സീൽ ആശ്രമം സംഘടിപ്പിച്ച ‘റെസ്‌ക്യുനിറ്റ് ഇന്ത്യ സമ്മിറ്റ് 2022’ ശ്രദ്ധേയമായി

0

നവംബർ 22, 23 തീയതികളിൽ നടന്ന “റെസ്‌ക്യുനിറ്റ് ഇന്ത്യ സമ്മിറ്റ് 2022” ശ്രദ്ധേയമായി. തെരുവുകളിൽ അനാഥമായി അലഞ്ഞു നടക്കുന്നവരെ രക്ഷപ്പെടുത്തി കരുതലോടെ ചേർത്ത് പിടിച്ച് അവരുടെ കുടുംബങ്ങളുമായി വീണ്ടും ഒന്നിപ്പിക്കുന്ന സേവനത്തിനായി ഇനി മുതൽ ആധുനീക സംവിധാനത്തിന്റെ സഹായം തേടാവുന്നതാണ്.

ഇന്ത്യയിൽ ഡിഎൻഎ പ്രൊഫൈലിങ്ങിന്റെയും ജനിതക മാപ്പിംഗിന്റെയും പ്രവർത്തനക്ഷമതയും വിശ്വാസ്യതയും നടപ്പാക്കൽ തന്ത്രങ്ങളുമാണ് സമ്മേളനം ചർച്ച ചെയ്തത്. അന്താരാഷ്‌ട്ര വിദഗ്ദർ പങ്കെടുത്ത റെസ്‌ക്യുനിറ്റ് ഇന്ത്യ സമ്മിറ്റ് 2022 നവംബർ 22, 23 തീയതികളിൽ മുംബൈയിലെ പൻവേൽ സീൽ ആശ്രമ കാമ്പസിലും മുംബൈയിലെ ബാന്ദ്ര-കുർള കോംപ്ലക്‌സിലെ എംസിഎയിലും വച്ചാണ് നടന്നത്

നിരാലംബരും ഭവനരഹിതരുമായ ആളുകളെ രക്ഷപ്പെടുത്തി അവരുടെ കുടുംബവുമായി കൂടിച്ചേരാൻ അവസരമൊരുക്കുന്ന സംരംഭമാണ് ‘RESCUNITE’. അനാഥരായി അലയുന്നവരെ രക്ഷപ്പെടുത്തി ആശ്രമത്തിൽ പാർപ്പിക്കുകയും ഭക്ഷണവും ചികിത്സയും ഉറപ്പാക്കി സാധാരണ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരുന്നതിനുള്ള സഹായങ്ങളാണ് സീൽ ആശ്രമം കഴിഞ്ഞ 23 വർഷമായി തുടരുന്നത്. ഇവരിൽ 95% ആളുകളും മാനസിക വൈകല്യമുള്ളവരും ഡിമെൻഷ്യ പോലുള്ള ഗുരുതരമായ അവസ്ഥകളിലൂടെ കടന്നു പോകുന്നവരുമാണ്. ഇവരിൽ പലർക്കും യഥാർത്ഥ പേരുകൾ പോലും ഉച്ചരിക്കാൻ കഴിയാത്ത മനസികാവസ്ഥയിലാണ്. വൈദ്യസഹായത്തിലൂടെയും സ്നേഹ പരിചരണത്തിലൂടെയുമാണ് പലപ്പോഴും ഇവരുടെ മുൻകാല ചരിത്രത്തിന്റെ ചെറിയ സൂചനകൾ പോലും ലഭിക്കുന്നത്. ഇതൊരു നീണ്ട പ്രക്രിയയാണെന്നാണ് അനുഭവങ്ങൾ പങ്ക് വച്ച് പാസ്റ്റർ ഫിലിപ്പ് വിശദീകരിച്ചത്.

ഉറ്റവരിൽ നിന്ന് വേറിട്ട് തെരുവോരങ്ങളിൽ കഴിയുന്നവർക്ക് അവരുടെ വീര്യവും ചൈതന്യവും ഇല്ലാതാക്കുന്നു. ശാസ്ത്രീയമായ രീതികൾ അവലംബിച്ച് ഇവരെയെല്ലാം തിരിച്ചറിയുന്നതിനുള്ള ബയോമെട്രിക്‌സ്, ഡിഎൻഎ പ്രൊഫൈലിംഗ് തുടങ്ങിയ രീതികളാണ് ‘RESCUNITE’ മേഖലയിൽ അവലംബിക്കുന്നത്.

ആധുനിക കാലത്ത്, വികസിത രാജ്യങ്ങൾ, സാധാരണ ജീവിതത്തിന്റെ എല്ലാ മേഖലകളിലും കൃത്രിമബുദ്ധി സംയോജിപ്പിച്ചിട്ടുണ്ട്. വർഷങ്ങളുടെ ആശയവിനിമയത്തിലൂടെ, പ്രമുഖ ശാസ്ത്രജ്ഞരും ഗവേഷകരും സംരംഭകരും അടങ്ങുന്ന ഒരു സംഘമാണ് മുംബൈയിലെ സീൽ ആശ്രമത്തിന്റെ പ്രവർത്തന മാതൃകയിൽ താല്പര്യം കാണിച്ചത്. അത്തരത്തിലുള്ള വിദഗ്ധരുടെ പങ്കാളിത്തത്തോടെയാണ് സീൽ റെസ്‌ക്യൂനൈറ്റ് ഇന്ത്യ സമ്മിറ്റ് – 2022 സംഘടിപ്പിച്ചത്.

സ്‌പെയിനിലെ ‘ഡിഎൻഎ പ്രോക്കിഡ്‌സ്’ സ്ഥാപകനായ ഡോ. ജോസ് ലോറന്റാണ് വിദഗ്ധരുടെ സംഘത്തെ നയിച്ചത്. കൂടാതെ ജോൺ എ. റാംസെ, അശ്വത് ഷെട്ടി, പൗളിന ഡോസൽ, സീൽ ആശ്രമത്തിന്റെ മുഖ്യ രക്ഷാധികാരി ഡോ. എബ്രഹാം മത്തായി (മഹാരാഷ്ട്ര ന്യൂനപക്ഷ കമ്മീഷൻ മുൻ വൈസ് ചെയർമാൻ) തുടങ്ങിയവർ പങ്കെടുത്തു.

‘ഇന്നത്തെ കാലഘട്ടത്തിൽ, അന്വേഷകർക്ക് ഡിഎൻഎയുടെയും ജനിതക പ്രൊഫൈലിംഗിന്റെയും വിപുലമായ ഡാറ്റ ഉണ്ടെങ്കിൽ, കാണാതായ ആളുകളെ തിരിച്ചറിയാനും അവരെ വീണ്ടും ഒന്നിപ്പിക്കാനും എളുപ്പമാകുമെന്ന് സമ്മേളനം വിലയിരുത്തി. ഡിഎൻഎ പൊരുത്തപ്പെടുത്തലിനായി സാമ്പിളുകൾ ശേഖരിക്കാൻ ഉപയോഗിക്കുന്ന ഡിഎൻഎ കിറ്റുകൾ പ്രദർശിപ്പിച്ചു.

പങ്കെടുത്തവരിൽ വിവിധ മേഖലകളിൽ നിന്നുള്ള നിരവധി ഡോക്ടർമാർ, പോലീസ് സർജന്മാർ, ഫോറൻസിക് വിദഗ്ധർ തുടങ്ങിയവർ തങ്ങളുടെ അനുഭവങ്ങൾ പങ്ക് വച്ചു . കാണാതായ കേസുകളിലും കുറ്റകൃത്യങ്ങളിലും ഡിഎൻഎ പ്രൊഫൈലിംഗ് നടപ്പിലാക്കുന്നതിനെക്കുറിച്ചുള്ള ചിന്തകളും അവർ വിശദീകരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here