കവിക്ക് പറ്റുന്ന തെറ്റുകൾ സമൂഹത്തെക്കൂടി വഴി തെറ്റിക്കുമെന്ന് വി മധുസൂദനൻ നായർ

0

കവിക്ക് ഒരിക്കലും തെറ്റ് പറ്റരുതെന്നും കവിക്ക് പറ്റുന്ന തെറ്റുകൾ വഴി തെറ്റിക്കുക  സമൂഹത്തെക്കൂടി ആണെന്നും മധുസൂദനൻ നായർ പറഞ്ഞു.

ഡോംബിവ്‌ലി കേരളീയ സമാജം സംഘടിപ്പിച്ച കവിയരങ്ങിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മലയാളത്തിന്റെ പ്രിയ കവി.

താനൊരു കവിയല്ലെന്നും കവിയാകണമെങ്കിൽ താൻ കാളിദാസൻ ആകണമെന്നും പറഞ്ഞത് സദസ്സിനെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്തു. കുറച്ച് കാലമായി താൻ തന്റെ കവിതകൾ ആലപിക്കാറില്ലെന്നും ഒരുപക്ഷെ ഭാവിയിൽ  താൻ വീണ്ടും പാടിയേക്കുമെന്നും കവി പറഞ്ഞു.   ഒരിക്കലും ഒരു കവിയാകാൻ ആഗ്രഹിക്കാത്ത തന്റെ ആദ്യ കവിത മാതൃഭൂമി വാരികയിലാണ് അച്ചടിച്ചുവന്നതെന്ന് പറഞ്ഞ കവി ഓർമ്മകളുടെ പടവുകളിലൂടെ ഇന്നലെകളിലേക്ക്  ഇറങ്ങി ചെല്ലുകയായിരുന്നു.

മലയാള ഭാഷയുടെ വൈവിധ്യങ്ങളെ എണ്ണിയെണ്ണി പറഞ്ഞ ജനകീയ കവി, ഭാഷയുടെ സഞ്ചാര പഥങ്ങൾക്ക് അതിരുകളില്ലെന്നും ഇത്തരം സാഹിത്യ സദസ്സുകൾ പുത്തൻ അറിവാണെന്നും കൂട്ടിച്ചേർത്തു.  സദസ്സിന്റെ ആവശ്യപ്രകാരം തന്റെ വാക്ക് എന്ന കവിതയിലെ ഏതാനും വരികൾ മധുസൂദനൻ നായർ ആലപിച്ചു. 

മുംബൈയിലെ എഴുത്തുകാരിൽ നിന്നും കാമ്പുള്ള എഴുത്തുകൾ ഉണ്ടാകുന്നത് തന്റെ ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്നും മധുസൂദനൻ നായർ സൂചിപ്പിച്ചു. മാനസിയുടെയും , ദിവാകരന്റെയും പഴയകാല രചനകളെ പ്രത്യേകം പരാമർശിച്ചാണ് കവി മഹാനഗരത്തിലെ മലയാള സാഹിത്യത്തെ പ്രകീർത്തിച്ചത്

ഡോംബിവലി കേരളീയ സമാജത്തിന്റെ പ്രതിമാസ സാഹിത്യ സായാഹ്നത്തിൽ കവി വി.മധുസൂദനൻ നായരെ ആദരിച്ചു. കഴിഞ്ഞ ദിവസം വൈകിട്ട് 6 മണിക്ക് സമാജത്തിന്റെ കമ്പൽപ്പാട കോളേജിൽ അരങ്ങേറിയ കവിയരങ്ങിൽ മുംബൈയിലെ 17 കവികളാണ് തങ്ങളുടെ രചനകൾ അവതരിപ്പിച്ചത്.   കവിതയരങ്ങിന് അദ്ധ്യക്ഷം വഹിച്ചത് പ്രമുഖ എഴുത്തുകാരിയും അധ്യാപികയുമായ ടി.വി. സരിതയാണ്.  എഴുത്തുകാരിയും വാഗ്‌മിയുമായ അഡ്വ. പ്രേമാ മേനോൻ മോഡറേറ്ററായിരുന്നു.

തുടർന്ന് നടന്ന സാംസ്കാരിക സമ്മേളനത്തിൽ സമാജം ചെയർമാൻ വർഗീസ് ഡാനിയൽ, പ്രസിഡന്റ് രാധാകൃഷ്ണൻ നായർ, സെക്രട്ടറി രാജശേഖരൻ നായർ എന്നിവർ സംസാരിച്ചു. എഡ്യൂക്കേഷൻ സെക്രട്ടറി കൊണ്ടോത്ത്‌ വേണുഗോപാൽ, കലാവിഭാഗം സെക്രട്ടറി സുരേഷ്‌കുമാർ, വൈസ് പ്രസിഡന്റ് രാജീവ്കുമാർ, എന്നിവർ സന്നിഹിതരായിരുന്നു.  

കവിത ആലപിച്ച മുംബൈ കവികൾ മലയാളത്തിന്റെ പ്രിയ കവിയിൽ നിന്ന് പൂച്ചെണ്ട് ഏറ്റു വാങ്ങി. കവിയുടെ സഹധർമ്മിണിയും സദസ്സിൽ സന്നിഹിതയായിരുന്നു. 

സാഹിത്യ സായാഹ്നം കൺവീനർ ഹരീന്ദ്രനാഥ് സ്വാഗതവും കോ-ഓർഡിനേറ്റർ രാജൻ കിണറ്റിങ്കര നന്ദിയും പ്രകാശിപ്പിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here