ന്നാ താന്‍ കേസ് കൊട് ഹോട്ട്സ്റ്റാറില്‍

0

തീയേറ്ററുകളിലെ ആരവം ഇനിയും കെട്ടടങ്ങാതെ തുടരുന്ന കുഞ്ചാക്കോ ബോബൻ സൂപ്പർ ഹിറ്റ് ചിത്രം തിരുവോണ ദിവസം ഒടിടി പ്ലാറ്റുഫോമിലും ലഭ്യമായി. ഡിസ്‌നി+ഹോട്ട്സ്റ്റാറിലാണ് ന്നാ താന്‍ കേസ് കൊട് പ്രദര്‍ശനത്തിനെത്തിയത്.

രതീഷ് ബാലകൃഷ്ണ പെതുവാള്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച ചിത്രം ഒടിടിയിലെത്തിയതോടെ ഇതര ഭാഷക്കാരടങ്ങുന്ന കൂടുതൽ പ്രേക്ഷകരിലേക്ക് എത്തുകയായിരുന്നു.

മോഷണം തൊഴിലാക്കിയിരുന്ന കോഴുമ്മല്‍ രാജീവന്‍ കളവെല്ലാം നിർത്തി പണിയെടുത്ത് ജീവിക്കാൻ തുടങ്ങിയെങ്കിലും കള്ളനെന്ന ചീത്തപ്പേര് നിരന്തരം വേട്ടയാടി. സ്നേഹിക്കുന്ന പെണ്ണ് വരെ ഇതിന്റെ പേരിൽ കുറ്റപ്പെടുത്താൻ തുടങ്ങി. അങ്ങനെയിരിക്കുമ്പോഴാണ് ഒരു രാത്രിയിൽ അമ്പല പരിപാടി കഴിഞ്ഞു മടങ്ങവേ എം എൽ എയുടെ മതിൽ ചാടി കടന്നപ്പോൾ പട്ടി കടിച്ച സംഭവം വീണ്ടും ഇയാളെ പ്രതിക്കൂട്ടിലാക്കുന്നത്. തനിക്ക് മേല്‍ ആരോപിക്കപ്പെട്ട മോഷണക്കുറ്റം തെറ്റെന്ന് തെളിയിക്കാന്‍ കോടതിയില്‍ സ്വയം വാദിച്ച് നടത്തുന്ന ശ്രമങ്ങളാണ് ചിത്രത്തിന്റെ ഇതിവൃത്തം. സന്തോഷ് ടി. കുരുവിള നിര്‍മ്മിച്ചിരിക്കുന്ന ചിത്രത്തില്‍ കുഞ്ചാക്കോ ബോബന്‍, ഷെറിന്‍ റേച്ചല്‍ എന്നിവര്‍ സഹനിര്‍മാതാക്കളുമാണ്.

കോടതിയുടെ പശ്ചാത്തലത്തിലാണ് ചിത്രം പുരോഗമിക്കുന്നത്. കാസര്‍കോടന്‍ ഗ്രാമവും ഗ്രാമീണ ഭാഷയും സ്വാഭാവികത്തനിമയുള്ള അഭിനയവുമെല്ലാം പ്രേക്ഷകരെ രസിപ്പിക്കാനും ചിന്തിക്കാനും ഉതകുന്നതായി . കുഞ്ചാക്കോ ബോബന് പുറമെ ഗായത്രി ശങ്കര്‍, ഉണ്ണിമായ പ്രസാദ്, രാജേഷ് മാധവന്‍, ബേസില്‍ ജോസഫ് എന്നിവരോടൊപ്പം കാസര്‍കോട് നിവാസികളായ ഒട്ടേറെ പുതുമുഖങ്ങളും ചിത്രത്തില്‍ സ്വാഭാവിക അഭിനയം കാഴ്ചവെച്ചിരിക്കുന്നു.

മികച്ച തിരക്കഥയും അതിനോട് ചേർന്ന ദൃശ്യഭാഷയും ചിത്രത്തെ രസകരമാക്കിയപ്പോൾ ആദ്യാവസാനം മുഷിപ്പില്ലാതെ കണ്ടിരിക്കാവുന്ന മികച്ച ചിത്രമായി മാറുകയായിരുന്നു ന്നാ താന്‍ കേസ് കൊട് .

കുഞ്ചാക്കോ ബോബന്റെ കരിയറിലെ വ്യത്യസ്തമായ കഥാപാത്രമായി രാജീവന്‍ തിളങ്ങി. ഇതിനായി ദിവസേന ഒന്നര മണിക്കൂറോളം മേക്കപ്പിനായി ചിലവഴിച്ചതും അഭിനയിച്ച ചിത്രം ആദ്യമായി കാസര്‍കോട് ഭാഷ സംസാരിക്കുന്നതുമെല്ലാം ചിത്രത്തിന് ഗുണം ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here