അങ്ങിനെ ജനുവരി 1 ന്റെ അപരാഹ്നത്തിൽ എത്തി നിൽക്കുന്നു നമ്മൾ. കഴിഞ്ഞു പോയ മണിക്കൂറുകളിലേക്ക് ഒന്ന് തിരിഞ്ഞു നോക്കാം.
ഇന്നലെ വൈകീട്ട് തുടങ്ങിയ പുതുവത്സര ആശംസകൾ ഇന്നിതാ വൈകുനേരം 4 മണിയായിട്ടും കഴിയാതെ വിഷമിക്കുന്ന ചിലർ. പ്രാതലും ഉച്ചയൂണും ഉപേക്ഷിച്ച് മോബൈൽ കുത്തിപ്പിടിച്ചിരുന്നിട്ടും ടാസ്ക് മുഴുവിക്കാൻ കഴിയാതെ പരാജയം നുണയുന്നവർ.
ജനുവരി ഒന്നിന് പലരും മഹാൻമാരാകും .. അവർ വലിയ വലിയ ജീവിത സത്യങ്ങൾ ലോകത്തിന് മുന്നിൽ ഫ്രീ ആയി വിളമ്പി. എട്ടാം ക്ലാസിൽ ഗാന്ധിജിയെയും അബ്ദുൾ കലാമിനെയും വിവേകാനന്ദനെയും കുറിച്ച് ചോദിച്ചപ്പോൾ കണ്ണ് മിഴിച്ച് അന്തം വിട്ട് നിന്നവർ അവരുടെ ഉദ്ധരണികൾ സ്റ്റാറ്റസാക്കി.
ഗ്രൂപ്പുകളിൽ ഇന്നലെ രാവിലെ മുതൽ പ്രസവിക്കാൻ തുടങ്ങിയ പുതു വർഷ കവിതകൾ ഇനിയും അടങ്ങിയിട്ടില്ല. കവിതകൾ ഗദ്യരചനകളുമാകാം എന്ന് കണ്ടുപിടിക്കപ്പെട്ടപ്പോൾ അതിൽ അക്ഷര തെറ്റുകളും ആവാം എന്ന് ഒരു ആധുനിക കവി സ്ഥാപിച്ചു. ഗുരു ദക്ഷിണ കുരു ദക്ഷിണയും കവിത കഴുതയുമായെങ്കിൽ അത് കവിയുടെ കുറ്റമല്ല വായിക്കുന്നവന്റെ കുറ്റമായി ചാർത്തപ്പെട്ടു.
മലയാളി ഇന്നലെ കുടിച്ച മദ്യത്തിന്റെ കണക്ക് ഇതുവരെ പുറത്ത് എത്തിയിട്ടില്ല. കണക്ക് നോക്കേണ്ട ആൾ ഹാങ് ഓവറിൽ നിന്ന് മുക്തനായിട്ടില്ല എന്നാണ് അറിയാൻ കഴിഞ്ഞത്. ഇന്നലെ ഹോട്ടലുകളിൽ ഒന്നും രണ്ടും മണിക്കൂർ വെയിറ്റ് ചെയ്താണ് പലർക്കും സീറ്റും ഭക്ഷണവും കിട്ടിയത്. ഈ ന്യൂ ഇയർ ഈവിന് ഹോട്ടൽ ഭക്ഷണം കഴിക്കുന്ന ആചാരം എന്ന് മുതലാണ് നിലവിൽ വന്നതെന്ന് ചരിത്ര പുസ്തകങ്ങളിൽ എവിടെയും രേഖപ്പെടുത്തിയിട്ടില്ല. ഇന്ന് ഹോട്ടലിൽ പോകാം, നീ കിച്ചനിൽ കയറണ്ട ഫ്രീ ആയിക്കോ എന്നു പറയുന്ന ഭർത്താവിന്റെ ഉള്ളിൽ ഇന്ന് ഞാൻ നിന്റെ ഭക്ഷണത്തിൽ നിന്ന് ഫ്രീ ആവട്ടെ എന്നാണെന്ന സത്യം ഭാര്യക്കും അറിയാഞ്ഞിട്ടല്ല.
ന്യൂ ഇയർ സൺഡേ വന്ന വിഷമത്തിലാണ് പലരും. സൺഡേയിലെ സ്ഥിരം ക്വാട്ട ന്യൂ ഇയറിൽ മുങ്ങിപ്പോയതിന്റെ വിഷമം കുടിയൻമാർക്ക് മാത്രമേ അറിയൂ. വെള്ളം ന്യൂ ഇയറിന്റെ ഒരു അവിഭാജ്യ ഘടകമാണ്. അതിനാൽ വെളളമടിക്കാത്തവർ ബീച്ചുകളിൽ പോയി കടലിലെ വെള്ളം നോക്കി നിന്ന് മനസ്സും വയറും നിറച്ചു.
രാത്രി 12 മണിക്ക് ന്യൂ ഇയർ പിറന്നപ്പോൾ ആകാശത്ത് അമിട്ടുകൾ പൊട്ടി. വർണ്ണങ്ങൾ വാരി വിതറി പ്രകൃതി നിലാവിൽ കുളിച്ച് നിന്നു. ടി.വി. ചാനലുകൾ റോക്കറ്റു വിക്ഷേപണ കേന്ദ്രത്തിലെന്ന പോലെ കൗണ്ട് ഡൗൺ സമയം കാണിച്ചു. ന്യൂയോർക്കിലെയും സിഡ്നിയിലെയും ആഘോഷ രാവുകൾ സ്ക്രീനിൽ കണ്ട് ടച്ചിംഗ് നുണയുമ്പോൾ റെയിൽവേ ബ്രിഡ്ജിൽ പകൽ മുഴുവൻ ഒരു റൊട്ടിക്കഷണം പോലും കിട്ടാതെ തണുപ്പിനെ അകറ്റാൻ ഉടുത്ത മുണ്ട് തലവഴി മൂടി അന്തിയുറങ്ങുന്ന ചിലരുമുണ്ടെന്ന് ആരും ഓർത്തില്ല.
ഇതിനിടയിൽ 2023 ന്റെ പ്രത്യേകൾ കണ്ടുപിടിച്ച് ചില നവമാധ്യമ പണ്ഡിതരും. 2023 അക്കങ്ങൾ ഇടത്തു നിന്ന് വലത്തേക്ക് കൂട്ടിയാലും വലത്തു നിന്ന് ഇടത്തേക്ക് കൂട്ടിയാലും 7 എന്ന് വരുന്ന അദ്ഭുത പ്രതിഭാസം 100 വർഷത്തിൽ ഒരിക്കൽ മാത്രം സംഭവിക്കുമത്രെ. അതിന് ഭാഗ്യം കിട്ടിയവരാണ് ഭൂമിയിൽ ഇന്ന് ജീവിക്കുന്നവർ .
ഇതൊന്നുമറിയാതെ ഒരു ജനുവരി 1 സന്ധ്യയെ പുൽകുമ്പോൾ മറ്റാഘോഷങ്ങളെ പോലെ പുതുവർഷം കഴിഞ്ഞല്ലോ എന്ന് ആരും ദു:ഖിക്കാറില്ല എന്നത് മാത്രമാണ് ശാശ്വത സത്യം.

86910 34228