ഓടിക്കൂടിയ നായ്ക്കളെ കണ്ടപ്പോൾ മഹാബലിക്ക് വീണ കുഴിയിൽ തന്നെ കിടന്നാൽ മതിയായിരുന്നു എന്ന് തോന്നി. ചുറ്റും കൂടിനിന്ന് നായ്ക്കൾ ഇയാളെ ഘെരാവോ ചെയ്യണോ അതോ വെറും പ്രതിഷേധം പ്രകടിപ്പിച്ചാൽ മതിയോ എന്നാലോചിച്ച് നിൽക്കുമ്പോഴാണ് കൊടിപറത്തി സൈറൺ മുഴക്കി കുറെ വാഹനങ്ങൾ ദൂരെനിന്ന് ചീറിപാഞ്ഞ് വന്നത്. അതുകണ്ടതും നായ്ക്കളുടെ ശൗര്യമെല്ലാം ചോർന്ന് അവറ്റകൾ അടുത്തുള്ള പറമ്പിലേക്ക് ഓടിമറഞ്ഞു. അപ്പോഴാണ് മഹാബലിക്ക് ഒന്ന് ശ്വാസം നേരെ വീണത്.
നായ്ക്കളുടെ ഭീഷണി ഒഴിവായപ്പോൾ മഹാബലി ഓർത്തത് കുറച്ച് മുന്നേ കേട്ട ഓണപ്പാട്ടിനെ കുറിച്ചായിരുന്നു. മനുഷ്യനായാലും മഹാബലിയായാലും ഒരു പണിയും ടെൻഷനും ഇല്ലാത്തപ്പോഴാണല്ലോ വേണ്ടാത്തതൊക്കെ ആലോചിക്കുക. കള്ളപ്പറയും ചെറുനാഴിയും എന്നാണല്ലോ ഞാൻ പണ്ടൊക്കെ വരുമ്പോൾ കേട്ടിരുന്ന പാട്ട്, ഇതെങ്ങിനെ കള്ളപ്പനയും ചെറുകുഴിയും ആയി. ആരോട് ചോദിച്ച് ഒന്ന് സംശയം തീർക്കും എന്നാലോചിച്ച് നടക്കുമ്പോഴാണ് ഒരു ഓഫീസിന്റെ മുന്നിൽ കുറെ ആളുകൾ കൂട്ടം കൂടി നിൽക്കുന്നത് കണ്ടത്. നേരെ അങ്ങോട്ട് വച്ച് പിടിച്ചു, വഴിയിൽ ആരോ പറഞ്ഞു അവിടെ എല്ലാ സംശയങ്ങൾക്കും പരിഹാരം കിട്ടും, സഹായം നൽകും. ആൾക്കൂട്ടത്തിന്റെ അരികു പറ്റി മഹാബലിയും ഊഴം കാത്ത് നിന്നു. കമ്പ്യൂട്ടറിനു മുന്നിലിരിക്കുന്ന പെൺകുട്ടി എല്ലാവർക്കും സംശയ നിവാരണവും സഹായങ്ങളും ചെയ്തു കൊടുക്കുന്നു. മഹാബലി മനസ്സിൽ ആലോചിച്ചു, പരസ്പര സഹകരണം, സഹവർത്തിത്വം, എല്ലാം എന്റെ കാലത്തെ പോലെത്തന്നെ ഇപ്പോഴും. ഒന്നും മാറിയിട്ടില്ല.
തന്റെ ഊഴം വന്നപ്പോൾ മഹാബലി പെൺകുട്ടിക്ക് മുന്നിലെ കസേരയിൽ ചെന്നിരുന്നു. പെൻഷനില്ലെങ്കിലും ഇരുത്തത്തിന് മുൻ ചക്രവർത്തിയാണല്ലോ താൻ എന്നൊരു ഭാവമുണ്ടായിരുന്നു. തല ഉയർത്തി മഹാബലിയെ നോക്കിയ പെൺകുട്ടി തമ്പുരാനോട് കയർത്തു “ലഡ്‌കി കാ സാംനെ ബിനാ ഷർട്ട് ഐസാ ബൈട് നെ കോ ശരം നഹി ആതിഹൈ ? ” ഇതെന്തു ഭാഷ, താൻ പോകുമ്പോൾ ഇവരൊക്കെ മണിമണിപോലെ മലയാളം പറഞ്ഞിരുന്നതാണല്ലോ. കേരളത്തിന്റെ ഭാഷയും മാറ്റിയോ ? അന്തം വിട്ടിരിക്കുന്ന മഹാബലിയോട് വീണ്ടും, കുട്ടി, രാഷ്ട്രഭാഷ നഹി ആതി ? ശരം കീ ബാത് ഹൈ!! മഹാബലി പെട്ടുപോയല്ലോ എങ്ങിനെ ഇവിടെനിന്ന് രക്ഷപ്പെടും എന്നോർത്ത് ഇടം വലം നോക്കുമ്പോൾ വരിയിൽ നിൽക്കുന്ന ഒരാൾ പറഞ്ഞു, പെൺകുട്ടികളുടെ മുന്നിൽ ഇങ്ങനെ ഷർട്ടിടാതെ വന്നിരിക്കാൻ നാണമില്ലേ എന്നാണ് ആ കുട്ടി ചോദിച്ചത്”. ആ കുട്ടി മലയാളിയല്ല, ബംഗാളിക്കുട്ടിയാ . രാഷ്ട്രഭാഷ അറിയില്ല എന്ന് പറയാൻ ലജ്ജയില്ലേ എന്നാണ് ചോദിച്ചത്. മാവേലി തല ഉയർത്തി ചുമരിലേക്ക് നോക്കി, അവിടെ മലയാളത്തിൽ എഴുതി വച്ചിരിക്കുന്നു “അക്ഷയ സെന്റർ”. ഇവിടെയും ബംഗാളികളാണോ ജോലി ചെയ്യുന്നത്. മഹാബലി നെടുവീർപ്പിട്ടു.
എന്താ അങ്ങയുടെ സംശയം, കൂട്ടത്തിലെ മാന്യനായ ഒരു വ്യക്തി മഹാബലിയോട് ചോദിച്ചു, എനിക്ക് ചെറിയൊരു സംശയം, കള്ളപ്പറയും ചെറുനാഴിയും എന്ന പഴയ പാട്ട് എങ്ങിനെയാണ് മാറിയതെന്ന്. ഓ, അതൊക്കെ എന്നേ പോയി, ഇപ്പോൾ പറയും നാഴിയും മലയാളം പാഠാവലിയിൽ മാത്രമേ ഉള്ളൂ. കൃഷി ഉണ്ടെങ്കിലല്ലേ പറയും നാഴിയും ഒക്കെ കാണൂ. കാലം മാറിയതൊന്നും അങ്ങ് അറിഞ്ഞില്ല അല്ലേ . അല്ല, താങ്കളെ മനസ്സിലായില്ല, ഇവിടുത്തുകാരനല്ല മനസ്സിലായി, ശ്രീലങ്കൻ അഭയാർത്ഥിയാണോ അതോ ഉക്രയിനിൽ നിന്നോ? സഹായി സംശയം ചോദിച്ചു.
ഞാൻ കുറച്ചകലെ നിന്നാ, അവിടെ മനുഷ്യരൊന്നും ഉണ്ടായിരുന്നില്ല, ഇപ്പോൾ റോഡിലെ കുഴിയിൽ വീണതാ എന്ന് പറഞ്ഞ് ചിലരൊക്കെ വരാൻ തുടങ്ങിയിട്ടുണ്ട്. ഇത്രയും പറഞ്ഞ് മഹാബലി അക്ഷയ സെന്ററിൽ നിന്നും ഇറങ്ങി നടന്നു.
തുടരും ….
ALSO READ | വിമാനമിറങ്ങിയ മഹാബലി

Whatsapp 8691034228