ജാഗ്രത: സ്വകാര്യ ചിത്രങ്ങൾ കൈയ്യിലുണ്ട്

മിക്ക കുറ്റകൃത്യങ്ങൾക്കും പുറകിൽ സ്വകാര്യ ദൃശ്യങ്ങൾ പ്രചരിപ്പിക്കും എന്ന ഭീഷണിയാണ്. എന്തിനാണ് ഈ സ്വകാര്യത ഭീഷണി ആകും വിധത്തിൽ പങ്കു വയ്ക്കുന്നത്. രാജൻ കിണറ്റിങ്കര എഴുതുന്നു

0

പണ്ടൊക്കെ ഉച്ചക്ക് ഊണ് കഴിഞ്ഞാൽ ചുറ്റുവട്ടത്തുള്ള പെണ്ണുങ്ങളൊക്കെ ഒരു വീട്ടിലെ വടക്കോറത്ത് ഒത്തുകൂടും. വീട്ടിൽ വച്ച കറിയും തെങ്ങിന് തടമിട്ടതും കുളക്കടവിലെ വാർത്തകളും ഒക്കെ നിർദോഷമായി അവർ പങ്കുവയ്ക്കും. ഇടക്ക് കുറച്ച് അടുത്തേക്ക് നീങ്ങിയിരുന്ന് ചെവിയിലെന്നപോലെ ചില രഹസ്യങ്ങൾ പങ്കുവയ്ക്കും, എന്നിട്ട് പറയും, ദേ, ഞാൻ പറഞ്ഞൂന്ന് ആരോടും പറയരുത്ട്ടോ, ഞാൻ ഇത് അന്നോടാവോണ്ട് പറയാ. പണ്ടത്തെ രഹസ്യങ്ങളുടെ വ്യാപ്തി ഇത്രയേ ഉള്ളൂ.

പക്ഷെ, ഇന്ന് സ്വകാര്യതാ ഭഞ്ജനം ജീവന് തന്നെ ഭീഷണിയായി മാറിയിരിക്കുന്നു. മിക്ക ആത്മഹത്യകൾക്കും കുറ്റകൃത്യങ്ങൾക്കും പുറകിൽ സ്വകാര്യ ദൃശ്യങ്ങൾ പ്രചരിപ്പിക്കും എന്ന ഭീഷണിയാണ്. എന്തിനാണ് ഈ സ്വകാര്യത പിന്നീടതൊരു ഭീഷണി ആകും വിധത്തിൽ പങ്കു വയ്ക്കുന്നത്.

പണ്ടൊക്കെ പുഴയിലോ പൊതു കുളത്തിലോ ആണ് നമ്മുടെ വീട്ടിലെ സ്ത്രീകൾ കുളിച്ചിരുന്നത്, ചിലരൊക്കെ വീട്ടിലെ കിണറ്റുവക്കിൽ മറച്ചു കെട്ടിയ മുണ്ടിനോ തെങ്ങോലക്കോ പുറകിൽ നിന്ന് കുളിക്കും. അവരുടെയൊന്നും ഒരു സ്വകാര്യതയും നഷ്ടപ്പെട്ടില്ല, ഒരു രഹസ്യവും വിലപേശപ്പെട്ടില്ല. എന്നിട്ടും ഇപ്പോൾ നമ്മൾ പറയുന്നു, നമ്മൾ ചിന്തയിലും കാഴ്ചപ്പാടിലും ഒരുപാട് മുന്നോട്ട് പോയി എന്ന്.

ഒറ്റമുണ്ടും ബ്ലൗസും ഇട്ടാണ് സ്ത്രീകൾ പാടത്ത് പണിക്കു പോയിരുന്നത്, ഒരാളും അവരെ തുറിച്ചു നോക്കിയില്ല, ആരും അവരുടെ നഗ്നമേനിയുടെ ദൃശ്യം പകർത്തിയില്ല, ആരും അവരോട് മോശമായി പെരുമാറിയില്ല. ആരും ദ്വയാർത്ഥത്തിൽ സംസാരിച്ചില്ല . എന്നിട്ടും നമ്മൾ സദാചാരം ചമഞ്ഞ് നടക്കുന്നു ഇപ്പോൾ.

പണ്ട് പെണ്ണും ചെക്കനും തമ്മിൽ കാണുന്നത് പെണ്ണ് കാണൽ ചടങ്ങിന് മാത്രമാണ്, പിന്നെ കാണുന്നത് വിവാഹ വേദിയിൽ വച്ച് മാത്രം. അതിനിടയിൽ പരസ്പരം കാണലില്ല, സംസാരമില്ല, വിവരങ്ങൾ അറിയലില്ല മനസ്സുകൾ പങ്കിടലില്ല. എന്നിട്ടും വിവാഹമോചനം എന്നത് ഒരു അപൂർവ വസ്തുവായത് അവർക്ക് ഒളിപ്പിക്കാൻ രഹസ്യങ്ങൾ ഇല്ലാത്തതുകൊണ്ടാവും. പക്ഷെ നമ്മൾ ഇപ്പോഴും പറയുന്നു സ്വാതന്ത്ര്യത്തെ കുറിച്ച്.

പണ്ട് ആൺകുട്ടികൾ പോലും പുറത്ത് പോയിരുന്നത് അച്ഛനോടോ അമ്മയോടോ ചോദിച്ചായിരുന്നു, ഇന്ന് മക്കൾ എവിടെപ്പോയെന്ന് പോലും പല വീട്ടുകാർക്കുമറിയില്ല, അവർ വരുന്നതെപ്പോൾ പോകുന്നതെപ്പോൾ എന്നൊന്നും വീട്ടിലുള്ളവർ അന്വേഷിക്കാറില്ല. എന്നിട്ടും നമ്മൾ കരുതലിന്റെയും സ്നേഹത്തിന്റെയും കണക്ക് പറയുന്നു.

പണ്ട് സ്‌കൂളിൽ ആൺകുട്ടികളും പെൺകുട്ടികളും ഒരേ ബെഞ്ചിലിരുന്നാണ് പഠിച്ചിരുന്നത്. ഇന്ന് ഒന്നിച്ചിരുന്നാൽ ആ സീറ്റ് തല്ലിപ്പൊളിക്കും. എന്നിട്ടും നമ്മൾ സമത്വത്തെ കുറിച്ച് വാചാലരാകുന്നു.

പണ്ട് ആരും അവരവരുടെ സ്വകാര്യതകൾ പങ്ക് വച്ചില്ല, ആരും ആവശ്യപ്പെട്ടില്ല, അതുകൊണ്ടുതന്നെ ആരും വിലപേശിയില്ല, ഭീഷണിപ്പെടുത്തിയില്ല. അവർ പങ്ക് വച്ചത് സ്നേഹവും സൗഹൃദവുമായിരുന്നു. അവരവരുടെ സുഖ ദുഖങ്ങളായിരുന്നു. ഇന്ന് നമ്മൾ സുഖദുഃഖങ്ങൾ പങ്കു വയ്ക്കുന്നില്ല, (അത് കുറച്ചിലാണ്) സ്നേഹവും സൗഹൃദവും പങ്കു വയ്ക്കുന്നില്ല (അളവ് കുറഞ്ഞുപോകും). പക്ഷെ കാണിക്കാൻ പാടാത്തതും കൊടുക്കാൻ പാടാത്തതും പങ്കുവച്ചെന്നു വരും. . എന്നിട്ടും നമ്മൾ പുതിയ കാലത്തിന്റെ സൗകര്യങ്ങളിൽ ഊറ്റം കൊള്ളുന്നു.

രാജൻ കിണറ്റിങ്കര

LEAVE A REPLY

Please enter your comment!
Please enter your name here