മുംബൈ നാടകവേദിയിലെ ബഹുമുഖ പ്രതിഭ വി.വി. അച്യുതൻ അരങ്ങൊഴിഞ്ഞു

0

ബോംബെ മലയാള നാടക വേദിയിലെ പഴയ കാല നടനും സംവിധായകനുമായ വി.വി. അച്ചുതൻ വിട പറഞ്ഞു. ഇന്ന് പുലർച്ചെ ഖാർഘറിലെ വസതിയിലായിരുന്നു അന്ത്യം. കേരള സംഗീത നാടക അക്കാദമി പ്രവാസി പുരസ്ക്കാരം ലഭിച്ച നടനായിരുന്നു അച്യുതൻ.

ഭാര്യയും രണ്ടു കുട്ടികളും അടങ്ങുന്നതാണ് കുടുംബം. അച്യുതൻ-വസന്ത ദമ്പതികൾക്ക് രണ്ട് ആൺമക്കളാണ്‌. മൂത്ത മകൻ വിവേക് സ്വന്തമായി ഒരു എഞ്ചിനീയറിംഗ് കമ്പനി നടത്തുന്നു. ഇളയ മകൻ അരുൺ ബാങ്ക് ഓഫ് സിംഗപ്പൂർ എന്ന സ്ഥാപനത്തിൽ ഒരു ഡയറക്ടർ ആയി സേവനമനുഷ്ഠിക്കുന്നു.

മുംബൈ നാടകവേദിയെ പരിപുഷ്ടമാക്കിയ കലാകാരൻ

ഇരുപതാം നൂറ്റാണ്ടിന്റെ മധ്യ ദശകങ്ങളിൽ നാടകങ്ങൾ നവോത്ഥന മൂല്യങ്ങൾക്കും സാമൂഹിക പരിവർത്തനങ്ങൾക്കും ആക്കം കൂട്ടുമ്പോൾ, മുംബൈ മഹാനഗരത്തിലും നാടകവേദിയെ പരിപുഷ്ടമാക്കിയ കലാകാരന്മാരിൽ പ്രമുഖനായിരുന്നു ചെമ്പൂരിൽ താമസിക്കുന്ന ശ്രീ വി വി അച്യുതൻ.

1939 ജൂലൈ 2ന് രാമന്തളിയിൽ ജനിച്ച അച്യുതൻ ഹൈസ്കൂൾ വിദ്യാഭ്യാസാനന്തരം ഡിപ്ലോമ പാസ്സായി, ഭോപ്പാലിലുള്ള ഭാരത് ഹെവി ഇലെക്ട്രിക്കൽസ് എന്ന കമ്പനിയിൽ ജോലി നേടി. എന്നാൽ കമ്മ്യൂണിസ്റ്റ് അനുഭാവിയാണ് എന്ന കാരണത്താൽ ഈ പൊതുമേഖലാ സ്ഥാപനത്തിൽ നിന്ന് പുറത്താക്കപ്പെട്ടു. തുടർന്ന് 1961ൽ ബോംബയിൽ എത്തി. 1962 ജനുവരി 27ന് പ്രീമിയർ ഓട്ടോമൊബൈൽസ് എന്ന കമ്പനിയിൽ ചേർന്ന് വിരമിക്കുന്നതുവരെ ജോലിനോക്കി. ബോംബയിലെത്തിയ അച്യുതന്റെ ജീവചരിത്രം ഒറ്റ വാചകത്തിൽ പറയുകയാണെങ്കിൽ, ഭോപാലിന്റെ നഷ്ടം മുംബൈ നാടകവേദിയുടെ നേട്ടമായി പരിണമിക്കുകയായിരുന്നു.

നാടക രംഗ പ്രവേശം

1952 ജനുവരിയിൽ ‘തച്ചോളി ഒതേനൻ’ എന്ന സ്കൂൾ നാടകത്തിന്റെ റിഹേർസൽ കാണാൻ പോയ കാണിയായ അച്യുതന് സാന്ദർഭികമായി അതിലെ വെളിച്ചപ്പാടിന്റെ വേഷം കെട്ടേണ്ടി വന്നു. കാണികൾ കയ്യടിച്ചു ആഹ്ലാദം പ്രകടിപ്പിച്ചു. തിരിഞ്ഞു നോക്കുമ്പോൾ, അതൊരു ചരിത്ര നിയോഗമായിരുന്നു എന്ന് നിസ്സംശയം പറയാം. .

1955ൽ ഹൈസ്ക്കൂൾ വാർഷികത്തിന് അവതരിപ്പിച്ച നാടകത്തിൽ വില്ലനായി വേഷമിട്ടു. ആദ്യമായി തന്റെ നാടകം കണ്ട അമ്മ പറഞ്ഞു: “മോനെ അച്യുതാ.. നീയിനി നാടകത്തിനൊന്നും പോണ്ട. ഓരോ പെമ്പിള്ളേരെ കേറിപ്പിടിക്കുന്നതൊന്നും അത്ര നല്ലതല്ല… തല്ലു കൊള്ളുന്ന പണിയാ..”. പക്ഷെ, കാലത്തിന്റെ ശബ്ദം വേറൊന്നായിരുന്നു.

1956ൽ “കടലിനു തീകത്തി’ എന്ന രാഷ്ട്രീയ നാടകം. ഇ.എം.സും എ കെ ജി യും പങ്കെടുത്ത സദസ്സിൽ ആദ്യമായി അവതരിപ്പിച്ചു. തുടർന്ന് നന്ദനാരുടെ “ഒരു കുടുംബം പിറക്കുന്നു” എന്ന നാടകത്തിൽ പ്രധാന വേഷം. ഐടിഐ.യിൽ പഠിക്കുന്ന കാലത്തു ഏരൂർ വാസുദേവന്റെ “ഈ ചിലമ്പൊലി അവസാനിക്കാതിരുക്കട്ടെ”, എസ് എൽ പുരം സദാനന്ദന്റെ “ഒരാൾകൂടി കള്ളനായി” എന്നീ നാടകങ്ങൾ, ഇങ്ങനെ പോകുന്നു വിദ്യാർത്ഥി ജീവിതത്തിലെ നാടക വേഷങ്ങൾ.

ബോംബെ ജീവിതത്തിന്റെ തുടക്കം

1961 ഓഗസ്റ്റിൽ ബോംബയിൽ എത്തി. അന്ന് ബോംബയിലെ അറിയപ്പെട്ട കഥാകൃത്തും നാടകനടനുമായ വിശ്വനാഥൻ പള്ളൂരുമായി പരിചയപ്പെട്ടു. അച്യുതന്റെ നാടക പശ്ചാത്തലം മനസ്സിലാക്കിയ പള്ളൂർ അദ്ദേഹത്തെ കുർള മലയാളി സമാജം ഭാരവാഹികളായ ശ്രീമതി കൗസല്യ നായരെയും മറ്റും പരിചയപ്പെടുത്തി. ഓണാഘോഷത്തിന് അവർ അവതരിപ്പിക്കുന്ന കാലടി ഗോപിയുടെ “തിളയ്ക്കുന്ന കടൽ” എന്ന നാടകത്തിൽ അഭിനയിക്കാൻ അവർ ക്ഷണിച്ചു. നാടകാഭിനയവും രാഷ്ട്രീയ പ്രവർത്തനവും കൊണ്ട് ഭോപ്പാലിൽ ജോലി നഷ്ടപ്പെട്ടതാണ്. കടുത്ത മാനസിക സംഘർത്തിലായി. അവസാനം അഭിനയിക്കാൻ തന്നെ തീരുമാനിച്ചു. അച്യുതന്റെ വാക്കുകളിൽ പറഞ്ഞാൽ, “ആടിയ കാലും പാടിയ വായും വെറുതെയിരിക്കുകയില്ലല്ലോ!”

“തിളയ്ക്കുന്ന കടലിലെ” നായക വേഷം അച്യുതന് മുക്തകണ്‌ഠം പ്രശംസയും സമ്മാനങ്ങളും നേടിക്കൊടുത്തു.

പിന്നീട് കെ എൻ താണ പ്രസിഡന്റും സാധുജൻ സെക്രട്ടറിയും അച്യുതൻ ട്രെഷററും ആയി “കേരളീയ കലാകേന്ദ്രം-കുർള” സ്ഥാപിക്കപ്പെട്ടു. ഇമാം വലപ്പാടിന്റെ “രാഷ്ട്രശില്പികൾ” എന്ന നാടകം രംഗത്ത് അവതരിപ്പിച്ചു. അക്കാലത്തെ പ്രസിദ്ധനായ നടനും നാടകകൃത്തുമായ പി വി കുര്യാക്കോസ് ഈ നാടകത്തെ പുകഴ്ത്തി ജനയുഗത്തിൽ ലേഖനമെഴുതി. അച്യുതനെപ്പറ്റി എഴുതിയത് ഇങ്ങനെയാണ്: “അസാമാന്യമായ അഭിനയപാടവവും അനന്യ സാധാരണമായ ശബ്ദ നിയന്ത്രണവുമുള്ള വ്യക്തിയാണ് ഇദ്ദേഹം. ബോംബെ മലയാള നാടകവേദിക്ക് ഒരു മുതൽക്കൂട്ടായിരിക്കും”.

നാടകം ജീവിതമായ കാലം

കേരളീയ കലാകേന്ദ്രം-കുർള രണ്ടാമതായി അവതരിപ്പിച്ചത് പൊൻകുന്നം വർക്കിയുടെ ‘കതിരുകാണാക്കിളി’ എന്ന നാടകമായിരുന്നു. അച്യുതൻ മേരി പോളിനോടൊപ്പം ആദ്യമായി അഭിനയിച്ചത് ഈ നാടകത്തിലായിരുന്നു. ഹിന്ദി ചലച്ചിത്ര താരം ബൽരാജ് സാഹ്‌നി ആയിരുന്നു ഈ നാടകം ഉദ്‌ഘാടനം ചെയ്തത്. അവരുടെ മൂന്നാമത്തെ നാടകമായ “കർമ്മഭൂമി’യിലെ അഭിനയത്തിന് അച്യുതൻ സമ്മാനാർഹനായി.

തുടർന്നുള്ള പ്രയാണത്തിൽ, കേരളീയ കലാകേന്ദ്രം, ബോംബെ കേരളീയ സമാജം, പ്രതിഭ തിയറ്റേഴ്‌സ്, നാടകവേദി, കേരളീയ കേന്ദ്ര സംഘടന, വിവിധ മലയാളി സമാജങ്ങൾ എന്നീ പ്രസ്ഥാനങ്ങൾക്കുവേണ്ടി എത്രയോ നാടകങ്ങൾ അദ്ദേഹം സജീവമാക്കി – മുഖ്യനടനായും സംവിധായകനായും ചില അവസരങ്ങളിൽ നാടകമത്സര സംഘാടകനായും ജഡ്ജിയായും. മുംബൈ നാടകവേദിയുടെ സുവർണ്ണ ദശകങ്ങളിൽ അദ്ദേഹം എങ്ങും എവിടെയും നിറസാന്നിധ്യമായിരുന്നു.

എഴുപതിലേറെ നാടകങ്ങള്ക്കുവേണ്ടി അച്യുതൻ വേഷമിട്ടിട്ടുണ്ട്, ഏറെയും മുഖ്യ കഥാപാത്രമായി. പറവൂർ ജോർജിന്റെ “ദിവ്യബലി”, എസ് എൽ പുരം സദാനന്ദന്റെ “അഗ്നിപുത്രി”, “ഇത്തിരി മണ്ണും ഒത്തിരി മനുഷ്യരും”, എൻ ഗോവിന്ദന്കുട്ടിയുടെ “ദർശനം”, കുര്യാക്കോസിന്റെ “കുമ്പസാരം”, തോപ്പിൽ ഭാസിയുടെ “ശരശയ്യ”, എൻ എൻ പിള്ളയുടെ “വിഷമവൃത്തം”, പി ആർ ചന്ദ്രന്റെ “അക്കൽദാമ”, സി പി ആൻറണിയുടെ “വെള്ളപ്പൂച്ച”, കെ ടി മുഹമ്മദിന്റെ “സൃഷ്ടി”, “കടൽപ്പാലം”, “കൈനാട്ടികകൾ”, സുരാസുവിന്റെ “വിശ്വരൂപം”, എ എൻ ആർ മേനോന്റെ “അരുന്ധതി”, എ എൻ ഗണേഷിന്റെ “സെർച്ച് ലൈറ്റ്”, ഓംചേരിയുടെ “പ്രളയം”, അസ്സിസ്സിന്റെ “ചാവേർപ്പട”, എന്നിവ അടങ്ങുന്ന നീളുന്ന പട്ടിക.

സംവിധാനം ചെയ്ത നാടകങ്ങൾ മുപ്പതിലേറെയാണ്. കെ ടി മുഹമ്മദിന്റെ “സംഗമം”, “ദീപസ്തംഭം മഹാശ്ചര്യം”, “സാക്ഷാത്ക്കാരം”, കെ എസ് നമ്പൂതിരിയുടെ “സമസ്യ”, പി ആർ ചന്ദ്രന്റെ “അക്കൽദാമ”, എൻ എൻ ഇളയതിന്റെ “പഞ്ചതന്ത്രം”, സി ഡി മേനോന്റെ “ശരത്”, സി എൽ ജോസിന്റെ “ജ്വലനം”, എൻ എൻ പിള്ളയുടെ “ഗറില്ല”, “ഞാൻ സ്വർഗ്ഗത്തിൽ”, കുര്യാക്കോസിന്റെ “കുറ്റവാളികൾ”, സി പി രാജശേഖരന്റെ “മൂന്നു വയസ്സന്മാർ”, എസ് എൽ പുരം സദാനന്ദന്റെ “കാട്ടുകുതിര”, “എന്നും പറക്കുന്ന പക്ഷി”, ശ്രീവേണുക്കുട്ടൻറെ “ലയവിന്യാസം”, ഇബ്രാഹിം വേങ്ങരയുടെ “രാജസഭ”, കാലടി ഗോപിയുടെ “ഏഴു രാത്രികൾ”, എന്നിവ അതിൽ ഉൾപ്പെടും. ഇവയിൽ പലതിലും അഭിനയിക്കുകയും ചെയ്തിട്ടുണ്ട്.

അഭിനയിച്ച എഴുപതിലേറെ നാടകങ്ങളും സംവിധാനം ചെയ്ത മുപ്പതിലേറെ നാടകങ്ങളും ആയിരത്തിലേറെ അരങ്ങുകളുമെല്ലാം അദ്ദേഹത്തിന്റെ ബൃഹത്തായ നാടക സംഭാവനകൾക്ക് സാക്ഷ്യപത്രം വഹിക്കുന്നു.

ശൈലി, സങ്കേതം

സ്വതസിദ്ധമായ അഭിനയ ശൈലിയും ശബ്ദവിന്യാസ ക്രമീകരണവും അച്യുതനെ അരങ്ങിൽ ശ്രദ്ധേയനാക്കി. കഥാപാത്രത്തിന്റെ ആത്മാവിഷ്ക്കാര മായിരിക്കണം അഭിനയം എന്നും ശബ്ദ നിയന്ത്രണം ഒരു നടന്റെ ശക്തിയാണ് എന്നും അദ്ദേഹം വിശ്വസിക്കുന്നു. പി ആർ ചന്ദ്രന്റെ “അക്കൽദാമ” കേരള സമാജത്തിനുവേണ്ടി വേണുവിന്റെ സംവിധാനത്തിലും ആദം തിയറ്റേഴ്സിനുവേണ്ടി അന്തപ്പന്റെ സംവിധാനത്തിലും അഭിനയിച്ചിട്ടുണ്ട്. രണ്ടിലും ഫാദർ സൈമൺ ആയി വേഷമിട്ടു. ബൈക്കള ചർച്ചിനുവേണ്ടി നാടകം അവതരിപ്പിച്ചു കഴിഞ്ഞപ്പോൾ രണ്ടു അച്ചന്മാർ ഗ്രീൻ റൂമിലേക്ക് വന്നു, അഭിവാദ്യങ്ങൾക്കു ശേഷം ചോദിച്ചു: “അച്ചൻ ഏതു ഇടവകയിലേതാണ്? ബോംബയിൽ എന്നാണച്ചോ എത്തിയത്?”. അന്തപ്പൻ ഇടപെട്ടു പറഞ്ഞു: “അച്ചോ..ഇത് അച്ചനല്ല അച്യുതനാണ്…” ഇങ്ങനെ തന്മയത്വമാർന്ന സ്വാഭാവിക അഭിനയം പ്രേക്ഷകർ നെഞ്ചിലേറ്റിയ എത്രയെത്ര സന്ദർഭങ്ങൾ!

അക്കാലത്തു സമാന്തരമായി നടന്നിരുന്ന ചില പരീക്ഷണനാടകങ്ങളെപ്പറ്റി അനുഭവങ്ങൾ ഉദ്ധരിച്ചു അച്യുതൻ പറയുന്നു: “ഭരതമുനിയുടെ നാട്യശാസ്ത്രത്തിൽ കലയെ രണ്ടുതരമായി വിഭജിച്ചിരിക്കുന്നു. ‘ലോകധർമ്മി’ എന്നും ‘നാട്യധർമ്മി’ എന്നും. ലോകധർമ്മി ലളിതമായ കലയാണ്. നൂലാമാലകളില്ല. കണ്ടാലും കേട്ടാലും ആർക്കും എളുപ്പം മനസ്സിലാകും. അതാണ് നാടകമെന്ന മാധ്യമം. നാട്യധർമ്മി നേരെ വിപരീതമാണ്”. അദ്ദേഹം കൂട്ടിച്ചേർത്തു: “നാടകം സാധാരണക്കാരന് കണ്ടു മനസ്സിലാക്കാനും ആസ്വദിക്കാനും സാധിക്കണം. പ്രേക്ഷകർക്ക് ഉൾക്കൊള്ളാൻ കഴിയാത്ത നാടകങ്ങൾക്ക് നിലനില്പില്ലെന്നു തന്നെ ഞാൻ ഉറച്ചു വിശ്വസിക്കുന്നു.” സാമൂഹ്യപരമായോ കുടുംബപരമായോ പ്രസക്തി യുള്ള സന്ദേശങ്ങൾ നാടകീയമായി ജനങ്ങളിൽ എത്തിക്കുക എന്ന ദൗത്യമാണ് അച്യുതനും മുഖ്യധാരയിലെ മറ്റു കലാകാരന്മാരും അന്ന് നിർവ്വഹിച്ചിരുന്നത്.

തനതായ സംഭാവനകൾ

നാടകവേദിയിൽ നടിമാർ ദുർലഭമായിരുന്ന കാലഘട്ടത്തിൽ, സഹധർമ്മിണിയെത്തന്നെ അരങ്ങിലേ ക്കാനായിച്ചു തന്മയത്വമുള്ള വേഷങ്ങൾ നൽകി വിജയിപ്പിച്ചു, പുരോഗമനചിന്തയുടെയും സ്ത്രീ സ്വാതന്ത്ര്യബോധനത്തിന്റെയും താത്വിക മാനങ്ങൾക്കു അച്യുതൻ കർമ്മപഥം നൽകി. മുപ്പതോളം നാടകങ്ങളിൽ, നിരവധി വേദികളിൽ, 29 വര്ഷം ശ്രീമതി വസന്ത അദ്ദേഹത്തോടൊപ്പം അഭിനയിച്ചു; ഇത് മുംബൈ മലയാള നാടക ചരിത്രത്തിലെ ഒരു റെക്കോർഡ് തന്നെ ആയിരിക്കണം. നിർണ്ണായക ഘട്ടങ്ങളിൽ, സ്വകാര്യ ദുഃഖം കടിച്ചമർത്തി ത്യാഗപൂർണമായ അർപ്പണ മനോഭാവത്തോടെ, മുടങ്ങിപ്പോകേണ്ട നാടകാവതരണം വസന്താ അച്യുതൻ രക്ഷിച്ച സന്ദർഭങ്ങൾ ഉണ്ടായിട്ടുണ്ട്. “എന്റെ തിയേറ്റർ പ്രവർത്തനങ്ങളിൽ വസന്ത എന്നും പ്രേരണാസ്രോതസ്സായും ശക്തി കേന്ദ്രമായും നിരന്തരം നിലന്നിന്നിട്ടുണ്ട്”. ഇന്ന് സിനിമയിലും നാടകവേദികളിലും മറ്റു കലാരംഗങ്ങളിലും തിളങ്ങി നിൽക്കുന്ന പല കലാകാരന്മാർക്കും ആദ്യാവസരം നൽകി പ്രോത്സാഹനാനുഗ്രഹങ്ങൾ നൽകിയതിന്റെ പുണ്യവും ആത്മസംതൃപ്തിയും അദ്ദേഹത്തിനുണ്ട്. ഇതിൽ നടീനടന്മാരും സംഗീതജ്ഞരും ഗായകരും മറ്റു കലാകാരന്മാരും പെടും.

സാമൂഹ്യ പ്രവർത്തനങ്ങളുടെ ഭാഗമായി അഞ്ചുതവണ ബോംബെ കേരളീയ സമാജം മാനേജിങ് കമ്മിറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെടുകയും പതിനഞ്ചു വര്ഷം സമാജം കലാവിഭാഗത്തിന്റെ മേൽനോട്ടം വഹിക്കുകയും ചെയ്തു. പ്രതിഭ തീയേറ്റേഴ്സ്, നാടകവേദി തുടങ്ങിയ പല പ്രസ്ഥാനങ്ങളുടെയും സ്ഥാപക അംഗമായി രചനാത്മക പ്രവർത്തനങ്ങൾ അദ്ദേഹം നടത്തിയിട്ടുണ്ട്. “നാടകവേദി”യുടെ ആഭിമുഖ്യത്തിൽ നാടക സിമ്പോസിയങ്ങൾ, അഖില ബോംബെ അടിസ്ഥാനത്തിൽ ഏകാംഗ മത്സരങ്ങൾ, അഖിലേന്ത്യാ അടിസ്ഥാനത്തിൽ നാടക രചനാ മത്സരം എന്നിവ സംഘടിപ്പിക്കുന്നതിൽ മുഖ്യമായ പങ്കു വഹിച്ചു. നാടകവേദി പ്രവർത്തനരഹിതമായപ്പോൾ ബാക്കി ആസ്തിയായി ഉണ്ടായിരുന്ന 25,000 രൂപ കേരള സാഹിത്യ അക്കാദമിക്ക് നല്കാൻ തീരുമാനിച്ചു.

അച്യുതന്റെ ശ്രദ്ധേയമായ മറ്റൊരു സംഭാവന, 2010ൽ പ്രസിദ്ധീകരിച്ച “അരങ്ങിലെ അനുഭവങ്ങൾ”. എന്ന ഓർമ്മക്കുറിപ്പുകളാണ് അമ്പതുവർഷത്തെ മറുനാടൻ മലയാള നാടകവേദിയുടെ ചരിത്രം ഇതിൽനിന്നു വായിച്ചെടുക്കാം. ഈ പുസ്തകത്തിന്റെ ഇംഗ്ലീഷ് പരിഭാഷ വൈബ്രന്റ് പബ്ലിഷേഴ്സ് മുംബൈ 2017ൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്: Life on Stage and Behind.

പുരസ്‌കാരങ്ങൾ

കേരള സംഗീത നാടക അക്കാദമിയുടെ `കലാശ്രീ’ അവാർഡ്, ബോംബെ കേരളീയ സമാജം അവാർഡ്, രാജൻ കടന്നപ്പള്ളി അവാർഡ് ഓഫ് ഓൾ-ഇന്ത്യ മലയാളി അസ്സോസിയേഷൻ തുടങ്ങി നിരവധി പുരസ്‌കാരങ്ങൾ സ്വന്തമാക്കിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here