മാതൃഭൂമി ആഴ്ചപ്പതിപ്പിൽ എസ് ഹരീഷ് എഴുതി വന്നിരുന്ന നോവൽ പിൻവലിച്ചു.
ഹൈന്ദവ സ്ത്രീകളെ കുറിച്ചുള്ള നോവലിലെ പരാമര്‍ശത്തെ തുടർന്നാണ് ഹരീഷിന്റെ കുടുംബത്തിനെതിരെ ശക്തമായ സൈബര്‍ ആക്രമണമുണ്ടായതും ഇതേ തുടർന്ന് നോവലിസ്റ്റ് മീശ പിന്‍വലിക്കേണ്ടി വന്നതും. വിഷയത്തിൽ മുംബൈ സാഹിത്യലോകം പ്രതികരിക്കുന്നു.
സുരേഷ് വർമ്മ – കഥാകാരൻ
ഭാര്യയുടെയും മക്കളുടെയും കണ്ണുകളിലേക്ക് ഒന്ന് സൂക്ഷിച്ചു നോക്കിയാൽ എഴുത്തുകാരന് തുറന്നെഴുതാൻ കൈ വിറയ്ക്കുന്ന കാലം വന്നിരിക്കുന്നു. സർഗ്ഗാത്മതയെ വർഗീയതയുടെ വിഷം പുരട്ടിയ മുൾവേലി കെട്ടി പ്രതിരോധിക്കുകയാണ്. ഇന്ത്യ ദിവസം പ്രതി ഇന്ത്യ അല്ലാതായിക്കൊണ്ടിരിക്കുന്നു. സ്വന്തം ‘അമ്മ കാമുകനുമായി രമിക്കുന്ന കാഴ്ച (ദീർഘതമസ്സ്) വിവരിക്കുന്ന മഹാഭാരതം പിൻവലിക്കണമെന്ന് ആരും പറയാത്തത് ഭാഗ്യം. അമ്പല ചുമരുകളിൽ രതി ചിത്രങ്ങൾ കോറിയിട്ടതും ദേവിയുടെ അംഗ പ്രത്യംഗ വർണ്ണനകളെ സ്തുതി ഗീതങ്ങളായി ഭജന പാടിയിരുന്നതും ഈ ഇന്ത്യയിൽ ആയിരുന്നുവെന്നത് വിശ്വസിക്കാനാവുന്നില്ല.
ജാതിക്കോമരങ്ങൾ നിറഞ്ഞാടിയ കാലത്തു പോലും ബഷീറിനും എം ടിക്കും സ്വതന്ത്രമായി എഴുതാൻ കഴിഞ്ഞിരുന്നു ഭൂമി മലയാളത്തിൽ. ഇക്കാര്യത്തിൽ ഇന്ന് ഭൂരിപക്ഷ വർഗീയത ന്യൂനപക്ഷ എന്ന വ്യത്യാസമില്ല. സഭയുടെ എതിർപ്പിനെ തുടർന്ന് ഭാഷാപോഷിണിയുടെ ഒരു ലക്കം തന്നെ പിൻവലിക്കേണ്ടി വന്നത് ഓർക്കുമല്ലോ. എന്ത് സംഭവിച്ചാലും അക്ഷരങ്ങൾ തോറ്റു കൂടാ.
മേഘനാഥൻ – കഥാകാരൻ
ആവിഷ്കാര സ്വാതന്ത്ര്യം ഇല്ലെങ്കിൽ എഴുത്തുകാരന് അയാളുടെ തൂലിക താഴെ വെക്കേണ്ടി വരും. നമ്മുടെ സ്വപ്ങ്ങളിൽ എന്തെല്ലാം കാര്യങ്ങളാണ് കടന്നുവരാറുള്ളത്! ഞാൻ ഇഷ്ടപ്പെടുന്ന സ്ത്രീയായിരിക്കും എന്റെ സ്വപ്നത്തിൽ വരുന്നത്. അക്കാരണത്താൽ എന്റെ സ്വപ്നങ്ങൾക്ക് വിലക്കേർപ്പെടുത്താൻ കഴിയുമോ? ഭാവനയുടെ സന്തതികളാണ് കഥാപാത്രങ്ങൾ. അങ്ങനെയുള്ള കഥാപാത്രങ്ങളുടെ സംഭാഷണങ്ങൾക്ക് വിലങ്ങിടണം എന്ന വാദം ഭോഷത്തമാണ്. പണ്ടത്തെ സ്ത്രീകളെപ്പോലെ ഇന്നുള്ളവരും പഴയമട്ടിൽ അടിവസ്ത്രം ധരിച്ചേ അമ്പലത്തിൽ പ്രവേശിക്കാവൂ എന്ന് ആരാനും ആജ്ഞാപിച്ചാൽ അവരത് പാലിക്കുമോ എന്നറിഞ്ഞാൽ കൊള്ളാം. ഭീഷണികൾ നേരിടാതിരിക്കാൻ ഇനി ഞാനെഴുതുന്ന കഥയിലെ സ്ത്രീകഥാപാത്രം അമ്പലത്തിൽ പോകുമ്പോൾ പഴയ സമ്പ്രാദായത്തിലുള്ള അടിവസ്ത്രമായിരിക്കും ധരിക്കുക. പഴയമട്ടിൽ കൗപീനധാരികളായിരിക്കും ഭാവിയിൽ ഞാനെഴുതുന്ന കഥയിൽ ക്ഷേത്രങ്ങളിൽ പോകുന്ന പുരഷന്മാർ.
ഗിരിജാവല്ലഭൻ – കഥാകാരൻ
ചില സംഘടനകളുടെ നിരന്തരമായ ഭീഷണികളും സൈബർ ആക്രമണങ്ങളും ഉണ്ടായ സാഹചര്യത്തിലാണ് മീശ എന്ന നോവൽ മാതൃഭൂമിയിൽ നിന്ന് പിൻവലിച്ചതെന്ന് എസ്. ഹരീഷ് വ്യക്തമാക്കി യിട്ടുണ്ട്. പക്ഷേ, ഹരീഷ് മുട്ടുമടക്കിയെന്ന് പറഞ്ഞ് അദ്ദേഹത്തെ അപഹസിക്കുന്നതിൽ കഴമ്പില്ല. മാതൃഭൂമിയും നമ്മുടെ സാഹിത്യലോകവും തക്ക സമയത്ത് ഹരീഷിന് വേണ്ട ആത്മബലവും പിന്തുണയും നൽകുന്നതിൽ പരാജയപ്പെട്ടോ എന്നെനിക്ക് സംശയമുണ്ട്. അഞ്ചു വർഷത്തെ പ്രയത്നംകൊണ്ട് ഏറെ പ്രയാസപ്പെട്ട്, അരനൂറ്റാണ്ട് മുമ്പുള്ള കേരള പശ്ചാത്തലത്തിൽ എസ്.ഹരീഷ് എഴുതിയ നോവൽ മൂന്നു ലക്കം ആയപ്പോഴേക്കും ഇത്തരമൊരു ആക്രമണത്തിന് പാത്രമായതിൽ സാംസ്കാരികകേരളം ലജ്ജിക്കണം. എസ്.ഹരീഷിന് എന്റെ എല്ലാ പിന്തുണയും ഐക്യദാർഢ്യവും.
സി പി കൃഷ്ണകുമാർ – നോവലിസ്റ്റ്
സർഗ്ഗപരമായ കലഹങ്ങൾക്ക് കാലാതീതമായ പ്രസക്തി ഉണ്ട്. തിരസ്കരിക്കപ്പെട്ട എഴുത്തുകാരനും തമസ്കരിക്കപ്പെട്ട എഴുത്തും കാലാതിവർത്തി ആവുന്നത് ഇത്തരം കലഹങ്ങൾ അതി ശക്തം ആവുമ്പോൾ ആണ്. ശ്രീ.എസ്.ഹരീഷിന്റെ “മോദസ്തനായങ്ങു ലസിപ്പൂ ….° എന്ന കഥയിൽ സർഗ്ഗ കലഹത്തിന്റെ സ്വരം അനുഭവിച്ചവർ ആണ് നാം. “മീശ” എന്ന നോവലിലെ ഒരു സംഭാഷണം കേവലം വിവാദത്തിൽ ഒതുങ്ങുമോ , അതോ അത് സർഗ്ഗ കലഹത്തിന്റെ തുടക്കം ആണോ എന്നു പറയുവാൻ മൂന്ന് അധ്യായങ്ങൾ പര്യാപ്തം അല്ല.
ശശിധരൻ നായർ (മലയാളഭൂമി) പത്രപ്രവർത്തകൻ
മാതൃഭൂമി ആഴ്ചപ്പതിപ്പിൽ ഖണ്ഡശ: പ്രസിദ്ധീകരിച്ചു തുടങ്ങിയ എസ്. ഹരീഷിന്റെ “മീശ” എന്ന നോവൽ മൂന്നു ലക്കം പിന്നിട്ടപ്പോൾ അതിന്നെതിരെ മതഭ്രാന്തന്മാരുടെ ഭീഷണികളും ഹാലിളക്കവും ശക്തമായി. അദ്ദേഹത്തിന്നെതിരെ സമൂഹമാദ്ധ്യമങ്ങളിലൂടെ നിരന്തരം ഭീഷണികൾ ഉയർത്തി. ഒരു സംസ്ഥാന നേതാവ് ചാനൽ ചർച്ചക്കിടെ നോവലിസ്റ്റിന്റെ കരണത്തടിക്കണമെന്ന് പരസ്യമായി പറഞ്ഞു. കൂടാതെ സമൂഹ മാദ്ധ്യമങ്ങളിലൂടെയും അല്ലാതെയും എസ്. ഹരീഷിന്റെ ഭാര്യയുടെയും രണ്ടുകുട്ടികളുടേയും ചിത്രങ്ങൾ ഉപയോഗിച്ച് അസഭ്യപ്രചാരണങ്ങൾ തുടരുന്നു. അദ്ദേഹത്തിന്റെ അമ്മയേയും പെങ്ങളേയും മരിച്ചുപോയ അച്ഛനേയും കുറിച്ച് അപവാദം പറയുന്നു. സംപൂർണ സാക്ഷരതയുള്ളവരെന്ന് പറഞ്ഞും സാംസ്കാരികമായി ഔന്നത്യത്തിലാണെന്ന് പറഞ്ഞും അഭിമാനിക്കുന്ന കേരളത്തിലാണ് ഇതു നടക്കുന്നത് എന്നോർക്കണം. ആർഷഭാരത സംസ്കൃതിയുടെ കുത്തകാവകാശം ഒരു പ്രത്യേക സംഘടനക്കോ രാഷ്ട്രീയപാർട്ടിക്കോ ഭാരതീയർ തീറെഴുതി കൊടുത്തിട്ടില്ല. ആരും ഭാരത സംസ്കൃതിയുടെ കസ്റ്റോഡിയൻ ചമഞ്ഞ് വരേണ്ടതില്ല. ഈ രാജ്യത്തെ നിയമവും നിയമവ്യവസ്ഥകളും ഒരു കൂട്ടർക്ക് അമ്മാനമാടാനുള്ളതല്ല. ചാനലിൽ സാഹിത്യകാരന്റെ കരണത്തടിക്കണമെന്നു പറഞ്ഞ നേതാവിനെതിരേ കോടതിയും പോലീസും സ്വമേധയാ കേസ്സെടുക്കണം. മനഷ്യാവാശകമ്മീഷനും തല്പരകക്ഷികൾക്കെതിരെ കേസ്സെടുക്കണം. എഴുത്തുകാരന്റെ ക്രിയാത്മസ്വാതന്ത്ര്യം എന്നും ഉയർത്തിപ്പിടിക്കാൻ കഴിയണം. ആവിഷ്കാരസ്വാതന്ത്ര്യം സംരക്ഷിക്കപ്പെടണം. എസ്. ഹരീഷ് എന്ന എഴുത്തുകാരനോട് എഴുത്തുകാരനായ ഞാൻ ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നു.
ഭയാനകമായ ഈ സ്ഥിതിവിശേഷം ആശങ്കാജനകവും അപലപനീയവുമാണ്. അതുപോലെ അപലപനീയമാണ് നോവൽ തങ്ങൾ പ്രസിദ്ധീകരിക്കാമെന്നു പറഞ്ഞ് മുന്നോട്ടു വന്ന സമകാലിക മലയാളം ആഴ്ചപ്പതിപ്പിന്റെ നിലപാട്. കലക്കവെള്ളത്തിൽ മീൻപിടിക്കാനിറങ്ങിയ ആ പ്രവൃത്തി അവരുടെ സാംസ്കാരികച്യുതി വെളിപ്പെടുത്തുന്നു. നോവലിസ്റ്റ് തന്റെ നോവൽ തുടർന്ന് പ്രസിദ്ധീകരിക്കേണ്ടെന്നു ആവശ്യപ്പെട്ടപ്പോൾ മാതൃഭൂമി പ്രസിദ്ധീകരണം നിറുത്താൻ തയ്യാറായി. ആ നോവൽ അടുത്തെങ്ങും പുസ്തകമാക്കുന്നില്ലെന്നും നോവലിസ്റ്റ് വെളിപ്പെടുത്തി. ഈ സാഹചര്യത്തിലാണ് സമകാലികമലയാളത്തിന്റെ അപഹാസ്യമായ ഓഫർ വിലയിരുത്തേണ്ടത്.
രാജൻ കിണറ്റിങ്കര – എഴുത്തുകാരൻ, കാർട്ടൂണിസ്റ്റ്
മാതൃഭൂമി വാരികയിൽ പ്രസിദ്ധീകരിച്ചു വന്ന ശ്രീ എസ് . ഹരീഷിന്റെ നോവൽ ചില വിവാദങ്ങളുടെ പേരിൽ പിൻവലിച്ചിരിക്കുന്നു . തീരുമാനത്തെ എതിർത്തും പിന്താങ്ങിയും വായനക്കാർ രണ്ടു തട്ടിൽ നിന്ന് പ്രതികരിക്കുന്നു . ഒരുപക്ഷെ ആ നോവൽ പ്രസിദ്ധീകരിച്ച് വന്നാൽ കിട്ടുന്നതിനേക്കാൾ മൈലേജ് അതിനു കിട്ടിക്കഴിഞ്ഞു . നൂറോ നൂറ്റിരുപതോ പേജുള്ള നോവലിലെ ഒരു കഥാപാത്രം പറയുന്ന ചെറിയൊരു വാചകം മാത്രം അടർത്തിയെടുത്ത് എഴുത്തുകാരന് നേരെ ഉയർത്തുന്ന ഭീഷണി സാംസ്കാരിക കേരളത്തിന് യോജിച്ചതല്ല . ശ്രീ ഹരീഷിനൊപ്പം നിൽക്കുമ്പോഴും നമ്മുടെ സമൂഹത്തിന്റെ അപക്വമായ ചില വീക്ഷണങ്ങൾ ഇതിനു പിന്നിലുണ്ട് എന്ന് സമ്മതിക്കേണ്ടി യിരിക്കുന്നു . വളരെ സെൻസിറ്റീവ് ആയ ഒരു സമൂഹത്തിലാണ് നമ്മൾ ജീവിക്കുന്നത് . അതുകൊണ്ടുതന്നെ എഴുത്തുകാരൻ മുൻപ് എന്നത്തേതിനേക്കാളും ശ്രദ്ധാലുവാകേണ്ട സമയമാണിത്. പ്രത്യേകിച്ചും സ്ത്രീ വിഷയങ്ങളിൽ ഒരു നോട്ടത്തിൽ പോലും 14 സെക്കന്റിന്റെ അതിർവരമ്പിൽ നിൽക്കുമ്പോൾ . വിവാദങ്ങളുണ്ടാകുമ്പോൾ കഥാപാത്രത്തിന് മേൽ കുറ്റം ചാരി എഴുത്തുകാരന് രക്ഷപ്പെടാനാകില്ല , കാരണം കഥാപാത്രം വായനക്കാരന് അപ്രാപ്യനാണ് , പാത്രസൃഷ്ടി നടത്തിയത് രചയിതാവാണ് , അയാളുടെ ശീലങ്ങൾക്കും ദുശീലങ്ങൾക്കും കുരുത്തക്കേടുകൾക്കും ഒക്കെ മറുപടി പറയാനുള്ള ബാധ്യത ഒരു പരിധിവരെ എഴുത്തുകാരനുണ്ട് . ഇത്തരം വാർത്തകൾക്ക് ഇല്ലാത്ത അർത്ഥമാനങ്ങൾ നൽകി സമൂഹത്തിൽ അസഹിഷ്ണുതയുടെ വിത്ത് പാകുന്നതിൽ സോഷ്യൽ മീഡിയകളുടെ പങ്കിനെ കുറിച്ചും നമ്മൾ ഉൽക്കണ്ഠപ്പെടേണ്ട സമയം ആണിത് . കാരണം വാട്സ് ആപ്പും ഫെയ്‌സ്ബുക്കും ഒന്നും ഇല്ലാത്ത കാലത്തിറങ്ങിയ ശ്രീ എം ടി . യുടെ നിർമാല്യം സിനിമയിൽ ദേവിയുടെ മുഖത്തേക്ക് ചോരതുപ്പുന്ന വെളിച്ചപ്പാടിനെ കയ്യും നീട്ടി സ്വീകരിച്ചവരാണ് മലയാളി പ്രേക്ഷകർ . അന്നും ഇവിടെ ഭക്തർ ഉണ്ടായിരുന്നു , അന്നും ഇവിടെ മതങ്ങൾ ഉണ്ടായിരുന്നു . പക്ഷെ അതിനും മേലെ അവരൊക്കെ മനുഷ്യർകൂടി ആയിരുന്നു . നോവൽ പിൻവലിക്കാനുണ്ടായ സാഹചര്യത്തെ കുറിച്ച് ഹരീഷ് പത്രത്തിനെഴുതിയ കുറിപ്പ് ഓരോ എഴുത്തുകാരന്റെയും വ്യാകുലത തന്നെയാണ് . എഴുത്തിനൊപ്പം …….. എഴുത്തുകാരനൊപ്പം .
സുരേഷ് നായർ – എഴുത്തുകാരൻ
തമിഴ് സാഹിത്യകാരനായ പെരുമാള്‍ മുരുകന്‍ അര്‍ദ്ധനാരീശ്വരന്‍ എന്ന നോവലെഴുതിയതിനെത്തുടര്‍ന്ന് വധഭീഷണി നേരിടുകയും അദ്ദേഹത്തിന് എഴൂത്ത് നിര്‍ത്തി,വയ്ക്കേണ്ട അവസ്ഥയുണ്ടാവുകയും ചെയ്തു. പിന്നീട് അദ്ദേഹം എഴുത്ത് തുടരുകയും നോവല്‍ ഹിറ്റാവുകയും ചെയ്തു !
മീശ എന്ന നോവല്‍ മാതൃഭൂമി പുനരാരംഭിക്കുകയും ടി നോവലിന് ഒരവാര്‍ഡ് തരപ്പെടാനുമുള്ള സാധ്യത തെളിയുകയും ചെയ്യുന്നുണ്ട് !.
നിരണം കരുണാകരൻ – എഴുത്തുകാരൻ
ആവിഷ്‌ക്കാര സ്വാതന്ത്ര്യം എല്ലാവർക്കുമുണ്ട്. അത് പ്രകടിപ്പിക്കുകയും ആവാം. എന്നാൽ അത് ഒരു വിഭാഗത്തിനെ പ്രകോപിപ്പിക്കുന്നതോ, അപഹസിക്കുന്നതോ ആകരുത്. നോവൽ ഇപ്പോൾ വിവാദമായാലും പിന്നെ പ്രസിദ്ധീകൃതമാകും എന്ന് വിശ്വസിക്കുന്നു. സൽമാൻ റഷ്ദിയുടെ, സാത്താനിക്ക് വേഴ്‌സസ് ‘ ഓർമിക്കുക.
നോവലിസ്റ്റ് ബാലകൃഷ്ണൻ
കേരളത്തിൽ സ്വതന്ത്രമായ ചിന്തയ്ക്കും എഴുത്തിനും നേരെ വർധിച്ചുവരുന്ന അസിഹിഷ്ണുതയും അക്രമവാസനയും ഉൽക്കണ്ഠയും വ്യസനവുമാണുണ്ടാക്കുന്നത്. ബുദ്ധിയിലും സാക്ഷരതയിലും രാഷ്ട്രീയപ്രബുദ്ധതയിലും വളരെ ദൂരം മുന്നോട്ടു പോയി എന്ന് അഹങ്കരിച്ചിരുന്ന നാം എത്രപിന്നിലാണെന്നറിയുന്നത് ആശങ്കാജനകമാണ്.നമ്മെ കാത്തിരിക്കുന്നത് കൂടുതൽ ഇരുണ്ടയുഗമാണോ എന്ന ചിന്ത വേദനിപ്പിക്കുന്നു.
കഥാകാരി മാനസി
മീശ വിവാദത്തിൽ പൂർണമായും താൻ ഹരീഷിനോടൊപ്പമാണെന്ന് മുംബൈയിലെ പ്രശസ്ത കഥാകാരി മാനസി അഭിപ്രായപ്പെട്ടു. അമേരിക്കയിൽ സന്ദർശനത്തിന് പോയിരിക്കുന്ന മാനസി വാട്സാപ്പ് സന്ദേശത്തിലൂടെയാണ് പ്രതികരണം അറിയിച്ചത്.
മോഹൻലാലിന്റെ പത്രസമ്മേളനത്തെ പൊളിച്ചടുക്കി സംഗീത ലക്ഷ്മണ.
ദിലീപും പൃഥ്വിയും പൊട്ടന്മാരെന്നും അഭിഭാഷക.
ക്രിക്കറ്റ് തരംഗമാണെങ്കിൽ…ഫുട്ബോൾ ചങ്കാണ് മുംബൈ മലയാളികൾക്ക് !!