നന്മ വറ്റാത്ത നഗരം; അനുഭവം പങ്ക് വച്ച് നോർക്ക ഡെവലപ്പ്മെന്റ് ഓഫീസർ

0

കേരള സർക്കാർ അഡിഷണൽ സെക്രട്ടറിയും നോർക്ക റൂട്ട്സ് ഡെവലപ്പ്മെന്റ് ഓഫീസറുമായ എസ് ശ്യാംകുമാറാണ് കഴിഞ്ഞ ദിവസം തനിക്കുണ്ടായ നഗരാനുഭവം പങ്ക് വച്ചത്. നഗരത്തിൽ നോർക്കയുടെ പ്രവർത്തനങ്ങൾ ജനകീയമാക്കുന്നതിൽ ശ്ലാഘനീയമായ പങ്ക് വഹിച്ച സർക്കാർ ഉദ്യോഗസ്ഥനാണ് ശ്യാംകുമാർ.

ശ്യാംകുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റ് :

മുംബൈ ചാപ്റ്ററിന്റെ മലയാള മിഷൻ പ്രവേശനോത്സവ പരിപാടികളിൽ പങ്കെടുത്ത് ഒരു ഊബർ ടാക്സി പിടിച്ച് ഞാൻ മടങ്ങുകയായിരുന്നു. കോരിച്ചൊരിയുന്ന മഴയത്തായിരുന്നു യാത്ര. വഴികളെല്ലാം വെള്ളത്തിൽ മുങ്ങിയതോടെ യാത്രയും ദുസ്സഹമായിരുന്നു. അത് കൊണ്ട് തന്നെ ഏറെ വൈകിയാണ് വീട്ടിലെത്തിയത്. എന്നാൽ വീട്ടിലെത്തി പത്ത് മിനിറ്റ് കഴിഞ്ഞാണ് മൊബൈൽ ഫോൺ തപ്പുന്നത്. മഴയത്ത് വണ്ടിയിൽ നിന്ന് തിരക്കിട്ട് ഇറങ്ങുന്നതിനിടയിൽ ഫോൺ സീറ്റിൽ നിന്നെടുക്കാൻ വിട്ടു പോയെന്ന് മനസ്സിലായതോടെ ടെൻഷനായി .

എന്ത് ചെയ്യണമെന്ന് അറിയാത്ത അവസ്ഥയിലായി. വന്ന വണ്ടിയുടെ നമ്പർ അടക്കം ഡ്രൈവറുടെ വിവരങ്ങൾ വരെ നഷ്ടപ്പെട്ട ഫോണിലാണ്. സഹായത്തിന് ആരെയെങ്കിലും വിളിക്കാൻ പോലും കഴിയാത്ത അവസ്ഥ.

പുറത്താണെങ്കിൽ അപ്പോഴും മഴ തകർത്തു പെയ്യുകയാണ് . ഫോൺ നഷ്ടപ്പെട്ടതിനേക്കാൾ അതിലുള്ള വിലപ്പെട്ട ഡാറ്റയും, കോൺടാക്ട് ലിസ്റ്റുമെല്ലാം എങ്ങിനെ തിരിച്ചെടുക്കും എന്ന ആശങ്ക വല്ലാതെ വേട്ടയാടി.

അങ്ങിനെ മഴ പോലും വകവയ്ക്കാതെ പുറത്തിറങ്ങി. കുടയെടുക്കാനും മറന്നു. മഴ നനഞ്ഞു കൊണ്ട് റോഡിലെത്തിയപ്പോൾ അവിടെ ആർക്കോ വേണ്ടി കാത്ത് കിടന്നിരുന്ന ഒരു ഊബർ ടാക്സി കണ്ടു. ഞാൻ ഡ്രൈവറെ കണ്ടു കാര്യങ്ങൾ പറഞ്ഞു. ആ ഡ്രൈവർ എനിക്ക് ധൈര്യം നൽകി. ഫോൺ ടാക്സിയിൽ ഉണ്ടെങ്കിൽ നഷ്ടപ്പെടില്ലെന്നും ഊബർ ഡ്രൈവർമാർ അവരുടെ വാഹനത്തിൽനിന്നും എന്ത് കിട്ടിയാലും മടക്കി നൽകുന്നതാണ് ശീലമെന്നും പറഞ്ഞു കേട്ടപ്പോൾ തന്നെ പകുതി ആശ്വാസമായി.

പിന്നീട് നല്ലവനായ ഊബർ ഡ്രൈവർ അദ്ദേഹത്തിന്റെ മൊബൈലിൽ നിന്നും എന്റെ നമ്പറിലേക്ക് വിളിച്ചു. വണ്ടിയിൽ നിന്ന് കിട്ടിയ മൊബൈൽ ആരുടെതെന്ന് സംശയിച്ച് നിന്നിരുന്ന ഡ്രൈവർ കാൾ എടുത്തതോടെ വഴിത്തിരിവായി. അവർ തമ്മിൽ സംസാരിക്കുകയും നടന്ന സംഭവങ്ങൾ വിശദീകരിക്കുകയും ചെയ്തു. മൊബൈൽ അരമണിക്കൂറിനകം എത്തിച്ചു നൽകാമെന്ന് വാക്ക് പറഞ്ഞതോടെ സമാധാനമായി.

ഞാൻ അവിടെ തന്നെ കാത്ത് നിന്നു. എന്നാൽ ഒരു മണിക്കൂർ കഴിഞ്ഞിട്ടും വിവരമൊന്നും കാണാതായതോടെ വീണ്ടും വേവലാതിയായി. അപ്പോഴും മഴ മുഴുവനും നനഞ്ഞു റോഡിൽ തന്നെ നിൽക്കുകയായിരുന്നു. പിന്നീട് അവിടെ നിന്ന ഒരു പയ്യന്റെ മൊബൈലിൽ നിന്നും ഒരിക്കൽ കൂടി വിളിച്ചു നോക്കി. അപ്പോൾ അയാൾ താനയിലേക്കൊരു സവാരി പൊയ്‌കൊണ്ടിരിക്കുകയാണെന്നും ഉടനെ എത്താമെന്നും വീണ്ടും ഉറപ്പ് നൽകി.

താനെയിൽ നിന്ന് ഇവിടെയെത്താൻ ഇനിയും സമയമെടുക്കുമെന്നതിനാൽ തൽക്കാലം വീട്ടിലോട്ട് മടങ്ങി.

ഏകദേശം അർദ്ധ രാത്രിയോടെയാണ് ഊബർ ഡ്രൈവർ എത്തിയത്. നഷ്ടപ്പെട്ടെന്ന് കരുതിയ മൊബൈൽ തിരികെ ലഭിക്കുമ്പോൾ സന്തോഷത്തോടൊപ്പം മനസ്സിൽ നിറഞ്ഞത് നന്മ നഷ്ടപെടാത്ത വ്യക്തികൾ നമ്മുടെ ചുറ്റുവട്ടത്തുണ്ടെന്ന തിരിച്ചറിവാണ്.

LEAVE A REPLY

Please enter your comment!
Please enter your name here