ഒന്നനങ്ങാൻ സ്ഥലമില്ലാത്ത മുംബൈ ട്രെയിനുകളിൽ ചിലരുടെ മോബൈൽ പ്രകടനം ദേഷ്യവും ചിലപ്പോഴൊക്കെ ചിരിക്കാനുള്ള വകയും തരും .
അടുത്ത് നിൽക്കുന്ന ആളുടെ പാന്റ്സിന്റെ പോക്കറ്റിൽ കിടന്ന് മോബൈൽ അടിക്കുമ്പോൾ നമ്മുടെ തുടകളാകും വൈബ്രേറ്റ് ചെയ്യുന്നത്. പോക്കറ്റിൽ കയ്യിട്ട് ഈ സാധനം എടുക്കുക എന്നത് വളരെ ശ്രമകരമായ പണിയാണ്. അതാണ് തുടകളിലെ പഞ്ചാരിമേളം സഹിച്ച് ഫോണെടുക്കാതെ അയാൾ നിൽക്കുന്നത്. ഇനി ഫോണടിയുന്നു എന്ന് നമ്മളെങ്ങാനും അയാളോട് പറഞ്ഞാൽ നമ്മളെ ഒരു നോട്ടമുണ്ട്. എന്റെ ഫോൺ എടുക്കാൻ നിന്റെ സമ്മതം വേണോ എന്ന മട്ടിൽ .
ചിലരൊക്കെ ഫോൺ പിടിക്കുന്നതും സംസാരിക്കുന്നതും കേട്ടാൽ അറിയാം അങ്ങേ തലക്കൽ സുഹൃത്താണോ ഭാര്യയാണോ ബോസാണോ എന്ന് .
ഇന്നലെ ഒരുത്തൻ മെട്രോയിൽ ഇതുപോലെ ബുദ്ധിമുട്ടി ഫോണിൽ സംസാരിക്കുന്നു. ഒരു കൈയിൽ ബാഗും മറ്റേ കൈയിൽ ഫോണുമായി സംസാരിക്കുകയാണ്. യെസ് യെസ് എന്ന് മാത്രമേ പറയുന്നുള്ളു. വേറൊരു വാക്കില്ല. കൈ വിട്ടുള്ള സംസാരമല്ലേ , ട്രെയിൻ നിൽക്കുമ്പോഴും വളവു തിരിയുമ്പോഴും അയാൾ ബാലൻസ് തെറ്റി അടുത്തുള്ള ആളുടെ നെഞ്ചിൽ ചെന്ന് കയറുന്നുണ്ട്. അപ്പോഴും യെസ് പറച്ചിൽ നിർത്തുന്നില്ല.
10 മിനിട്ട് നേരത്തെ യെസ് പറച്ചിലിനു ശേഷം ഫോൺ കട്ടായിട്ടും അയാൾ സ്ക്രീനിലേക്ക് തന്നെ നോക്കി നിശ്വാസം ഉതിർക്കുകയാണ്. അപ്പോൾ സംസാരിച്ചിരുന്ന ആളുടെ പേർ അതിൽ കണ്ടു , ഇതുവരെ യെസ് യെസ് എന്ന് പറഞ്ഞിരുന്ന ആൾ സേവ് ചെയ്ത് വച്ചിരിക്കുന്നത് Wife No. Wife Number എന്നത് ഷോർട്ടിൽ എഴുതിയതായിരിക്കും മഹാൻ!!
മുംബൈയിലെ പെൺകുട്ടികൾ ആൺ സുഹൃത്തുക്കളെ വിളിക്കുന്ന ഓമനപ്പേരാണ് സ്റ്റുപിഡ് . ഫോണിലൂടെ ഇടക്കിടെ സ്റ്റുപിഡ് എന്ന് കേട്ടാൽ മനസ്സിലാക്കാം അപ്പുറത്ത് ആരാണെന്ന് . ഇത് കേട്ട് ആര്യപുത്രാ എന്ന വിളി കേട്ട പോലെ ഒരു വിഡ്ഢി കോൾമയിർ കൊള്ളുന്നുണ്ടാവും ഫോണിന്റെ അങ്ങേ തലക്കൽ . വിളിക്കുന്നവർക്കും കേൾക്കുന്ന വർക്കും അർത്ഥമറിയാത്ത വാക്ക്.
നഗരവാരിധിയിലെ പുതിയ അനുഭവങ്ങളുമായി വീണ്ടും കാണാം.
