ഗുരുജയന്തിയെ ആഘോഷമാക്കി ബാലേട്ടനും അതിഥി ടീച്ചറും

0

അംബർനാഥ് എസ് എൻ ഡി പി ശാഖ സംഘടിപ്പിച്ച ഗുരുജയന്തി ആഘോഷത്തിൽ പങ്കെടുക്കാനെത്തിയതായിരുന്നു കുടുംബ പ്രേക്ഷകരുടെ ഇഷ്ട താരങ്ങളായ രാജീവ് പരമേശ്വരനും ശ്രീധന്യയും .

ജനപ്രിയ സീരിയലുകളായ സാന്ത്വനത്തിലെ ബാലേട്ടനായും കൂടെവിടെയിലെ അതിഥി ടീച്ചറായും അഭിനയിക്കുന്ന താരങ്ങൾക്ക് ഗംഭീര വരവേൽപ്പാണ് അംബർനാഥിൽ ലഭിച്ചത്. കൂടെ നിന്ന് സെൽഫിയെടുക്കാനും സിനിമാ സീരിയൽ വിശേഷങ്ങൾ ചോദിച്ചറിയാനും വലിയ തിരക്കായിരുന്നു.
കേരളത്തിൽ പോലും ലഭിക്കാത്ത സ്വീകരണമാണ് മുംബൈ മലയാളികൾ നൽകിയതെന്നും കഥാപാത്രങ്ങൾക്ക് ലഭിച്ച വലിയ അംഗീകാരമായി കാണുന്നുവെന്നും താരങ്ങൾ പറഞ്ഞു. സ്വന്തം കുടുംബത്തിലെ ഒരംഗത്തെ പോലെയാണ് ഇവർ രണ്ടു പേരുമെന്നാണ് ഒരു വീട്ടമ്മ പറഞ്ഞത്. ഇതിനകം അഞ്ഞൂറിലധികം എപ്പിസോഡുകൾ പിന്നിട്ട സീരിയൽ മുടങ്ങാതെയാണ് കാണുന്നതെന്നും കൂട്ടിച്ചേർത്തു.

നിരവധി പുരുഷന്മാരും ബാലേട്ടനോടും അതിഥി ടീച്ചർക്കുമൊപ്പം സെൽഫിയെടുക്കാനെത്തി. കോവിഡിനെ തുടർന്നുണ്ടായ ലോക് ഡൌൺ സിനിമകളുടെയും സീരിയലുകളുടെയും ആസ്വാദനത്തിന്റെ കാര്യത്തിൽ വലിയ മാറ്റങ്ങളാണ് ഉണ്ടാക്കിയതെന്ന് രാജീവ് പറഞ്ഞു. പലപ്പോഴും സ്ത്രീകൾ കൂടുതലായി കണ്ടിരുന്ന സീരിയലുകളെല്ലാം ഇപ്പോൾ പുരുഷ പ്രേക്ഷകരിലേക്ക് വ്യാപിപ്പിക്കുവാനും കൊറോണക്കാലം നിമിത്തമായെന്നാണ് രാജീവിന്റെ വീക്ഷണം

മലയാളത്തിലും തമിഴിലുമായി സീരിയലുകൾ കൂടാതെ പാപ്പി അപ്പച്ചാ അടക്കം പത്തോളം സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. രാജീവ് തന്റെ കരിയർ കരുപ്പിടിപ്പിക്കുന്നത് മുംബൈയിൽ നിന്നാണ്. വർഷങ്ങൾക്ക് മുൻപ് മഹാനഗരത്തിൽ ജോലി ചെയ്തിരുന്ന രാജീവ് മോഡലിംഗിലൂടെയാണ് ദൃശ്യ മാധ്യമ രംഗത്തെത്തുന്നത്.
കമൽഹാസൻ ചിത്രമായ നായകൻ കൂടാതെ മോഹൻലാൽ ചിത്രമായ ആര്യൻ തുടങ്ങിയ സിനിമകളിലൂടെയാണ് മുംബൈ നഗരത്തെ കണ്ടതെന്നും അന്നെല്ലാം മുംബൈയിലെത്തി അണ്ടർ വേൾഡിൽ ചേരണമെന്നായിരുന്നു മോഹമെന്നും രാജീവ് പറഞ്ഞു. അത്തരം സിനിമകൾ കാണുമ്പോൾ ഏതൊരാൾക്കും ഉണ്ടാകുന്ന വികാരം അതായിരുന്നുവെന്നും സ്മരണകൾ അയവിറക്കി രാജീവ് കൂട്ടിച്ചേർത്തു..

മുംബൈ ഒരു പാട് പേരുടെ ജീവിതം മാറ്റി മറിച്ച നഗരമാണെന്നും, അത് പോലെ തന്നെയാണ് തന്റെ ജീവിതത്തിലും മാറ്റങ്ങൾക്ക് നഗരം വഴിത്തിരിവായതെന്നും രാജീവ് വ്യക്തമാക്കി.

കോവിഡിന് ശേഷം ഇതാദ്യമായാണ് ഒരു പൊതു പരിപാടിയിൽ പങ്കെടുക്കുന്നതെന്ന് ശ്രീധന്യ പറഞ്ഞു. ജന്മനാടിന്റെ സംസ്കാരവും പൈതൃകവും പുതിയ തലമുറക്ക് പകർന്നാടാനുള്ള വേദികൾ കൂടിയാണ് ഇത്തരം ആഘോഷങ്ങളെന്നും കൂട്ടിച്ചേർത്തു.

LEAVE A REPLY

Please enter your comment!
Please enter your name here