മുംബൈക്കാരുടെ സ്വന്തം ബാലേട്ടൻ വിട പറഞ്ഞു

0

മുംബൈയിൽ ചെമ്പുർ ആസ്ഥാനമായി ഹോട്ടൽ വ്യവസായവും ട്രാവൽ ഏജൻസിയും കെട്ടിപ്പടുത്ത നഗരത്തിലെ ആദ്യ കാല മലയാളികളിൽ ഒരാളായിരുന്ന എ വി ബാലൻ അന്തരിച്ചു. ബാലൻ അസ്സോസിയേറ്റ്സ്, ഹോട്ടൽ റോയൽ തുടങ്ങിയ സ്ഥാപനങ്ങളുടെ ഉടമയാണ് വിട പറഞ്ഞത്. ഇന്ന് രാവിലെ 11 മണിയോടെയായിരുന്നു അന്ത്യം. സംസ്കാരം വൈകീട്ട് 7 മണിക്ക് ചെമ്പൂർ ശ്മശാനത്തിൽ വച്ചായിരിക്കുമെന്ന് അടുത്ത വൃത്തങ്ങൾ അറിയിച്ചു. കോഴിക്കോട് പേരാമ്പ്ര സ്വദേശിയാണ്. 84 വയസ്സായിരുന്നു. മൂന്ന് മക്കൾ. രണ്ടു ആണും ഒരു പെണ്ണും. ഭാര്യ ജാനകി

അമ്പതുകളുടെ അവസാനത്തിൽ അഞ്ചാം ക്ലാസ് പോലും പൂർത്തിയാക്കാതെയാണ് ബോംബെയിലേക്ക് വണ്ടി കയറിത്. മഹാ നഗരത്തിലേക്ക് ചേക്കേറുമ്പോൾ കൈമുതലായുണ്ടായിരുന്നത് ഇച്ചാശക്തിയും അർപ്പണബോധവും മാത്രമായിരുന്നു.

നഗരത്തിന്റെ താളത്തിനൊപ്പം കരുക്കൾ നീക്കി തീഷ്ണമായ അനുഭവങ്ങളിലൂടെ മുന്നേറിയ പതിനേഴുകാരന് പക്ഷെ പല പടവുകളും കയറിയിറങ്ങിയപ്പോഴും ചുവടുകൾ ഒന്നും പിഴച്ചില്ല. അങ്ങിനെയാണ് ട്രാവൽ രംഗത്തും ഹോട്ടൽ വ്യവസായ രംഗത്തേക്കും കടന്നു വരുന്നത്.

അക്കാലത്തെ സിനിമാക്കാരുടെ ഇഷ്ട കേന്ദ്രം കൂടിയായിരുന്നു ബാലേട്ടന്റെ ഉടമസ്ഥതയിലുള്ള ഹോട്ടലുകൾ. എൺപതുകളിൽ മോഹൻലാൽ, ശ്രീനിവാസൻ, തുടങ്ങിയ താരങ്ങളെല്ലാം സിനിമാ ചിത്രാകരണത്തിനായി നഗരത്തിലെത്തുമ്പോൾ ഓടിയെത്തുന്നത് ബാലേട്ടന്റെ അടുത്തേക്കായിരുന്നു. താമസം മാത്രമല്ല നഗരത്തിൽ ചിത്രീകരണത്തിനാവശ്യമായ സൗകര്യങ്ങൾ ഒരുക്കി നൽകാനും ബാലേട്ടന്റെ സഹായമാണ് തേടിയിരുന്നത്.

കഠിനാധ്വാനത്തിലൂടെ കെട്ടിപ്പടുത്ത ട്രാവൽ ഹോട്ടൽ വ്യവസായ സാമ്രാജ്യത്തിന്റെ അമരത്തിരിക്കുമ്പോഴും ഒരു മനുഷ്യ സ്നേഹിയായി ബാലേട്ടൻ അറിയപ്പെട്ടിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here