നൂതനാനുഭവമായി ശീതങ്കൻ തുള്ളൽ; കലാമണ്ഡലം കലാകാരികളെ ആദരിച്ച് ആത്മ

0

ആൾ താനെ മലയാളി അസ്സോസിയേഷൻ്റെ 18-ാമത് വാർഷികാഘോഷത്തോടനുബന്ധിച്ച് അരങ്ങേറിയ ശീതങ്കൻ തുള്ളൽ താനെയിലെ കലാസ്വാദകർക്ക് നവ്യാനുഭവമായി. ഹിന്ദുസ്ഥാനി സംഗീതത്തിന്റെ ഇതിഹാസമായിരുന്ന അന്നപൂർണാ ദേവിക്ക് സ്മരണാഞ്ജലിയർപ്പിച്ചാണ് പരിപാടിക്ക് തുടക്കമിട്ടത്.

തുള്ളൽ കലയുടെ ചരിത്രപരമായ പ്രാധാന്യത്തെക്കുറിച്ചു കേളി രാമചന്ദ്രനും കലാമണ്ഡലം ശർമിളയും പ്രേക്ഷകരുമായി സംവദിച്ചു.

കേരളത്തിലെ, ക്ഷേത്രകലാരൂപമായ തുള്ളലിന്റെ ഒരു രൂപമാണ് ശീതങ്കൻ തുള്ളൽ. തുള്ളൽകഥകളുടെ, രചനക്ക് ഉപയോഗിച്ചിട്ടുള്ള വൃത്തങ്ങളെയും നടന്റെ വേഷവിധാനത്തെയും ആസ്പദമാക്കി തരംതിരിച്ചിട്ടുള്ള മൂന്ന് വിധം തുള്ളലുകളിൽ ഒന്നാണിതെന്നും കേളി രാമചന്ദ്രൻ പറഞ്ഞു.

കേരള സമൂഹത്തിന്റെ നവോഥാന ചിന്തകളിലേക്കാണ് കുഞ്ചൻ നമ്പ്യാരുടെ തുള്ളലുകൾ വിരൽ ചൂണ്ടുന്നതെന്ന് കലാമണ്ഡലം ശർമിള പറഞ്ഞു. വിഭാഗീയത നില നിന്നിരുന്ന സമൂഹത്തിൽ പാർശ്വവൽകരിക്കപ്പെട്ടവന്റെ അവകാശങ്ങൾ തുള്ളലുകളിലൂടെ നേടിയെടുക്കുകയായിരുന്നുവെന്നും കലാമണ്ഡലം ശർമിള വിശദീകരിച്ചു.

വേദിയിൽ കലാമണ്ഡലം ശർമ്മിള, കലാമണ്ഡലം പ്രീജ എന്നിവരെ സുമ മുകുന്ദൻ, താരാവർമ്മ, നിഷാ ഗിൽബർട്ട് എന്നിവർ ചേർന്നു ആദരിച്ചു.

സുമ മുകുന്ദൻ്റെ നേതൃത്വത്തിൽ ടീം ആത്മ അവതരിപ്പിച്ച കൈകൊട്ടിക്കളി പ്രേക്ഷകരുടെ പ്രത്യേക പ്രശംസ നേടി

നോർക്ക ഡെവലപ്മെൻ്റ് ഓഫീസർ ഷമീം ഖാൻ മുഖ്യാതിഥിയായിരുന്നു.

കേരളത്തിന് പുറത്ത് വസിക്കുന്ന മലയാളികളുടെ ക്ഷേമവും അവർക്കു വേണ്ടുന്ന സഹായങ്ങളും ഉറപ്പുവരുത്തുകയാണ് നോർക്കയുടെ ലക്ഷ്യമെന്നും ഇതിനായി നിരവധി പദ്ധതികളാണ് കേരള സർക്കാർ മുന്നോട്ട് വച്ചിട്ടുള്ളതെന്നും നോർക്ക ഡെവലപ്മെൻ്റ് ഓഫീസർ ഷമീം ഖാൻ പറഞ്ഞു. നാടിന്റെ സമ്പത് വ്യവസ്ഥക്കും കേരള മോഡൽ വികസനത്തിനും പ്രവാസി മലയാളികളുടെ പങ്ക് വളരെ വലുതാണെന്നും ഷമീം ഖാൻ ചൂണ്ടിക്കാട്ടി. അത് കൊണ്ട് തന്നെ പ്രവാസികൾ നോർക്കയുടെ വിവിധ പദ്ധതികളുടെ ഗുണഭോക്താക്കൾ ആകണമെന്നും ഷമീം ഖാൻ സൂചിപ്പിച്ചു .

പുതുവത്സര ദിനത്തിൽ വൈകീട്ട് താനെ കാശിനാഥ് ഘാനേക്കർ- മിനി ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന ചടങ്ങിൽ 2020, 2021, 2022 വർഷങ്ങളിൽ പത്താം ക്ലാസ്സിൽ ഉന്നത വിജയം കരസ്ഥമാക്കിയ 22 കുട്ടികളെ സർട്ടിഫിക്കറ്റ്, കാഷ് അവാർഡ്, മെമൻ്റോ എന്നിവ നൽകി അനുമോദിച്ചു.

ആത്മ പ്രസിഡൻ്റ് ശശികുമാർ നായർ സ്വാഗതവും ആത്മ ജനറൽ സെക്രട്ടറി മന്മദ കുമാർ നന്ദിയും രേഖപ്പെടുത്തി.

LEAVE A REPLY

Please enter your comment!
Please enter your name here