ഗസൽ നിലാവിൽ മധുര സംഗീതവുമായി കവിയും നടനും ഗായകനുമായ മധു നമ്പ്യാർ

0

നവംബർ 27ന് ഡോംബിവ്‌ലിയിൽ അരങ്ങേറുന്ന മലയാളം ഗസൽ കോർത്തിണക്കിയുള്ള സംഗീത സന്ധ്യയിൽ മുംബൈയിലെ പ്രമുഖ ഗായകരോടൊപ്പം മധു നമ്പ്യാരും ഗാനങ്ങൾ ആലപിക്കും.
കലാമണ്ഡലം ഗിരീശൻ, ബാബുരാജ് മേനോൻ, കളത്തൂർ വിനയൻ, നെടുമ്പള്ളി കൃഷ്ണ മോഹൻ, രാഹുൽ നായർ, രാജലക്ഷ്മി, അശ്വിൻ നമ്പ്യാർ, അനന്യ ദിലീപ് എന്നീ ഗായകർ ചേർന്നൊരുക്കുന്ന ഗസൽ നിലവിന് പശ്ചാത്തലമൊരുക്കുന്നത് സംഗീത സംവിധായകൻ ത്യാഗരാജനാണ് . ഡോംബിവ്‌ലി കേരളീയ സമാജം ആതിഥേയരാകും.

സാഹിത്യവും സംഗീതവും മാത്രമല്ല അരങ്ങിൽ ഭാവാഭിനയങ്ങളിലൂടെ തിളങ്ങിയ നടൻ കൂടിയാണ് മധു നമ്പ്യാർ. നിരവധി നാടകങ്ങളിലൂടെ മികച്ച മുഹൂർത്തങ്ങൾ പകർന്നാടിയ കലാകാരൻ മുംബൈയിലെ തിരക്ക് പിടിച്ച ജീവിതത്തിനിടയിലും സംഗീതവും സാഹിത്യവും അഭിനയവും കൂടെ കൊണ്ട് നടന്നു. .

എൺപതുകളുടെ തുടക്കത്തിൽ ആരംഭിച്ച സംഗീത യാത്ര മഹാ നഗരത്തിലെ നിരവധി വേദികളിൽ പാട്ടിന്റെ പാലാഴി തീർത്തു. കെ വേണുഗോപാലിന്റെ സംഗീത ട്രൂപ്പിലെ അംഗമായതിന് പുറമെ ചെമ്പുർ മലയാളി സമാജത്തിന്റെ നാടകത്തിലൂടെ അഭിനയ രംഗത്തേക്കും കടന്നു വന്നു. തുടർന്ന് ബോംബെ കേരളീയ സമാജം, സപ്തസ്വര, കലാഞ്ജലി തീയേറ്റേഴ്സ് എന്നീ നാടക ട്രൂപ്പുകളുടെ വേദികളിലൂടെ കലാ രംഗത്ത് സജീവമായ മധു നമ്പ്യാർ കൈരളി ടി വിയിൽ സംപ്രേക്ഷണം ചെയ്ത കാവ്യാലാപന റിയാലിറ്റി ഷോയിലെ വിധികർത്താക്കളിൽ ഒരാളായിരുന്നു.

പ്രസിദ്ധരായ ദക്ഷിണാമൂർത്തി സ്വാമി, ശ്രീകുമാരൻ തമ്പി, യൂസഫലി കേച്ചേരി, ജയകുമാർ ഐഎഎസ് എസ് രമേശൻ നായർ, ടി എസ് രാധാകൃഷ്ണൻ, ജെറി അമൽദേവ് എന്നിവരുടെ സാന്നിധ്യത്തിൽ നിരവധി വേദികളിൽ ഗാനങ്ങൾ ആലപിക്കുവാനുള്ള ഭാഗ്യവും ലഭിച്ചിട്ടുണ്ടെന്ന് മധു നമ്പ്യാർ പറയുന്നു.

ഇതിനിടെയാണ് കവിതയിലും ആകൃഷ്ടനായത്. വൈകി വന്ന വസന്തം ഇതിനോട് മധു പ്രതികരിച്ചത്. മനസ്സിലും കടലാസിലുമായി കവിതകൾ കുത്തികുറിച്ചിരുന്ന കാലം മധു ഓർത്തെടുത്തു. മുംബൈയിൽ കെ ബി സെയ്ദ് മുഹമ്മദ് എഡിറ്ററായിരുന്ന ഗ്രാമരത്നം എന്ന മാസികയിലൂടെയാണ് ആദ്യ കവിത പ്രസിദ്ധീകരിക്കുന്നത്. അതൊരു പ്രചോദനമായി. പിന്നീട് മുംബൈ കേരള സമാജം പ്രസിദ്ധീകരിക്കുന്ന വിശാല കേരളത്തിലും നിരവധി കവിതകൾ അച്ചടിച്ച് വന്നു. സമൂഹ മാധ്യമങ്ങൾ പ്രചാരം നേടിയതോടെ ഫേസ്ബുക്ക് കവിതകളുടെ സ്ഥിരം വേദിയായി. 2016 ൽ 50 കവിതകളടങ്ങുന്ന പുതിയ വീട്ടിലെ അതിഥികൾ എന്ന കവിതാ സമാഹാരവും പ്രസിദ്ധീകരിച്ചു.

ഗീത പത്‌നി. ഏക മകൻ നിഖിൽ അമേരിക്കയിൽ ജോലി നോക്കുന്നു. വിവാഹിതനാണ്.

LEAVE A REPLY

Please enter your comment!
Please enter your name here