ശിവഗിരി തീർത്ഥാടനത്തിനായി മുംബൈയിൽ നിന്നുള്ള സംഘം യാത്രയായി

0

ശ്രീനാരായണഗുരു മനുഷ്യനന്മയും ലോകനന്മയും ലക്ഷ്യമാക്കികൊണ്ട് വിഭാവനം ചെയ്ത ശിവഗിരി തീർത്ഥാടനത്തിൽ പങ്കെടുക്കാനായി എസ് എൻ ഡി പി യോഗം മുംബൈ താനെ യൂണിയന്റെ നേതൃത്വത്തിൽ 110 തീർത്ഥാടകരാണ് നേത്രാവതി ട്രെയിനിൽ ഇന്ന് യാത്രയായത് .

കെയർ ഫോർ മുംബൈ പ്രസിഡന്റ് എം കെ നവാസ് ജാഥ ക്യാപ്റ്റൻ സി വി വിജയൻ എന്നിവർ ചേർന്ന് യാത്രയുടെ ഫ്ലാഗ് ഓഫ് കർമ്മം നിർവഹിച്ചു.

യുണിയൻ സെക്രട്ടറി ബിനു സുരേന്ദ്രൻ, വൈസ് പ്രസിഡന്റ് ടി കെ മോഹൻ കോർഡിനേറ്റർ പി കെ ബാലകൃഷ്ണൻ, ശാഖാ ഭാരാവാഹികൾ, വനിതാ സംഘം യുണിയൻ ഭാരവാഹികൾ തുടങ്ങിയവരടങ്ങുന്ന സംഘം തീർഥാടനം കഴിഞ്ഞു ജനുവരി 03 ന് മുംബൈയിൽ തിരികെയെത്തും.

ഗുരുവിന്റെ തിരുപ്പിറവി ഗൃഹമായ ചെമ്പഴന്തി, കുന്നുംപാറ സുബ്രമണ്യ ക്ഷേത്രം, ഗുരു തപസ്സനുഷ്ഠിച്ച മരുത്വാമല, എസ് എൻ ഡി പി യോഗം ആസ്ഥാന മന്ദിരം, ഗുരു വിദ്യാഭ്യാസം നേടിയ വരണപ്പള്ളി കുടുംബം, ചേവണ്ണൂർ കളരി തുടങ്ങി ഗുരുവുമായി ബന്ധപ്പെട്ട പുണ്യസ്ഥലങ്ങളും മുംബൈയിൽ നിന്നുള്ള സംഘം സന്ദർശിക്കും. മൊത്തം 125 തീർത്ഥാടകരാണ് യൂണിയന്റെ ആഭിമുഖ്യത്തിൽ ശിവഗിരി തീർത്ഥാടനത്തിൽ പങ്കെടുക്കുന്നത്

2022 ഡിസംബർ 30,31 & 2023 ജനുവരി 01 എന്നീ തിയതികളിലായി നടക്കുന്ന തീർത്ഥാടനത്തിൽ പങ്ക് ചേരാൻ ലോകത്തിന്റെ നാനാഭാഗത്തു നിന്നാണ് ഗുരുദേവ ഭക്തർ ശിവഗിരിയിൽ എത്തിച്ചേരുന്നത്. പത്തുദിവസത്തെ വ്രതം അനുഷ്ഠിച്ച് ശ്രീബുദ്ധന്റെ പഞ്ചശുദ്ധിയോടു കൂടിയാണ് ശരീര ശുദ്ധി,ആഹാര ശുദ്ധി, മനശുദ്ധി,വാക്ശുദ്ധി, കർമ്മശുദ്ധി എന്നിവ പരിപാലിച്ച് പീതാംബരധാരികളായാണ് തീർത്ഥാടനം.

തീർത്ഥാടനത്തിനോടനുബന്ധിച്ച് വിദ്യാഭ്യാസം, കൃഷി, കച്ചവടം, കൈത്തൊഴിൽ, ശാസ്ത്രസാങ്കേതിക പരിശീലനം തുടങ്ങിയ വിഷയങ്ങളിൽ സെമിനാറുകൾ സംഘടിപ്പിക്കും.

നവതിയുടെയും കനക ജൂബിലിയുടെയും ആഘോഷ പരിപാടികളുടെ ഉത്‌ഘാടനം പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് നിർവഹിച്ചത്. ഡിസംബർ 30 ന് നടക്കുന്ന തീർത്ഥാടന സമ്മേളനത്തിന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ് നാഥ് സിംഗ് തിരി തെളിയിക്കും. 31 ന് നടക്കുന്ന തീർത്ഥാടന സമ്മേളനം കേരള മുഖ്യമന്ത്രി പിണറായി വിജയൻ ഉത്‌ഘാടനം ചെയ്യും. കേന്ദ മന്ത്രിമാർ, ഗവർണ്ണർ, സംസ്ഥാന മന്ത്രിമാർ, ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുക്കും.

LEAVE A REPLY

Please enter your comment!
Please enter your name here