നവതിയിലേക്ക് നടന്നടുക്കുന്ന മലയാളത്തിന്റെ മധു വസന്തം

മലയാള സിനിമയുടെ കാരണവര്‍ എണ്‍പത്തിയൊന്‍പതാം പിറന്നാള്‍ നിറവിൽ നൂറുകണക്കിന് കഥാപാത്രങ്ങളിലൂടെ മലയാളി മനസ്സുകളെ ത്രസിപ്പിച്ച നടൻ നവതിയിലേക്ക് കാലെടുത്ത് വയ്ക്കുകയാണ്. മുംബൈയിലെ സാമൂഹിക പ്രവർത്തകനായ ബിജുകുമാർ എഴുതുന്നു

0

തിരുവനത്തപുരം നഗരത്തിന്റെ മേയറായിരുന്ന ആർ.പരമേശ്വരൻ പിള്ളൈയുടെയും തങ്കമ്മയുടെയും മകനായി 1933 സെപ്റ്റംബർ 23 ന് ജനനം. മാതാപിതാക്കൾ നൽകിയ പേരാണ് മാധവൻ നായർ. ഹൈസ്കൂൾ വിദ്യാഭാസത്തിനുശേഷം യൂണിവേഴ്സിറ്റി കോളേജിൽ നിന്നും ബി.എ ബിരുദം നേടി തുടർന്ന് ലോകത്തിലെ തന്നെ ഏറ്റവും വലിയ സർവകലാശാലകളിൽ ഒന്നായ ബനാറസ് ഹിന്ദു സർവകലാശാലയിൽ നിന്നും ഹിന്ദിയിൽ ബിരുദാനന്തര ബിരുദം നേടിയതിനുശേഷം നാഗർകോവിലിലെ ഹിന്ദു കോളേജ് & സ്കോട്ട് ക്രിസ്ത്യൻ കോളേജുകളിൽ എന്നിവിടങ്ങളിൽ ഹിന്ദി പ്രൊഫെസ്സറായി. പ്രൊഫെസ്സറിൽ നിന്ന് നടൻ, സിനിമ നിർമിതാവ്, സംവിധായകൻ, എഡിറ്റർ, സ്റ്റുഡിയോ ഓണർ,തിരക്കഥാകൃത്ത് തുടങ്ങി സിനിമയുടെ സമസ്തമേഖലയിലും തന്റെ കൈയൊപ്പ് ചാർത്തിയ അനുഗ്രഹീത കലാകാരൻ മാധവൻ നായർ എന്ന പത്മശ്രീ മധുവിന്റെ 89 ആം പിറന്നാൾ.

ഇന്ന് ജന്മദിനം ആഘോഷിക്കുന്ന മലയാള സിനിമ തറവാട്ടിലെ കാരണവർ സ്ഥാനം അലങ്കരിക്കുന്ന മധു എന്ന അഭിനയ ചക്രവർത്തി വിശേഷണങ്ങൾക്ക് അതീതനായ കഴിവിന്റെയും വ്യക്തിത്വത്തിന്റെയും ഉടമയാണ്.നാടകത്തിനോടുള്ള അടക്കാനാവാത്ത അഭിനിവേശം കൊണ്ട് അടിസ്ഥാനപരമായി അഭിനയകല അഭ്യസിക്കാൻ ഡൽഹിയിലെ സ്കൂൾ ഓഫ് ഡ്രാമയിൽ ചേർന്നു. അങ്ങനെ ആദ്യ ബാച്ച് വിദ്യാർത്ഥിയായി പഠനം പൂർത്തിയാക്കി.അവിടെനിന്നും പുറത്തു കടക്കുമ്പോൾ ചലച്ചിത്ര ലോകത്തെ അതികായകന്മാരുടെ സ്നേഹവാത്സല്യങ്ങൾക്ക് പാത്രിഭൂതനായി 1963-ൽ നിണമണിഞ്ഞ കാൽപാടുകൾ എന്ന സിനിമയിലൂടെ മലയാളത്തിൽ അരങ്ങേറ്റം കുറിച്ച് മൂടുപടം,തച്ചോളി ഒതേനൻ,ഭാർഗ്ഗവി നിലയം,മണവാട്ടി,ജീവിത യാത്ര,പട്ടുതൂവാല,മുറപ്പെണ്ണ്,കാട്ടുപൂക്കൾ,ചെമ്മീൻ,നഗരമേ നന്ദി,അശ്വമേധം,ഉദ്യോഗസ്ഥ,കടൽ, തുലാഭാരം, അദ്ധ്യാപിക തുടങ്ങിയ ഹിറ്റ് സിനിമകൾ മലയാളത്തിന് സമ്മാനിച്ച് മധുവെന്ന നടൻ മലയാള മനസ്സുകളെ കിഴടക്കുന്ന സമയത്താണ് 1969-ൽ ഹിന്ദിയിലെ പ്രശസ്ത സംവിധായകനായ കെ.എ.അബ്ബാസിന്റെ “സാത് ഹിന്ദുസ്ഥാനി ” എന്ന സിനിമയിൽ അഭിനയിക്കുവാൻ അവസരം ലഭിക്കുന്നത്.ബോളിവുഡിലെ എക്കാലത്തെയും സൂപ്പർസ്റ്റാറും മെഗാസ്റ്റാറുമൊക്കെയായ അമിതാബ് ബച്ചൻ ചലച്ചിത്ര അഭിനയത്തിന്റെ അരങ്ങേറ്റം കുറിച്ചത് ഈ സിനിമയിൽ കുടി മധുവിനൊപ്പമായിരുന്നുവെന്നത് ചരിത്രം.

നടൻ ആവുകയെന്നത് ഒരു സ്വപ്നമായിരുന്നു .അത് യാഥാർഥ്യമാക്കിയ അപൂർവ്വം വ്യക്തിത്വത്തിന്റെ ഉടമയാണ് മലയാള ചലച്ചിത്ര തറവാട്ടിലെ മഹാനടൻ പത്മശ്രീ മധു. മലയാള ചലച്ചിത്ര നഭോമണ്ഡലത്തിലെ നക്ഷത്രങ്ങളായ പ്രേംനസീർ,സത്യൻ,മധു എന്നിവരെ മാറ്റി നിർത്തിക്കൊണ്ട് മലയാള സിനിമയുടെ ചരിത്രത്തെക്കുറിച്ചു ചിന്തിക്കുവാനാകില്ല. നിണമണിഞ്ഞ കാൽപാടുകൾ,മൂടുപടം,ഭാർഗവി നിലയം,ചെമ്മീൻ, തുലാഭാരം തുടങ്ങിയ സിനിമയിലൂടെയാണ് മലയാളത്തിൽ അറിയപ്പെട്ടിരുന്നത് തുടർന്ന് കാട്ടുപൂക്കൾ, രമണൻ, അശ്വമേധം, കുട്ടികുപ്പായം, കള്ളിച്ചെല്ലമ്മ, ആഭിജാത്യം, സിന്ദുരച്ചെപ്പ്, സ്വയംവരം, ഏണിപ്പടികൾ, ഉദ്യോഗസ്ഥ, തീക്കനൽ, നഖങ്ങൾ, കാക്കത്തമ്പുരാട്ടി,കാമം ക്രോധം മോഹം, മുറപ്പെണ്ണ്, ഉമ്മാച്ചു, എന്നിങ്ങനെ തുടരുന്നു വിജയഗാഥകൾ

1980 നു ശേഷം പ്രായത്തിനൊത്തതും പാക്യതയാർന്നതുമായ വേഷങ്ങളിലേക്ക് ചേക്കേറി അതിൽ കായലും കയറും, യാഗം,കോളിളക്കം,പടയോട്ടം,വെള്ളം,പച്ചവെളിച്ചം,1921,നാടുവാഴികൾ,ചമ്പക്കുളം തച്ചൻ,ട്വന്റി ട്വന്റി… തുടങ്ങിയ ചിത്രങ്ങളിലൂടെ വേറിട്ട അഭിനയ സാന്നിദ്ധ്യമായി.പത്തോളം ഹിറ്റ് സിനിമകൾ സംവിധാനം ചെയ്തു മലയാള സിനിമാ സംവിധായകരുടെ ഇടയിലും സ്ഥാനം നേടി,തന്റെ മികവ് തെളിയിച്ച ആദ്യ സിനിമയായ “പ്രിയ” നിരുപകാരിൽനിന്നും പ്രക്ഷോപകരിൽനിന്നും മുക്തകണ്ഡം പ്രശംസ നേടിയെടുത്തു.കൊമേർഷ്യൽ, ആർട്സ് എന്ന വേർതിരിവില്ലാതെ സിനിമയെ ഒരു ആവേശമായി എന്നും കണ്ടിട്ടുള്ള ഈ അതുല്യ പ്രതിഭ മലയാള സിനിമയ്ക്കും കലാസമൂഹത്തിനും എക്കാലത്തെയും അഭിമാനമാണ് .

വൈക്കം മുഹമ്മദ് ബഷീർ,തകഴി, കേശവദേവ്, പൊൻകുന്നം വർക്കി, എസ് .കെ. പൊറ്റെക്കാട്, ചങ്ങാപ്പുഴ, എം.ടി.വാസുദേവൻ, ജി.വിവേകാന്ദനൻ, എൻ.എൻ.പിഷാരടി, സി.രാധാകൃഷ്ണൻ തുടങ്ങി മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരുടെ രചനകളിലെല്ലാം മധു എന്ന നടൻറെ അസാധാരണമായ അഭിനയ പാടവം നിറഞ്ഞു നിൽക്കുന്നു.മലയാള സിനിമയ്ക്ക് ആദ്യമായി രാഷ്ട്രപതിയുടെ സ്വർണമെഡൽ നേടിക്കൊടുത്ത “ചെമ്മീൻ” എന്ന അനശ്വര സൃഷ്ടിയിലെ പരീക്കുട്ടി എന്ന ദുരന്ത കാമുകൻ മുതൽ. “ഇതാ ഇവിടെ വരെയിലെ” താറാവുകാരൻ പൈലി .തുടങ്ങി ഉജ്ജല കഥാപാത്രങ്ങളെ അഭ്രപാളികളിൽ ജ്വലിപ്പിച്ച് നിർത്തിയ നടനാണ് മധു.

തരള വികാരങ്ങളും തീവ്രവിചാരങ്ങളും അഭിനയിച്ചു ഫലിപ്പിക്കുന്നതിൽ അപാരകഴിവാണ് മധുവെന്ന അതുല്യ നടനെ പ്രശംസതിയുടെ ഉന്നതങ്ങളിൽ എത്തിച്ചത്. ഹിന്ദി തമിഴ് തുടങ്ങി അന്യഭാഷാ ചിത്രങ്ങളിലും തന്റെ കഴിവ് തെളിയിച്ചു .ബഹുമതികളുടെ പിന്നാലെ പോയിരുന്നില്ല,എന്നും ഒരു കലാകാരനായി മാത്രം എല്ലാവരോടപ്പം കൂടെ നടക്കുന്നു .സ്വന്തം ഉടമസ്ഥതിൽ ഉണ്ടായിരുന്ന ഉമാ സ്റുഡിയോയാണ് പിൽക്കാലത്തു ഏഷ്യാനെറ്റ് സ്റ്റുഡിയോയായി മാറിയത് അഭിനയം, രചന, സംവിധാനം, നിർമാണം തുടങ്ങി സിനിമയ്ക്ക് നൽകിയ സംഭാവനകളെ മാനിച്ചു ലഭിച്ച പുരസ്കാരങ്ങളിൽ ഏറെ തിളക്കമുള്ളതാണ് കേരള സർക്കാർ നൽകിയ ജെ.സി.ഡാനിയൽ പുരസ്കാരവും ഇന്ത്യ ഗവണ്മെന്റ് നൽകി ആദരിച്ച പത്മശ്രീ പുരസ്കാരവും .

മധുവെന്ന നടൻ .ആറ് പതിറ്റാണ്ട് അടുക്കുന്ന ഈ അവസരത്തിലും അരങ്ങു ഭരിച്ചുകൊണ്ടിരിക്കുന്ന ഭാവാഭിനയ ചക്രവർത്തി എന്നതിനപ്പുറം ചലച്ചിത്ര മേഖലയിലെ സമസ്ത തലങ്ങളിലും തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച അതുല്യ കലാകാരൻ കൂടിയാണ്. ഒപ്പം മലയാള സിനിമയുടെ സൗഭാഗ്യമാണ്,കഴിഞ്ഞ 59 വർഷങ്ങളായി ചലച്ചിത്ര രംഗത്തും,പൊതുരംഗത്തും പ്രവർത്തിക്കുന്നു.

പുതിയ തലമുറയുടെ ചലച്ചിത്രകാർക്കിടയിൽ മലയാളത്തിന്റെ അഭിനയ ചാതുരിയുടെ ശക്തി സ്തംഭമായി നിലകൊള്ളുകയാണ് മധു എന്ന മഹാനടൻ.

  • ബിജുകുമാർ, മുംബൈ

LEAVE A REPLY

Please enter your comment!
Please enter your name here