്തമാക്കുന്നത്. ജേക്‌സ് ബിജോയ്‌യുടെ പശ്ചാത്തല സ്‌കോർ മികച്ചതാണ്. ഷമീർ മുഹമ്മദിന്റെയും അഭിനന്ദൻ രാമാനുജത്തിന്റെയും ഛായാഗ്രഹണവും എഡിറ്റിംഗും നന്നായിരിക്കുന്നു.

“ബ്രോ ഡാഡി”,എന്ന ഫാമിലി ഡ്രാമയും “കുരുതി”, “ജനഗണമന” എന്നീ ത്രില്ലറുകൾക്കും ശേഷം, പൃഥ്വിരാജ് കൂടുതൽ ആസ്വാദ്യകരമായ മാസ്സ് ചിത്രവുമായി എത്തുന്നുവെന്നത് നടന്റെ താരമൂല്യത്തിന് കിട്ടിയ നേട്ടമായാണ് ട്രേഡ് പണ്ഡിറ്റുമാർ പറയുന്നത്.

വിവേക് ​​ഒബ്‌റോയിയെ പോലൊരു ബോളിവുഡ് നടന്റെ കഥാപാത്രം കുറച്ചുകൂടി ശക്തമാകണമായിരുന്നുവെന്ന അഭിപ്രായമാണ് പൊതുവെ ഉയർന്നിരിക്കുന്നത്. പ്രധാന വില്ലനെ പകർന്നാടുവാൻ വേണ്ട സ്ക്രീൻ സ്പേസ് ലഭിക്കാതെ പോയതും വിവേകിനെ പോലൊരു സീനിയർ നടന്റെ സാന്നിധ്യം പാഴാക്കിയ പോലെ അനുഭവപ്പെടും. വിവേകിനേക്കാൾ ശ്രദ്ധ നേടിയത് കലാഭവൻ ഷാജോൺ, രാഹുൽ മാധവ് എന്നിവരായിരുന്നു. സീമയുടെ കഥാപാത്രം ശ്രദ്ധിക്കപ്പെട്ടെങ്കിലും മല്ലിക സുകുമാരന്റെ ശബ്ദത്തിൽ അഭിനയിച്ചപ്പോൾ കല്ലുകടി അനുഭവപ്പെടുന്നുണ്ട്.

സംയുക്ത മേനോൻ, പ്രിയങ്ക നായർ എന്നിവരും അവരുടെ വേഷങ്ങൾ നന്നായി ചെയ്തു, തുടക്കം മുതൽ ക്ലൈമാക്‌സ് വരെയുള്ള ആക്ഷൻ സീക്വൻസുകളാണ് സിനിമയുടെ ഹൈലൈറ്റ്. സ്റ്റണ്ട് രംഗങ്ങൾ കനൽ കണ്ണനും “മാഫിയ” ശശിയും നന്നായി കൊറിയോഗ്രാഫി ചെയ്തു, പ്രത്യേകിച്ച് ജയിൽ പോരാട്ടം, പ്രീ-ക്ലൈമാക്സ്, ക്ലൈമാക്സ്. അത് വളരെ ആസ്വാദ്യകരമായിരുന്നു.

ചിത്രത്തിലെ പാലാ പള്ളി തിരുപ്പള്ളി എന്ന ​ഗാനവും ചിത്രീകരണവും മികച്ച തീയേറ്റർ അനുഭവമാണ് പ്രേക്ഷകർക്ക് സമ്മാനിച്ചത്. യൂട്യൂബ് ടോപ്പ് മ്യൂസിക് ലിസ്റ്റിൽ ഇടം നേടിയ ഗാനം ചിത്രത്തിന്റെ മറ്റൊരു വിജയഘടകമായി മാറി.

മൊത്തത്തിൽ, മികച്ച പ്രകടനങ്ങളും, മികച്ച രീതിയിൽ ചിട്ടപ്പെടുത്തിയ ആക്ഷൻ സീക്വൻസുകളും ഉള്ള ആസ്വാദ്യകരമായ ഒരു എന്റർടെയ്‌നറാണ് കടുവ.

ALSO READ  | ഓ ടി ടിയിലും കടുവ ഇറങ്ങി

LEAVE A REPLY

Please enter your comment!
Please enter your name here