മുംബൈ മലയാളികളുടെ സാംസ്‌കാരിക കേന്ദ്രമായ കേരള ഹൌസ് മാനേജർ രാജീവ് ഗോപിനാഥിന് ഊഷ്മളമായ യാത്രയയപ്പ് നൽകി സന്നദ്ധ സംഘടനയായ കെയർ 4 മുംബൈ. സർക്കാർ ഉത്തരവ് പ്രകാരം തിരുവനന്തപുരത്തേക്ക് സ്ഥലംമാറ്റം ലഭിച്ചതിനെ തുടർന്നാണ് രാജീവ് കേരളത്തിലേക്ക് മടങ്ങുന്നത്. വളരെ ചുരുങ്ങിയ കാലം കൊണ്ട് ജനപ്രിയനായ രാജീവ് കേരളാ ഹൌസിന്റെ മുഖം മിനുക്കാനും വികസന പ്രവർത്തനങ്ങൾക്കും ചുക്കാൻ പിടിച്ച സർക്കാർ ഉദ്യോഗസ്ഥനാണ്.
പ്രളയക്കെടുതിയിൽ കേരളം വലഞ്ഞപ്പോൾ ടൺ കണക്കിന് സാധന സമഗ്രഹികളാണ് 65 ട്രാക്കുകളിലായി കേരളത്തിലേക്ക് കയറ്റി അയച്ചത്. ഇതിന്റെയെല്ലാം ഏകോപനം നിർവഹിച്ചത് കേരളാ ഹൌസ് കേന്ദ്രമാക്കിയായിരുന്നു. കൂടാതെ കോറോണക്കാലത്ത് നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് മുൻപന്തിയിൽ നിന്നാണ് രാജീവ് പ്രവർത്തിച്ചത്. പോയ വർഷം മഹാരാഷ്ട്രയിൽ പ്രളയക്കെടുതിയിൽ ദുരിതത്തിലായവർക്ക് സഹായങ്ങൾ എത്തിക്കുവാനുള്ള ദൗത്യവും കേരള ഹൌസ് കേന്ദ്രീകരിച്ചായിരുന്നു ഏകോപിപ്പിച്ചത്.
ഉക്രൈനിൽ നിന്ന് മടങ്ങിയെത്തിയ വിദ്യാർത്ഥികളെയെല്ലാം എയർപോർട്ടിലെത്തി സ്വീകരിച്ചാണ് അവർക്ക് വേണ്ട സൗകര്യങ്ങൾ നോർക്കയുടെ സഹകരണത്തോടെ കൃത്യമായി ചെയ്തു കൊടുത്തത്.
നിയമങ്ങളും ചട്ടങ്ങളും പാലിച്ചു കൊണ്ട് തന്നെ മുംബൈ മലയാളികളുടെ ആവശ്യങ്ങൾക്കായി കേരളാ ഹൌസിന്റെ സൗകര്യങ്ങൾ തുറന്നു കൊടുക്കാൻ രാജീവ് കാണിച്ച ശുഷ്‌കാന്തി തന്നെയാണ് ഈ സാംസ്‌കാരിക കേന്ദ്രത്തെ മുംബൈ മലയാളികളുടെ തറവാടാക്കി മാറ്റിയത്.

വേൾഡ് മലയാളി കൗൺസിൽ പ്രസിഡന്റ് കെ കെ നമ്പ്യാർ, കെയർ ഫോർ മുംബൈ ചെയർമാൻ കെ ആർ ഗോപി, പ്രസിഡന്റ് എം കെ നവാസ്, സെക്രട്ടറി പ്രിയ വർഗീസ്, പ്രേംലാൽ തുടങ്ങിയവർ ചേർന്ന് രാജീവിന് കെയർ ഫോർ മുംബൈയുടെ സ്നേഹോപകാരം കൈമാറി. സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖർ പങ്കെടുത്തു. പോൾ പറപ്പിള്ളി, ലയൺ കുമാരൻ നായർ, അഡ്വക്കേറ്റ് ശ്രീജിത്ത്, WMC ചെയർമാൻ ഗോകുൽദാസ് മാധവൻ, കേരളീയ കേന്ദ്ര സംഘടന പ്രസിഡന്റ് ടി എൻ ഹരിഹരൻ, സെക്രട്ടറി മാത്യു തോമസ്, എയ്മ സെക്രട്ടറി കെ.ടി. നായർ, ട്രഷറർ , ജി എ കോമളൻ സാമൂഹിക പ്രവർത്തകരായ എൻ കെ ഭൂപേഷ്‌ബാബു, തോമസ് ഓലിക്കൽ, മെറിഡിയൻ വിജയൻ, എം പി അജയ്‌കുമാർ, വത്സൻ മൂർക്കോത്ത്, തുടങ്ങിയവർ ആശംസകൾ നേർന്ന് സംസാരിച്ചു.
ഒരു വർഷത്തിനകം തിരികെ പോകാമെന്ന നിബന്ധനയിലാണ് 2017 ഫെബ്രുവരിയിൽ താൻ മുംബൈയിലെത്തിയതെന്ന് പറഞ്ഞാണ് രാജീവ് തന്റെ മറുപടി പ്രസംഗം തുടങ്ങിയത്. കേരളത്തിൽ സംഘടനാ പ്രവർത്തനങ്ങളിൽ സജീവമായിരുന്ന തനിക്ക് മുംബൈയിലെ ആദ്യ നാളുകൾ വലിയ ഒറ്റപ്പെടലാണ് ഉണ്ടാക്കിയതെന്നും രാജീവ് കൂട്ടിച്ചേർത്തു. എന്നാൽ 2018ലെ പ്രളയം മുംബൈ നഗരത്തോടുള്ള തന്റെ മനോഭാവത്തിൽ വലിയ മാറ്റമാണ് ഉണ്ടാക്കിയതെന്ന് രാജീവ് വ്യക്തമാക്കി. മുംബൈയിലെ മലയാളികളുടെ സ്നേഹവും ഒത്തൊരുമയും താൻ കണ്ടതും അനുഭവിച്ചറിഞ്ഞതും ഇക്കാലയളവിലാണെന്നും രാജീവ് വിശദീകരിച്ചു. അന്നാണ് ഈ നഗരത്തിൽ താൻ ഒറ്റയ്ക്കല്ലെന്നും തനിക്കിവിടെ ആരൊക്കെയോ ഉണ്ടെന്നും ആദ്യമായി അറിഞ്ഞതെന്നും രാജീവ് പറഞ്ഞു. അങ്ങിനെയാണ് ഒരു വർഷം കഴിഞ്ഞു തിരികെ പോകാനുള്ള ചിന്ത മനസ്സിൽ നിന്ന് മാഞ്ഞു പോയതെന്നും രാജീവ് തുറന്നു പറഞ്ഞു. മുംബൈ നഗരത്തിലെ നല്ല ഓർമ്മകൾ പങ്ക് വയ്ക്കുന്നതിനിടെ വാക്കുകൾ പൂർത്തിയാക്കാൻ കഴിയാതെ രാജീവ് വികാരാധീനനായി.
ചടങ്ങിനോടനുബന്ധിച്ച് നാടൻ പാട്ട് കലാകാരൻ റംഷി പട്ടുവം നയിച്ച സംഗീതവിരുന്നുമുണ്ടായിരുന്നു.

- കനൽത്തുരുത്തുകൾ വനിതാനാടകം നാളെ; മന്ത്രി ഡോ. ആർ ബിന്ദു മുഖ്യാതിഥി
- മലയാളത്തിന്റെ ഇതിഹാസ താരത്തിന് ആശംസകളുമായി മുംബൈ മലയാളികൾ
- ഓടുന്ന ട്രെയിനിനടിയിൽ വീണ സ്ത്രീയെ റെയിൽവേ പോലീസ് സാഹസികമായി രക്ഷപ്പെടുത്തി
- നവതിയുടെ നിറവിൽ മലയാളത്തിന്റെ മഹാനടൻ
- മുംബൈയിൽ ഐഫോൺ 15 വാങ്ങാൻ യുവാക്കളുടെ നീണ്ട നിര