വിപുലമായ വികസന പരിപാടികളുമായി വാരിയര്‍ ഫൗണ്ടേഷൻ

0

പുതുവത്സരത്തെ പ്രോജ്ജ്വലമാക്കാന്‍ തയ്യാറെടുക്കുകയാണ് മുംബൈ ആസ്ഥാനമായ സന്നദ്ധ സംഘടന വാര്യര്‍ ഫൗണ്ടേഷന്‍. ജനുവരി 1, 2, 3 തീയ്യതികള്‍ നാല് പ്രോജക്ടുകള്‍ക്ക് തറക്കല്ലിട്ടുകൊണ്ട് അതിവിപുലമായ വിപുലീകരണ പദ്ധതികള്‍ക്കാണ് സ്ഥാപകനും മാനേജിംഗ് ട്രസ്റ്റിയുമായ എ. എസ്. മാധവന്‍ തുടക്കമിട്ടത്.

ജനുവരി ഒന്നാം തീയ്യതി, പാലക്കാട്ടെ മുതലമടയില്‍ അഗതികള്‍ക്ക് സൗജന്യ താമസത്തിനായി രണ്ടേക്കര്‍ സ്ഥലത്ത് പണിയുന്ന സ്‌നേഹം ആശ്രിതമന്ദിരത്തിന്റെ ആദ്യ ഘട്ടത്തിൽ 10 വീടുകള്‍ പണിയുന്നതിനായി തറക്കല്ലിട്ടു.

ജനുവരി രണ്ടാം തീയ്യതി, എറണാകുളത്തെ കോലഞ്ചേരിയ്ക്കടുത്ത മഴുവന്നൂരില്‍ വാര്യര്‍ ഫൗണ്ടേഷന്‍ സ്‌പോര്‍ട്‌സ് അക്കാദമിക്കായി 10,000 ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള സ്‌പോര്‍ട്‌സ് സെന്റര്‍ നിര്‍മ്മാണ ഉദ്ഘാടനം നിര്‍വഹിച്ചു. എല്ലാ ആധുനിക സൗകര്യങ്ങളോടും കൂടിയ ഈ സ്പോര്‍ട്സ് സെന്റര്‍ 2023 ഏപ്രിലില്‍ നിലവില്‍ വരും. കായിക രംഗത്ത് അന്താരാഷ്ട്ര നിലവാരമുള്ള പരിശീലനം നല്‍കുന്നതിനുള്ള സൗകര്യങ്ങളൊരുക്കികൊണ്ട് രണ്ടു വര്‍ഷം മുന്‍പാണ് അക്കാദമിക്ക് തുടക്കം കുറിച്ചത്. കുറഞ്ഞ നാളുകള്‍ക്കുള്ളില്‍ തന്നെ വോളിബോള്‍ രംഗത്ത് ജില്ലാ ടീമുകളിലേക്കും സംസ്ഥാന ടീമുകളിലേക്കും ഈ അക്കാദമിയില്‍ നിന്നുള്ള കുട്ടികളെയും തിരഞ്ഞെടുത്തു.

ജനുവരി മൂന്നിന്, രാവിലെ മലപ്പുറം നാഗപ്പറമ്പില്‍ വാരിയര്‍ ഫൗണ്ടേഷന്‍ ഭൂ-ഭവന രഹിതര്‍ക്ക് വീടുകള്‍ നിര്‍മ്മിച്ചുകൊടുക്കുവാനുള്ള ആശ്രിതമന്ദിരപദ്ധതിക്ക് തറക്കല്ലിട്ടു. വൈകിട്ട് കാടാമ്പുഴയിലെ ആശ്രിതമന്ദിരത്തിനും തറക്കല്ലിട്ടു.

മൂന്നു പദ്ധതിയിലും കൂടി ആദ്യഘട്ടത്തില്‍ 20 വീടുകളാണ് പണി തീര്‍ത്ത് അഗതികള്‍ക്കായി താമസസൗകര്യമൊരുക്കുന്നതെന്ന് എ. എസ്. മാധവന്‍ പറഞ്ഞു . ഈ നാലു പദ്ധതികളും 3 മൂന്ന് മാസത്തിനുള്ളില്‍ത്തന്നെ പൂര്‍ത്തിയാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇതോടെ വാരിയര്‍ ഫൗണ്ടേഷന്റെ കീഴില്‍ ആറ് ആശ്രിതമന്ദിരങ്ങള്‍ നിലവില്‍ വരുമെന്നും വാരിയർ ഫൗണ്ടേഷൻ സ്ഥാപകൻ വ്യക്തമാക്കി.

എറണാകുളത്തെ മഴുവന്നൂരില്‍ നാല് വര്‍ഷമായി അവിടുത്തെ ആശ്രിതമന്ദിരം 20 ഓളം അന്തേവാസികളോടുകൂടി പ്രവര്‍ത്തിച്ചുവരുന്നുണ്ട്. കൂടാതെ മലപ്പുറത്തെ കുമ്പിടിയിലും പാലക്കാട്ടെ മൂലക്കടയിലും ആശ്രിതമന്ദിരങ്ങളുണ്ട്.

വാരിയര്‍ ഫൗണ്ടേഷന്റെ കീഴിലുള്ള ബാലമന്ദിരങ്ങളില്‍ കുട്ടികള്‍ക്ക് സൗജന്യമായി ഭക്ഷണവും, താമസിക്കാനുള്ള സൗകര്യവുമൊരുക്കി ഏറ്റവും നല്ല വിദ്യാഭ്യാസം നല്‍കുന്ന കര്‍മ്മപദ്ധതി കഴിഞ്ഞ 15 വര്‍ഷമായി നടന്നു വരികയാണെന്നും എ എസ് മാധവൻ വിശദീകരിച്ചു.

മഹാരാഷ്ട്രയിലെ പന്‍വേലില്‍ ഗുരുകുലസമ്പ്രദായത്തില്‍ ഒരു വേദപാഠശാല കഴിഞ്ഞ 20 വര്‍ഷമായി നടത്തി വരുന്നു. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന, വേദം പഠിക്കാന്‍ ആഗ്രഹിക്കുന്ന, കുട്ടികളെ സൗജന്യമായി പഠിപ്പിക്കുന്ന ഈ സ്ഥാപനത്തില്‍ നിന്നും ഇതിനകം നൂറുകണക്കിന് വിദ്യാര്‍ത്ഥികളാണ് അവരുടെ ഭാവി കണ്ടെത്തിയത്.

‘”ലോകാ സമസ്ത സുഖിനോ ഭവന്തു’ എന്ന ആപ്തവാക്യത്തിലൂന്നി പ്രവര്‍ത്തിക്കുന്ന ഈ സ്ഥാപനത്തില്‍ ധ്യാനം, യോഗ, സമയാടിസ്ഥാനത്തില്‍ കൃത്യനിഷ്ഠതയോടെയുള്ള ജീവിതരീതി, സസ്യാഹാരം എന്നിവയ്ക്ക് വളരെ പ്രാമുഖ്യം കൊടുത്താണ് കുട്ടികളെ തങ്ങളുടെ ഉന്നത ജീവിതത്തിലേക്ക് ഫൗണ്ടേഷന്‍ കൈ പിടിച്ച് ഉയര്‍ത്തുന്നത്” മാധവൻ പറയുന്നു

കൂടുതല്‍ വിവരങ്ങള്‍ക്ക് 9820050071 / 9833825505

LEAVE A REPLY

Please enter your comment!
Please enter your name here