ഒരു ദശാബ്ദം പിന്നിടുന്ന മുംബൈയിലെ ഗിന്നസ് കൈകൊട്ടിക്കളി

0

മുംബൈ മലയാളികൾക്ക് എന്നെന്നും അഭിമാനിക്കാവുന്ന നേട്ടമാണ് ഗിന്നസ് കൈകൊട്ടിക്കളി. നാലുകെട്ടിന്റെ നടുമുറ്റത്ത് നിന്ന് കേരളത്തിന്റെ തനത് കലയെ ലോകത്തിന്റെ നിറുകയിലെത്തിച്ച ആശയം ആദ്യം വിഭാവനം ചെയ്യുന്നത് രമേശ് അയ്യരാണ്. അക്കാലത്ത് മുംബൈയിലെ ഒട്ടു മിക്ക മെഗാ ഷോകളുടെയും ഏകോപനം നിർവഹിച്ച കലാസ്നേഹി. പ്രശസ്ത ഗായകരായ യേശുദാസും ജയചന്ദ്രനും മക്കളും ഒരേ വേദിയിൽ പാടുവാനെത്തിയ അപൂർവ്വ വേദി ഇന്നും ഡോംബിവ്‌ലിക്ക് മാത്രം സ്വന്തമാണ്. മുംബൈയിലെ സാംസ്കാരിക രംഗത്ത് സജീവമായിരുന്ന രാഗസുധ ഒരു പറ്റം ഊർജ്വസ്വലരായ ചെറുപ്പക്കാരുടെ സങ്കേതമായിരുന്നു. രമേശ് അയ്യരാണ് ഇതിന് ചുക്കാൻ പിടിച്ചത്. പതിനായിരത്തിലധികം ആളുകൾ പങ്കെടുത്തിരുന്ന മെഗാ ഷോകളെല്ലാം സൗജന്യമായി സംഘടിപ്പിച്ചാണ് ഇതര സംഘാടകരെയും മലയാളി സമാജങ്ങളെയും ഈ ചെറുപ്പക്കാർ വിസ്മയിപ്പിച്ചിരുന്നത്.

തൃശൂർ പൂരത്തിന്റെ പൊലിമയും സംസ്കാരവും പരിചയപ്പെടുത്തിയ മുംബൈ പൂരവും ലക്ഷങ്ങൾ പങ്കെടുത്ത മാമാങ്കമായിരുന്നു.

ഇതൊനോടനുബന്ധിച്ചാണ് മെഗാ കൈകൊട്ടിക്കളിയും അരങ്ങേറിയത്. ചിട്ടയായ ഏകോപനത്തിലൂടെയാണ് മൂവ്വായിരത്തോളം വനിതകളെ പങ്കെടുപ്പിച്ചു കൊണ്ടുള്ള കൈകൊട്ടിക്കളിക്കായി വേദിയൊരുക്കിയത്. അകാലത്തിൽ വിട പറഞ്ഞ ഹൈമവതി ടീച്ചറായിരുന്നു ചുവടുകൾ ചിട്ടപ്പെടുത്തിയത്.

മേഖലാടിസ്ഥാനത്തിൽ ഗ്രൂപ്പുകൾ ഉണ്ടാക്കിയാണ് ഏകോപനം നിർവഹിച്ചത്. ഓർമ്മകൾ പങ്ക് വച്ച് രമേശ് പറഞ്ഞു. വാട്ട്സപ്പ്, ടെലിഗ്രാം പോലുള്ള ആധുനീക ആശയവിനിമയ സംവിധാനങ്ങൾ നിലവിലില്ലായിരുന്നെങ്കിലും അന്നത്തെ കൂട്ടായ്മകൾ ഇതിനെയെല്ലാം മറി കടക്കാൻ പ്രാപ്തമായിരുന്നുവെന്ന് രമേശ് അയ്യർ വ്യക്തമാക്കി.

അന്ന് നിലവിലുണ്ടായിരുന്ന ഏറ്റവും ആധുനീക സൗകര്യങ്ങൾ പ്രയോജനപ്പെടുത്തിയാണ് ദൃശ്യങ്ങൾ ഒപ്പിയെടുത്തതെന്ന് പി സത്യൻ ഓർത്തെടുത്തു. ഇന്നും മനസ്സിൽ നിന്നും മായാത്ത ദൃശ്യങ്ങളാണ് മുംബൈ പൂരവും മെഗാ കൈകൊട്ടിക്കളിയും നൽകിയ അനുഭവങ്ങളെന്ന് സത്യൻ പറയുന്നു.

കൊണ്ടോത്ത് വേണുഗോപാൽ, ഇ പി വാസു, രാജൻ പണിക്കർ, രവീന്ദ്രനാഥ്, സി പി ബാബു, ഡോ ഉമ്മൻ ഡേവിഡ് തുടങ്ങി സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖരുടെ ഒരു നീണ്ട നിര തന്നെ മുംബൈ പൂരത്തിനായി മുൻ നിരയിൽ നിന്ന് പ്രവർത്തിച്ചു.

കൈകൊട്ടിക്കളിക്ക് വേണ്ടി വന്നിരുന്ന പരിശീനവും മറ്റുമായി തിരക്കിനിടയിലും സമയം കണ്ടെത്തുകയായിരുന്നു ഉദ്യോഗസ്ഥരും വീട്ടമ്മമാരും വിദ്യാർഥികളും അടങ്ങുന്ന കലാകാരികൾ.

പലപ്പോഴും രാത്രി ഏറെ വൈകിയാണ് പലരും പരിശീലനങ്ങൾ നടത്തിയിരുന്നത്. ടെറസിന്റെ മുകളിലും, സമാജം ഹാളുകളിലും സ്കൂളുകളിലുമായി മൂവായിരത്തിലധികം പേർക്കാണ് നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായി പരിശീലനം നൽകിയിരുന്നതെന്ന് ഡോ. ജയശ്രീ മേനോൻ ഓർമ്മകൾ പങ്ക് വെച്ചു. പാട്ടിനോടൊപ്പം ചുവടുകൾ ചിട്ടപ്പെടുത്തി വീഡിയോ ചിത്രീകരിച്ചു സി ഡി യിലാക്കിയാണ് ഇവർക്കെല്ലാം എത്തിച്ചു നൽകിയിരുന്നതെന്നാണ് സരള രവീന്ദ്രൻ പറഞ്ഞത്.

ചുവടുകൾ പോലെ തന്നെ പ്രധാനമായിരുന്നു ഡ്രസ്സ് കോഡ്. ഇതിനായി പ്രത്യേക നിബന്ധനകൾ ഇ മെയിൽ വഴിയാണ് ബന്ധപ്പെട്ട കലാകാരികൾക്ക് എത്തിച്ചിരുന്നത്. കസവ് സാരിയും കസവ് മുണ്ടും മാത്രമല്ല അണിയേണ്ട ആഭരണങ്ങൾക്കും നെറ്റിയിലെ പൊട്ടിനു പോലും നിബന്ധനകൾ ഉണ്ടായിരുന്നുവെന്നാണ് രാധിക നായർ പറഞ്ഞത്. അത് തന്നെയായിരുന്നു ലോകത്തിന്റെ നിറുകയിലെത്തിച്ച 2639 പേർ പങ്കെടുത്ത കൈകൊട്ടിക്കളിക്ക് ദൃശ്യമികവേകിയതും.

നവി മുംബൈയിൽ നിന്നും നൂറോളം കലാകാരികളുമായാണ് സാമൂഹിക പ്രവർത്തക തങ്കം മാധവൻ എത്തിയത്. ഓരോ മേഖലയിലും ഏകോപനം നിർവഹിക്കാൻ പ്രത്യേക വനിതാ സംഘങ്ങൾ തന്നെയുണ്ടായിരുന്നു. പശ്ചിമ മേഖലയിൽ നിന്നും ഇതര ഭാഷക്കാരികളടങ്ങുന്ന നൂറിലധികം കലാകാരികളെ ഏകോപിപ്പിച്ചത് രാഖി സുനിലാണ്.

സ്ത്രീശാക്തീകരണത്തിന് നിമിത്തമായ സംരംഭം കൂടിയായിരുന്നു ഈ കൈകൊട്ടിക്കളി വേദി. ആദ്യമായി കേരളീയ വസ്ത്രങ്ങളുടെ സ്റ്റാൾ ഇടാൻ നിമിത്തമായത് ഈ കൂട്ടായ്‌മ തന്ന ആത്മവിശ്വാസമായിരുന്നുവെന്ന് ശാന്ത ചന്ദ്രൻ പറയുന്നു. ഇന്ന് മുംബൈയിലെ വിവിധ ഭാഗങ്ങളിലായി വിപണി വിപുലീകരിക്കാൻ പ്രപ്തമാക്കിയ ആദ്യ കാലങ്ങളെ കുറിച്ച് പറയുമ്പോൾ ശാന്തക്കും ചാരിതാർഥ്യം. അടുക്കളയിൽ മാത്രം ഒതുങ്ങി കൂടിയിരുന്ന വലിയൊരു സ്ത്രീ സമൂഹത്തെ അരങ്ങത്തേക്ക് കൊണ്ട് വരാൻ കൂടി മുംബൈയിലെ മെഗാ കൈകൊട്ടിക്കളി അവസരമൊരുക്കിയെന്നാണ് ഇവരെല്ലാം അഭിമാനത്തോടെ പറയുന്നത്.

കുടുംബശ്രീയുടെ തുടക്കവും ഈ കൈകൊട്ടിക്കളി കൂട്ടായ്മയിൽ നിന്നായിരുന്നുവെന്ന് അംബിക മേനോൻ ഓർക്കുന്നു. പിന്നീടത് ഹൈമാവതി ടീച്ചറുടെ സ്മരണാർത്ഥം ഹൈമശ്രീ എന്നാക്കി പ്രവർത്തനം തുടർന്നു

ഒരു ദശാബ്ദം പിന്നിടുമ്പോൾ ഇനിയൊരു മുംബൈ പൂരത്തിനും മെഗാ കൈകൊട്ടിക്കളിക്കും മഹാനഗരത്തിൽ വേദിയൊരുക്കാൻ മാറിയ കാലത്തിന് കഴിയുമോ എന്നതാണ് നഗരത്തിലെ സാംസ്‌കാരിക ലോകവും ആരായുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here