പതിനൊന്നാം മലയാളോത്സവം പ്രശസ്ത കവിയും നാടകകൃത്തുമായ കരിവെള്ളൂര്‍ മുരളി ഉദ്ഘാടനം ചെയ്തു.

0

ഭാഷയെ സംരക്ഷിക്കുക, മാതൃഭാഷയെ നില നിര്‍ത്തുക എന്ന് പറയുന്നത് ഇനിയുള്ള കാലത്ത് വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണ്. ഒരു ആഗോള ഉല്‍പ്പാദന വ്യവസ്ഥയും ആഗോളവിനിമയ വ്യവസ്ഥയും ഉണ്ടായിക്കൊണ്ടിരിക്കുകയാണ്. ഈ ലോകത്ത് ഇനി ഒരു ഭാഷ മതി എന്ന് ആരെങ്കിലും പറഞ്ഞാല്‍ അതിനെ ചെറുത്തു തോല്‍പ്പിക്കേണ്ടതാണ്. ഭാഷയുടെ ഏറ്റവും പ്രധാനപ്പെട്ട ഒരു ഘടകം അത് മനുഷ്യരെ ജാതി മതചിന്തകള്‍ക്കപ്പുറത്ത് ബന്ധിപ്പിക്കുന്ന ചോര ഞെരമ്പാണ് എന്നുള്ളതാണ്.” പതിനൊന്നാം മലയാളോത്സവം ഉദ്ഘാടനം ചെയ്ത് പ്രശസ്ത കവിയും നാടകകൃത്തുമായ കരിവെള്ളൂര്‍ മുരളി സംസാരിച്ചു.

മനുഷ്യന്റെ ഭൌതിക പ്രവര്‍ത്തനങ്ങളിലെ ഏറ്റവും മഹത്തായ പ്രവര്‍ത്തനം സര്‍ഗ്ഗാത്മക പ്രവര്‍ത്തനമാണ്. അത് നിര്‍വ്വഹിക്കുന്നവ മലയാള ഭാഷാ പ്രചാരണ സംഘത്തിന്റെ സംഘാടകരെ കരിവെള്ളൂര്‍ അനുമോദിച്ചു.

M.K. Nawas, Girijavallabhan, Valsan Moorkkoth, K, Pavithran, Reena Santhosh, Jeevarajan

മനുഷ്യരെ മുഴുവന്‍ സ്നേഹിക്കുക, അവരുടെ ദുഖങ്ങളില്‍ മുഴുവന്‍ പങ്കാളികളാകുക, ഒരു വലിയ പുതിയ ലോകം നിര്‍മ്മിക്കാനുള്ള പ്രവര്‍ത്തനത്തിന് ഭാഷ എത്രത്തോളം ഉപയോഗിക്കാനാവും എന്നാലോചിക്കുക, പരവിദ്വേഷത്തിന്റെ, വെറുപ്പിന്റെ, പകയുടെ എല്ലാ ശക്തികളെയും ചെറുത്തു തോല്‍പ്പിക്കുണമെന്നും കരിവെള്ളൂര്‍ മുരളി ആഹ്വാനം ചെയ്തു.

ഒക്ടോബര്‍ 16, ഞായറാഴ്ച വൈകുന്നേരം 4.30 ന് ചെമ്പൂര്‍ ആദര്‍ശ വിദ്യാലയത്തില്‍ വച്ച് നടന്ന ഉദ്ഘാടന സമ്മേളനത്തില്‍ മലയാള ഭാഷാ പ്രചാരണ സംഘം പ്രസിഡന്റ്‌ റീന സന്തോഷ്‌ അദ്ധ്യക്ഷം വഹിച്ചു. ജനറല്‍ സെക്രട്ടറി ജീവരാജന്‍ സ്വാഗതമാശംസിച്ചു. മലയാള ഭാഷാ പ്രചാരണ സംഘത്തിന്‍റെ പ്രഖ്യാപിത ലക്ഷ്യങ്ങളെക്കുറിച്ചും ആ ലക്ഷ്യങ്ങള്‍ നേടിയെടുക്കാന്‍ നടത്തുന്ന ശ്രമങ്ങളെക്കുറിച്ചും റീന സന്തോഷ്‌ തന്റെ അദ്ധ്യക്ഷ പ്രസംഗത്തില്‍ വിശദീകരിച്ചു. ഉദ്ഘാടന ചടങ്ങുകള്‍ക്ക് മുമ്പ് വിവിധ മേഖലകള്‍ വര്‍ണപ്പകിട്ടാര്‍ന്ന കലാപരിപാടികള്‍ അവതരിപ്പിച്ചു.

“മഹാനഗരത്തിലെ മലയാളനാടിനെ വീണ്ടെടുക്കുക’ എന്ന ഉദ്ദേശ ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന മലയാള ഭാഷാ പ്രചാരണ സംഘത്തിനും കഴിഞ്ഞ പത്തു വര്‍ഷങ്ങളായി മുംബൈ മലയാളികളുടെ സര്‍ഗ്ഗോത്സവമായി മാറിക്കഴിഞ്ഞ മലയാളോത്സവത്തിനും ആശംസകള്‍ നേര്‍ന്നുകൊണ്ട് കെ.പവിത്രന്‍ (ജോയിന്റ് സെക്രട്ടറി, കേരള പീപ്പ്ള്‍സ് എജുകേഷന്‍ സൊസൈറ്റി), വത്സലന്‍ മൂര്‍ക്കോത്ത് (സെക്രട്ടറി, കേരളീയ കേന്ദ്ര സംഘടന), ഗിരിജാവല്ലഭന്‍ (മലയാളം മിഷന്‍ മുംബൈ ചാപ്റ്റര്‍ കമ്മിറ്റി അംഗം), എം. കെ.നവാസ് (സെക്രട്ടറി, വേള്‍ഡ് മലയാളി കൌണ്‍സില്‍) എന്നിവര്‍ സംസാരിച്ചു.

മലയാള ഭാഷാ പ്രാചാരണ സംഘം മഹാരാഷ്ട്ര അടിസ്ഥാനത്തില്‍ സംഘടിപ്പിച്ച സാഹിത്യ മത്സരങ്ങളുടെ പുരസ്കാരവിതരണവും നടന്നു. കവിതയില്‍ ഒന്നാം സമ്മാനം കൊച്ചു കുഞ്ഞു പിള്ള (കവിത: സംഹരിച്ചാര്‍ജ്ജിക്കാനാവില്ല സംതൃപ്തി), രണ്ടാം സമ്മാനം കെ.വി. സത്യനാഥ് (കവിത: ദൈവത്തിന്‍റെ സങ്കടം).

ചെറുകഥയില്‍ ഒന്നാം സമ്മാനം രാജന്‍ കിണറ്റിങ്കരക്കും (കഥ: റഷീദ എന്ന പെണ്‍കുട്ടി), രണ്ടാം സമ്മാനം രാജന്‍ പി.കെ (കഥ: നിസ്സഹായത) എന്നിവര്‍ക്കും, ലേഖനത്തില്‍ (വിഷയം: “ആധുനിക സമൂഹ നിർമ്മിതിയിൽ ലിംഗസമത്വത്തിന്‍റെ പ്രസക്തി”) ഒന്നാം സമ്മാനം: കെ.വി സത്യനാഥ്, രണ്ടാം സമ്മാനം: ഷീല എസ്. മേനോന്‍ എന്നിവര്‍ക്കുമാണ് ലഭിച്ചത്.

മഹാരാഷ്ട്ര സ്റ്റേറ്റ് ബോര്‍ഡ്‌, മുംബൈ ഡിവിഷന്‍ 2022 മാര്‍ച്ചില്‍ നടത്തിയ എസ്‌.എസ്. സി പരീക്ഷയില്‍ മലയാളം ഒരു വിഷയമായെടുത്ത് പരീക്ഷ പാസായ 43 വിദ്യാര്‍ഥികളെ കേരള പീപ്പ്ള്‍സ് എജുകേഷന്‍ സൊസൈറ്റിയും മലയാള ഭാഷാ പ്രചാരണ സംഘവും ചേര്‍ന്ന് വേദിയില്‍ ആദരിച്ചു. മുഖ്യാതിഥിയും മറ്റ് അതിഥികളും അവര്‍ക്ക് സാക്ഷ്യപത്രവും പുരസ്കാരവും നല്കി. രാജന്‍ നായര്‍ നന്ദി പ്രകടനം നടത്തി.

LEAVE A REPLY

Please enter your comment!
Please enter your name here