പരാതികളിൽ നിറഞ്ഞു സോഷ്യൽ മീഡിയ; 5ജി സേവനത്തിനായി കാത്തിരിപ്പ് നീളും

0

വലിയ കൊട്ടിഘോഷത്തോടെയാണ് രാജ്യത്തെ പ്രധാന നഗരങ്ങളിൽ 5ജി സേവനത്തിന് തുടക്കമിട്ട പ്രഖ്യാപനമുണ്ടായത്. ഇതോടെ 5ജി സേവനം വാഗ്ദാനം ചെയ്തു കൊണ്ടുള്ള സ്മാർട്ട് ഫോണുകളുടെ വിൽപ്പന കൂടിയെങ്കിലും സേവനം ഇനിയും ലഭ്യമല്ലെന്ന വിവരങ്ങളാണ് പുറത്ത് വരുന്നത്.

5 ജി സേവനം ഇപ്പോൾ നൽകാനാകില്ലെന്ന നിലപാടിലാണ് ടെലികോം സര്‍വീസ് കമ്പനികൾ. ഇതിനായി പ്രത്യേക സോഫ്റ്റ്‌വെയർ അപ്‌ഡേഷൻ ആവശ്യമാണെന്നും ഇത് ഡിസംബറിന് ശേഷമാകും ഉപയോക്താക്കൾക്ക് ലഭ്യമാകുകയെന്നുമാണ് കമ്പനികൾ പറയുന്നത്. പ്രീമിയം വില നൽകി ഐഫോൺ അടക്കമുള്ള സ്മാർട്ഫോണുകൾ സ്വന്തമാക്കിയവരാണ് ഇതോടെ നിരാശരായത്. ലോൺ എടുത്ത് പോലും സ്മാർട്ട് ഫോണുകൾ സ്വന്തമാക്കിയവരുടെ പരാതികൾ കൊണ്ട് നിറയുകയാണ് സോഷ്യൽ മീഡിയ. ധൃതി പിടിച്ച് പ്രഖ്യാപനം നടത്തിയതിനെയും പലരും ചോദ്യം ചെയ്തു.

പതിനായിരം രൂപയ്‌ക്ക് മുകളിലുള്ള 4ജി മൊബൈല്‍ ഫോണുകളുടെ ഉത്പാദനം ക്രമേണ അവസാനിപ്പിക്കുവാൻ ഒരുങ്ങുന്നതും നിലവിലെ ഭൂരിഭാഗം ഉപയോക്താക്കൾക്കും വിനയാകും. മൊബൈല്‍ ഫോണ്‍ ഉത്പാദന കമ്പനികൾ ഈ മോഡലുകളുടെ സവ്വീസുകളും നിർത്തലാക്കുന്നതോടെ പുതിയ ഫോണുകൾ വാങ്ങുവാൻ നിർബന്ധിതരാക്കും.

ടെലികോം സര്‍വീസ് കമ്പനികളുടെ 5ജി സേവനങ്ങള്‍ 5ജി സ്‌മാര്‍ട്ട്ഫോണുമായി സമന്വയിപ്പിക്കുന്ന പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കാനുള്ള ശ്രമങ്ങളാണ് നടന്നു കൊണ്ടിരിക്കുന്നത്. ഇത് ചുരുങ്ങിയത് മൂന്ന് മാസമെങ്കിലും എടുക്കുമെന്നാണ് അടുത്ത വൃത്തങ്ങൾ പറയുന്നത് .

ഇന്ത്യയില്‍ 10 കോടി മൊബൈല്‍ ഫോണ്‍ ഉപയോക്താക്കളുടെ ഫോണുകള്‍ 5ജിയാണെന്ന് മൊബൈല്‍ ഫോണ്‍ നിര്‍മാണ പ്രതിനിധികള്‍ പറയുന്നു. അതേ സമയം 35കോടിയിലധികം പേരാണ് 3ജി-4ജി ഫോണുകൾ ഉപയോഗിക്കുന്നവർ.

5ജി സേവനം സുഗമമായി ലഭ്യമാക്കുന്നതിനായി ടെലികോം സേവന കമ്പനികളും സ്‌മാര്‍ട്ട്ഫോണ്‍ നിര്‍മാണ കമ്പനികളും തമ്മിലുള്ള ഏകോപനത്തിനായാണ് ഇപ്പോൾ ചർച്ചകൾ നടക്കുന്നത്. നിലവിൽ 10 കോടി ഉപഭോക്താക്കളുടെ കൈയില്‍ 5ജി റെഡി ഫോണുകള്‍ ഉണ്ടെങ്കിലും ഇവയില്‍ ആപ്പിളിന്‍റേതടക്കമുള്ള പല ഫോണുകളിലും ഇന്ത്യയിലെ 5ജി നെറ്റ്‌വര്‍ക്കുകള്‍ ഇനിയും ലഭ്യമല്ല. ഇതിന് പ്രതിവിധി തേടി ആവശ്യമായ മാറ്റം വരുത്താന്‍ സാധിക്കുമെന്നാണ് സ്‌മാര്‍ട്ട്ഫോണ്‍ നിര്‍മാണ കമ്പനികള്‍ അവകാശപ്പെടുന്നത്. എയര്‍ടെല്‍ എട്ട് നഗരങ്ങളിലാണ് 5ജി സേവനം ആരംഭിച്ചത്. ജിയോ പരീക്ഷണാടിസ്ഥാനത്തില്‍ 5ജി സേവനം തുടങ്ങിയത് ഡൽഹി, മുംബൈ, കൊല്‍ക്കത്ത, വാരണാസി എന്നീ നഗരങ്ങളിലാണ്. എന്നാൽ രാജ്യത്തിൻറെ സാമ്പത്തിക തലസ്ഥാനമായ മുംബൈ അടക്കമുള്ള നഗരങ്ങളിലെ ഉപയോക്താക്കൾ ഇപ്പോഴും 3ജി-4ജിയിലാണ് പ്രവർത്തിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here