കൊറോണ കാലം കഴിഞ്ഞുള്ള തന്റെ ആദ്യ പ്രജാ സന്ദർശനത്തിന് ഒരുങ്ങിയിരിക്കുകയാണ് മഹാബലി. കാലൻ കുടയ്ക്ക് ഗമ പോരെന്ന് തോന്നിയതിനാൽ ആമസോണിൽ നിന്ന് ഒരു നാല് മടക്കുള്ള പോപ്പി കുടയും വാങ്ങി കാത്തിരിക്കാൻ തുടങ്ങിയിട്ട് നാളേറെയായി. അതാവുമ്പോൾ അരയിൽ തിരുകാം. കൈ ഫ്രീയാകും , അത് കൊണ്ട് ഇടക്കിടെ മോബൈൽ നോക്കാൻ ബുദ്ധിമുട്ടില്ല.
പാതാളത്തിൽ നിന്നു വരുന്നവർക്ക് ചെക്കിങ്ങില്ലാതെ ഗ്രീൻ ചാനൽ വഴി പുറത്ത് കടക്കാമെന്ന് ആരോ പറഞ്ഞെങ്കിലും കിരീടത്തിലെ പ്ലാസ്റ്റിക് മുത്തുകൾ വരെ പരിശോധിച്ചിട്ടേ എയർപോർട്ടിൽ നിന്ന് പുറത്ത് കടത്തിയുള്ളു. ആളുകൾ പല്ലിന്റെ ഇടയിൽവരെ ഒളിപ്പിച്ച് സ്വർണ്ണം കടത്തുന്നതു കൊണ്ട് കിരീടത്തിലെ മുത്തുകളും കഴുത്തിലെ അലങ്കാരമാലകളും പരിശോധനക്കായി പിടിച്ചു വെച്ച് മഫ്ടിയിലാണ് മഹാബലിയെ പുറത്തു വിട്ടത്. അതുകൊണ്ട് ഇത് എക്സ്- ചക്രവർത്തിയാണെന്ന് ആർക്കുമൊട്ടും മനസ്സിലായതുമില്ല.
പ്രിപെയ്ഡ് ടാക്സിക്ക് ചാർജ് കൂടും എന്ന് ആരോ ഉപദേശിച്ചതു കേട്ടാണ് എയർപോർട്ടിൽ നിന്ന് പുറത്തു കടന്ന് ഒരു ടാക്സി പിടിക്കാമെന്ന് കരുതിയത്. അതിനായി കാൽനടയായി കുറച്ച് നടന്നപ്പോഴാണ് മാവേലിക്ക് താൻ വീണ്ടും പാതാളത്തിലേക്ക് തന്നെ പോകുന്നതായി തോന്നിയത്. ചെളിവെളളത്തിൽ നിന്ന് പിടഞ്ഞെണീക്കുമ്പോഴാണ് എവിടെ നിന്നോ ഒരു ഓണപ്പാട്ട് ഒഴുകി വരുന്നത് കേട്ടത്. കള്ളപ്പനയും ചെറു കുഴിയും എള്ളോളമില്ല എന്ന വരികൾ കേട്ട് നടുറോഡിൽ അന്തിച്ച് നിൽക്കുന്ന മാവേലിയോട് അത് വഴി ബൈക്ക് ഉരുട്ടി വന്ന ഒരു ന്യൂജെൻ പയ്യൻ അർത്ഥം പറഞ്ഞു കൊടുത്തു.. കളപ്പന , കള്ള് ചെത്തുന്ന പന, ചെറു കുഴിയും, റോഡിൽ ചെറിയ കുഴികളും എള്ളോളമില്ല.. അതായത് നാട്ടിൽ ചെത്ത് പനകളും റോഡിൽ ചെറിയ കുഴികളുമില്ല എന്നാണ് പാട്ടിന്റെ അർത്ഥം.
അതായത് ലഹരി മുക്തമായ കുഴികളില്ലാത്ത വഴികളുള്ള നാടാണോ എന്റെ മലയാളം ? മാവേലി സംശയം പ്രകടിപ്പിച്ചു.
അയ്യോ അതല്ല, ലഹരിക്ക് പനങ്കള്ള് ഒന്നും വേണ്ട ഞങ്ങൾക്ക് . ആ റോഡിന് അപ്പുറത്ത് കൈകൂപ്പി ഭക്തിയോടെ അച്ചടക്കത്തോടെ നിൽക്കുന്നവരെ കണ്ടോ ? അത് ദീപാരാധന തൊഴാൻ നിൽക്കുന്നതല്ല. പിന്നെ കുഴികൾ – ഇതിനെ കുഴിയെന്ന് പറയാൻ പറ്റില്ലല്ലോ.. ആളുകളെ ചവിട്ടിതാഴ്ത്തുന്ന ഒരു മിനി പാതാളമല്ലേ.. അത്രയും പറഞ്ഞ് ന്യൂ ജെൻ ബൈക്ക് ഉരുട്ടി എങ്ങോട്ടോ മറഞ്ഞു.
നടുറോഡിൽ സന്ധ്യക്ക് ഒറ്റക്കായ മഹാബലിക്ക് ചുറ്റും ഒരുപറ്റം തെരുവുനായ്ക്കൾ വട്ടമിട്ടു കുരച്ചു. സന്ധ്യക്ക് ഒരു കേരളച്ചൂരില്ലാത്ത ഈ അവതാരം ഏതെന്ന അർത്ഥത്തിൽ .
തുടരും …

Whatsapp 8691034228