ഡോംബിവ്‌ലി കേരളീയ സമാജം; ജനാധിപത്യം പുലരണം, പ്രസ്ഥാനം ഇനിയും വളരണം

0

ഏഷ്യയിലെ ഏറ്റവും വലിയ സമാജമെന്ന ഖ്യാതി നേടിയ ഡോംബിവ്‌ലി കേരളീയ സമാജത്തിൽ മുപ്പത് വർഷത്തിന് ശേഷം നടന്ന ഭരണമാറ്റം ശുഭപ്രതീക്ഷയാണ് അംഗങ്ങൾക്കും മുംബൈ മലയാളികൾക്കും പകർന്നു നൽകുന്നത്.

പി കെ രാധാകൃഷ്ണൻ നായർ, കെ എസ് സോമ മധു, വർഗീസ് ഡാനിയൽ, എസ് രാജീവ് കുമാർ, രാജശേഖരൻ നായർ, വി ബി മനോജ്‌കുമാർ, ബിനോയ് തോമസ്, കെ വേണുഗോപാൽ, കെ കെ സുരേഷ്ബാബു, ബൈജു വി, സി ടി മത്തായി കൂടാതെ ഗിരീഷ് കുമാർ നായർ, പി ജയരാജൻ, കാന്താ പ്രേമം, മുരളീധരൻ നായർ, ടി സതീശൻ പിള്ള, ഷാജു എൻ നായർ, ശ്യാമള കെ നായർ, അനീഷ് കുമാർ എന്നിവരടങ്ങുന്നതാണ് പുതിയ ഭരണസമിതി

മുംബൈയിലെ സാമൂഹ്യ- സാംസ്‌കാരിക രംഗങ്ങളിൽ നിസ്വാർത്ഥമായ പ്രവർത്തന മികവ് കൊണ്ട് ശ്രദ്ധ നേടിയവരുടെ കൈകളിലേക്കാണ് ഭരണമെത്തുന്നത് എന്നത് പ്രതീക്ഷ ഇരട്ടിപ്പിക്കുന്നു. അത് പുതിയ ഭരണസമിതിയുടെ ഉത്തരവാദിത്തം കൂട്ടുകയും ചെയ്യുന്നു.

പരസ്പരം കരിതേച്ച് വിഭാഗീയത വളർത്താതെ ക്രിയാത്മകമായ പ്രവർത്തനങ്ങളിലൂടെയും ആരോഗ്യപരമായ വിമർശനങ്ങളിലൂടെയും സമാജത്തെ വളർത്തുവാൻ എല്ലാ അംഗങ്ങളും കൈകോർത്ത് നിന്ന് മാതൃകയാകണം.

സമാജത്തിന്റെ പെരുമയും ഒരുമയും നിലനിർത്തി ജാതി, മത, കക്ഷി രാഷ്ട്രീയത്തിന് അതീതമായി ഭരണ നിർവ്വഹണം നടത്താൻ സമാജപക്ഷം ബാധ്യസ്ഥരാണ്

മുപ്പത് വർഷമായി തുടർന്നിരുന്ന ഭരണം കൈവിട്ടു പോകാൻ പ്രധാന കാരണമായി പല സമാജം അംഗങ്ങളും ചൂണ്ടിക്കാട്ടുന്നത് നിലവാരമില്ലാത്ത പ്രചാരണ തന്ത്രങ്ങൾ തന്നെയാണ്. സമൂഹ മാധ്യമങ്ങളെ ദുരുപയോഗം ചെയ്തു നടത്തിയ വിഴുപ്പലക്കലുകളും പൊങ്ങച്ച നാടകങ്ങളും അതിര് കടക്കുകയായിരുന്നു. ഇത്തരം തരം താണ പരാമർശങ്ങളും നൃത്ത സംഗീത വീഡിയോകളും അംഗങ്ങളെ അക്ഷരാർഥത്തിൽ ചൊടിപ്പിച്ചിരുന്നു. “എല്ലാം ഞാനാണ് ” എന്ന മട്ടിൽ ഉള്ള വ്യക്തി കേന്ദ്രീകൃതമായ പ്രചാരണങ്ങളാണ് ഭരണപക്ഷത്തിന് വിനയായത് എന്നു കരുതുന്നവരുമുണ്ട്. അടുത്ത ദിവസങ്ങൾ വരെ വിജയ സാധ്യത ഭരണപക്ഷത്തിന് എന്നൊരു പൊതു ധാരണ ഉണ്ടായിരുന്നു. എന്നാൽ ” ഞാൻ ഞാൻ ” ശബ്ദങ്ങൾ കൊണ്ട് സാമൂഹ്യ മാധ്യമങ്ങളും പ്രചാരണവേദികളും മുഖരിതമായി. സമാജത്തിന് വേണ്ടി വിയർപ്പും രക്തവും ഒഴുക്കിയ മുൻകാല സാരഥികളും പ്രവർത്തകരും നിരാകരിക്കപ്പെടുകയും നിരന്തരം അവഹേളിക്കപ്പെടുകയും വെറുപ്പിന്റെ രാഷ്ട്രീയം പടരുകയും ചെയ്തപ്പോൾ അംഗങ്ങൾ സമാജപക്ഷത്തിന്റെ പ്രസക്തി തിരിച്ചറിഞ്ഞു. അവരുടെ ആശ്രാന്ത പ്രയത്നങ്ങൾക്ക് ഫലമുണ്ടായി.

പ്ലാറ്റിനം ജൂബിലി പിന്നിട്ട ഏഷ്യയിലെ ഏറ്റവും വലിയ സമാജത്തിന്റെ തിരഞ്ഞെടുപ്പിനെ മുംബൈയിലെ സാമൂഹ്യ-സാംസ്കാരിക പ്രവർത്തകർ ആകാംക്ഷയോടെയാണ് നിരീക്ഷിച്ചിരുന്നത്. നിലവാരമില്ലാത്ത പ്രചാരണങ്ങളും സമൂഹ മാധ്യമങ്ങളിലെ സ്തുതിഗീതങ്ങളും അംഗങ്ങളെ എന്ന പോലെ അവരെയും അലോസരപ്പെടുത്തിയിരുന്നു.

സമാജത്തിന്റെ പെരുമയും ഒരുമയും നിലനിർത്തി ജാതി, മത, കക്ഷി രാഷ്ട്രീയത്തിന് അതീതമായി ഭരണ നിർവ്വഹണം നടത്താൻ സമാജപക്ഷം ബാധ്യസ്ഥരാണ്. നല്ല പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകിയും ക്രിയാത്മകമായ വിമർശനങ്ങളിലൂടെയും വികസന പ്രവർത്തനങ്ങളിൽ പങ്കാളികളായി നിലകൊള്ളാനും മറുപക്ഷത്തെ സ്വാർഥതാല്പര്യങ്ങൾ ഇല്ലാത്ത അംഗങ്ങൾ മുൻകൈ എടുക്കണം.

പ്രതികരണങ്ങൾ

ടി എൻ ഹരിഹരൻ
പ്രസിഡന്റ്, കേരളീയ കേന്ദ്ര സംഘടന

ഡോംബിവിലി മലയാളി സമാജത്തിന്റെ തിരഞ്ഞെടുപ്പിൽ വിജയിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ. തിരഞ്ഞെടുപ്പിൽ പ്രതിഫലിച്ച വീറും വാശിയുമൊക്കെ രണ്ടു പാനലുകൾ തിരഞ്ഞെടുപ്പിൽ മത്സരിക്കുമ്പോൾ സ്വാഭാവികമാണ്. ജയവും തോൽവിയുമെല്ലാം തിരഞ്ഞെടുപ്പിന്റെ ഭാഗമാണ്. തിരഞ്ഞെടുപ്പിന് ശേഷം എല്ലാ പക്ഷത്തേയും ഒരുമിച്ചു നിറുത്തി സമാജത്തിന്റെ താൽപ്പര്യം മാത്രം മുന്നിൽക്കണ്ട് ഒന്നിച്ചുകൊണ്ടുപോകാൻ ഭരണസമിതിക്കാവുമെന്ന് ആശിക്കുന്നു. എല്ലാ നന്മകളും ആശംസിക്കുന്നു.

രാജൻ കിണറ്റിങ്കര
എഴുത്തുകാരൻ

ഏഷ്യയിലെ ഏറ്റവും വലിയ മലയാളിസമാജം എന്ന പ്രസിദ്ധി അംഗബലത്തിലും ആസ്തിയിലും മാത്രം ഒതുങ്ങാതെ കലാ സാംസ്കാരിക സാമൂഹിക മണ്ഡലങളിലും ജനോപകാരപ്രദമായ വികസന പ്രക്രിയകളിലും ഊന്നൽ നൽകി മനസ്സുകൊണ്ടും പ്രവർത്തി കൊണ്ടും സമാജം വലുതാവട്ടെ എന്ന് ആശംസിക്കുന്നു. അതിനായി ഭരണ പ്രതിപക്ഷ ഭേദങ്ങളില്ലാതെ സമാജത്തിന്റെ അമരത്തുള്ളവരും അംഗങ്ങളും ഒന്നായി പ്രവർത്തിക്കട്ടെ.

LEAVE A REPLY

Please enter your comment!
Please enter your name here