ന്നാ താൻ കേസ് കൊട് !! തരംഗമായി മുംബൈയിലും

0

ഫിലിം മേക്കിംഗ് സെൻസിബിലിറ്റിയെ കുറിച്ച് വ്യക്തമായ ധാരണയുള്ള രതീഷ് ബാലകൃഷ്ണ പൊതുവാൾ തന്റേതായ ശൈലിയിൽ ഒരുക്കിയ മറ്റൊരു ചിത്രമാണ് കുഞ്ചാക്കോ ബോബനെ നായകനാക്കിയുള്ള ന്നാ താൻ കേസ് കൊട് എന്ന രസകരമായ ചിത്രം.

കൊഴുമ്മല്‍ രാജീവന്‍ എന്ന കഥാപാത്രമായാണ് കുഞ്ചാക്കോ ബോബന്‍ അഭിനയിക്കുന്നത്. ഒരുകാലത്ത് കള്ളനായിരുന്ന രാജീവന്‍റെ ജീവിതത്തിൽ റോഡിലെ ഒരു കുഴി മൂലം ഉണ്ടാകുന്ന സംഭവവും തുടർന്നുള്ള കേസുമാണ് സിനിമയുടെ പ്രമേയം. നിസ്സഹായനും കൗശലക്കാരനുമായ രാജീവനായി സിനിമയിലുടനീളം നിറഞ്ഞു നിൽക്കുകയാണ് കുഞ്ചാക്കോ ബോബൻ.

തമിഴ് താരം ഗായത്രി ശങ്കര്‍ അണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. രാജീവൻ്റെ കണ്ണും കരുത്തും അയാളുടെ ചാലക ശക്തിയുമായ ദേവിയെന്ന തമിഴ് കഥാപാത്രത്തെ ഗായത്രി അനായാസം പ്രേക്ഷകരിലേക്ക് എത്തിച്ചിട്ടുണ്ട്. നിരവധി പുതുമുഖങ്ങൾ അണി നിറക്കുന്ന ചിത്രത്തിൽ സ്ക്രീനിൽ വന്നുപോയവരെല്ലാം ശ്രദ്ധ നേടുന്നുണ്ട്. മജിസ്‌ട്രേറ്റ് ആയി വേഷമിട്ട പി പി കുഞ്ഞികൃഷ്ണൻ മികച്ച പ്രകടനം കൊണ്ട് പ്രേക്ഷക പ്രീതി നേടി

റിലീസാകുന്നതിന് മുൻപ് തന്നെ ഹിറ്റായ ചിത്രത്തിന് വലിയ വരവേൽപ്പാണ് കേരളത്തിന് പുറത്തും ലഭിച്ചു കൊണ്ടിരിക്കുന്നത്. മുംബൈയിൽ ഒമ്പത് കേന്ദ്രങ്ങളിലായി പ്രദർശിപ്പിക്കുന്ന ചിത്രത്തിന് എല്ലാ കേന്ദ്രങ്ങളിൽ നിന്നും ഗംഭീര സ്വീകരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്.

ഒരാഴ്ച വൈകിയാണ് സിനിമ മുംബൈയിൽ എത്തിയതെങ്കിലും ആവേശകരമായ വരവേൽപ്പാണ് മുംബൈ മലയാളികൾ സിനിമയ്ക്ക് ലഭിച്ചത്. എല്ലാത്തരം പ്രേക്ഷകരെയും രസിപ്പിക്കുന്ന രീതിയിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ആക്ഷേപഹാസ്യത്തിന്റെ മേമ്പൊടിയോടെ സമകാലിക സംഭവങ്ങളുമായി സംവദിക്കുന്ന ചിത്രം ഒട്ടും മുഷിപ്പില്ലാതെ കണ്ടിരിക്കാം. ആക്ഷൻ ഹീറോ ബിജുവിൽ പോലീസ് സ്റ്റേഷന്റെ പശ്ചാത്തലത്തിലാണെങ്കിൽ ഇവിടെ കോടതിയെ ചുറ്റിപ്പറ്റിയാണ് സിനിമ പുരോഗമിക്കുന്നത്.

രതീഷ് ബാലകൃഷ്ണ പൊതുവാളാണ് സിനിമയുടെ സംവിധായകന്‍.ഫാർസ് ഫിലിംസാണ് ചിത്രം പ്രദർശനത്തിന് എത്തിക്കുന്നത്. പ്രശസ്ത നിർമ്മാതാവ് സന്തോഷ്. ടി. കുരുവിള നിർമ്മാണവും കുഞ്ചാക്കോ ബോബൻ പ്രൊഡക്ഷൻസ്, ഉദയ പിക്ചേഴ്സ് എന്നീ ബാനറുകളുടെ കീഴിൽ കുഞ്ചാക്കോ ബോബൻ സഹനിർമ്മാണവും നിർവഹിച്ച ചിത്രത്തിന്റെ മറ്റൊരു സഹനിർമ്മാതാവ് ഷെറിൻ റേച്ചൽ സന്തോഷാണ്.

This image has an empty alt attribute; its file name is akbar.png

LEAVE A REPLY

Please enter your comment!
Please enter your name here