മുംബൈയിൽ സേവനരംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച സംഘടനയായ വേൾഡ് മലയാളി കൗൺസിൽ മികച്ച വിജയം നേടിയ വിദ്യാർഥികൾക്ക് വിദ്യാഭ്യാസ സഹായം വിതരണം ചെയ്തു.
എച്ച്.എസ്.സി., എസ്.എസ്.സി., പരീക്ഷകളിൽ 85 ശതമാനത്തിൽ കൂടുതൽ മാർക്ക് നേടിയ നൂറോളം കുട്ടികൾക്കാണ് വിദ്യാഭ്യാസ സഹായം നൽകിയത്
മുംബൈയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് ലഭിച്ച അപേക്ഷകൾ പരിഗണിച്ചാണ് അർഹതപ്പെട്ട വിദ്യാർത്ഥികളെ തിരഞ്ഞെടുത്ത് തുടർപഠനത്തിനായി സഹായം നൽകിയത്.
അന്ധേരി സാകിനാക്കയിൽ വച്ച് നടന്ന ചടങ്ങിൽ മുംബൈ പ്രൊവിൻസ് പ്രസിഡന്റ് കെ കെ നമ്പ്യാർ അധ്യക്ഷനായിരുന്നു. ചെയർമാൻ ഗോകുൽദാസ് മാധവൻ, ജനറൽ സെക്രട്ടറി എം കെ നവാസ് എന്നിവർ വേദി പങ്കിട്ടു.
വേൾഡ് മലയാളി കൗൺസിൽ മുംബൈ പ്രൊവിൻസ് വർഷംതോറും നൽകിവരുന്നതാണ് വിദ്യഭ്യാസ സഹായമെന്ന് കെ കെ നമ്പ്യാർ പറഞ്ഞു.
കഴിഞ്ഞ എട്ടു വർഷമായി നൽകി വരുന്ന വിദ്യാഭ്യാസ സഹായം തുടരുവാൻ സംഘടനയിലെ അംഗങ്ങളുടെ സഹകരണം ശ്ലാഘനീയമാണെന്നും പത്തു ലക്ഷത്തോളം രൂപയാണ് ഇതിനായി ചിലവായതെന്നും ജനറൽ സെക്രട്ടറി എം കെ നവാസ് പറഞ്ഞു.
85 ശതമാനത്തിൽ കൂടുതൽ മാർക്ക് നേടിയ കുട്ടികൾക്കാണ് സംഘടന സഹായം ഏർപ്പെടുത്തിയിരിക്കുന്നതെന്ന് വേൾഡ് മലയാളി കൗൺസിൽ പ്രസിഡന്റ് കെ.കെ. നമ്പ്യാർ അറിയിച്ചു.
തുടർന്നും ഉന്നത പഠനത്തിന് സാമ്പത്തിക സഹായം ആവശ്യമായ അർഹരായ വിദ്യാർത്ഥികളെ ചേർത്ത് പിടിക്കാൻ വേൾഡ് മലയാളി കൗൺസിൽ പ്രതിജ്ഞാബദ്ധരാണെന്നും നമ്പ്യാർ കൂട്ടിച്ചേർത്തു.
മഹാമാരിക്കാലം വിദ്യാഭ്യാസ മേഖലയെ പ്രതിസന്ധിയിലാക്കിയപ്പോൾ ഓൺലൈൻ പഠന സൗകര്യമില്ലാതെ കഷ്ടപ്പെട്ടിരുന്ന കുട്ടികൾക്ക് ടാബുകൾ വിതരണം ചെയ്തായിരുന്നു സേവന രംഗത്തു വ്യക്തി മുദ്ര പതിപ്പിച്ച സംഘടന മാതൃകയായത്.