ഗുരു വിഭാവനം ചെയ്ത സമൂഹമായി മാറാൻ പുതിയ തലമുറയെ വാർത്തടുക്കണം; ഗുരുജയന്തി ആഘോഷത്തെ വർണാഭമാക്കി SNDP യോഗം

0

ഗുരു വിഭാവനം ചെയ്ത സമൂഹമായി മാറാൻ പുതിയ തലമുറയെ വാർത്തെടുക്കണം . സംഘടിച്ച് ശക്തരാകുവാനും വിദ്യകൊണ്ട് പ്രബുദ്ധരാകുവാനുമാണ് ഗുരു ആഹ്വാനം ചെയ്തത്. ആ ഇടപെടലുകളും ദർശനവും സമൂഹത്തിലാകെ പരിവർത്തനം സൃഷ്ടിച്ചെന്നും സാമൂഹിക പരിഷ്കർത്താവായ ഗുരുവിന്റെ സന്ദേശങ്ങളും ദർശനവും മറുനാട്ടിലും പകർന്നാടാനുള്ള ഉദ്യമങ്ങൾ ശ്ലാഘനീയമാണെന്നും ഗുരുജയന്തി ആഘോഷത്തിൽ പങ്കെടുത്ത സിനിമാ സീരിയൽ താരങ്ങൾ പറഞ്ഞു.

സിനിമ സീരിയൽ താരങ്ങളായ ശ്രീധന്യയും രാജീവും

ശ്രീനാരായണ ധർമ്മ പരിപാലന യോഗം അംബർനാഥ് യൂണിറ്റ് സംഘടിപ്പിച്ച ഗുരുജയന്തി മഹോത്സവത്തോടനുബന്ധിച്ച് നടന്ന സാംസ്‌കാരിക പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു പ്രശസ്ത സിനിമാ സീരിയൽ താരങ്ങളായ രാജീവ് പരമേശ്വരനും ശ്രീധന്യയും. അംബർനാഥ് യുണിറ്റ് പ്രസിഡന്റ് എം പി അജയകുമാർ അധ്യക്ഷനായിരുന്നു. സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുത്തു. സാമൂഹിക പ്രവർത്തകരായ കബീർ ഗെയ്ക്‌വാഡ്, ചരൺ രസാൾ, തുടങ്ങിയവർ പ്രത്യേക ക്ഷണിതാക്കളായിരുന്നു. മാവേലിക്കര ശ്രീകുമാർ ചടങ്ങുകൾ നിയന്ത്രിച്ചു.

ജാതി മത ചിന്തകളും അനാചാരങ്ങളും അന്ധവിശ്വാസങ്ങളും കൊടികുത്തിവാണ സമൂഹത്തിൽ നവോത്ഥാനത്തിന്റെ പുതുവെളിച്ചം വിതറിയ ശ്രീനാരായണ ഗുരുവിന്റെ ജന്മദിനത്തോടനുബന്ധിച്ച് സെപ്റ്റംബർ 10 ശനിയാഴ്ച വൈകുന്നേരം 5 മണിക്ക് ഗുരുമന്ദിരത്തിൽ നിന്നും താലപ്പൊലി വാദ്യഘോഷങ്ങളോട് കൂടിയ ഘോഷയാത്രയോടെയാണ് ചടങ്ങുകൾക്ക് തുടക്കമിട്ടത്.

യൂണിറ്റിലെ വനിതാ സംഘം, യൂത്ത് മൂവ്മെന്റ് കൂടാതെ കുമാരി സംഘത്തിന്റെയും സംയുക്താഭിമുഖ്യത്തിലാണ് അംബർനാഥ് നവരെ പാർക്കിൽ വിപുലമായ ആഘോഷപരിപാടികൾ അരങ്ങേറിയത്.

മലാഡിലും ഡോംബിവ്‌ലിയിലും ഗുരുജയന്തി ആഘോഷിച്ചു.

ശ്രീനാരായണ ധർമ്മ പരിപാലന യോഗം മുംബൈ-താനെ യൂണിയൻ, ശാഖായോഗം, വനിതാ സംഘം യൂണിയൻ , വനിതാസംഘം യൂണിറ്റ്, യൂത്ത് മൂവ്മെന്റ്, ബാലജനയോഗം, കുമാരി സംഘം, വൈദിക വേദി എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ സെപ്തംബർ 11 ഞായറാഴ്ച മലാഡ് വെസ്റ്റ് മാർവെയിലുള്ള സിർവി സമാജ് ഓഡിറ്റോറിയത്തിൽ വെച്ച് ഗുരുജയന്തി ആഘോഷിച്ചു.

എസ്.എൻ.ഡി.പി.യോഗം മുംബൈ-താനെ യുണിയനിലെ ആദ്യ ശാഖയായ ഡോംബിവലിയിലും സെപ്റ്റംബർ 10 ന് വിപുലമായ രീതിയിൽ ഗുരുജയന്തി ആഘോഷിച്ചു,.

ശ്രീനാരയണ നഗർ മോഡൽ ഇംഗ്ലീഷ് സ്കൂൾ അങ്കണത്തിലെ തുഞ്ചൻ സ്‌മാരക ഹാളിൽ വിവിധ കലാ-സാംസ്‌കാരിക പരിപാടികളോടെയാണ് ആഘോഷ പരിപാടികൾ അരങ്ങേറിയത്.

LEAVE A REPLY

Please enter your comment!
Please enter your name here