മലയാളത്തനിമയുടെ നൂപുരധ്വനികളുയര്‍ത്തി പശ്ചിമ മേഖല മലയാളോത്സവം

0

മലയാള ഭാഷാ പ്രചാരണ സംഘത്തിന്‍റെ ബാന്ദ്ര മുതല്‍ ദഹിസര്‍ വരെയുള്ള പശ്ചിമ മേഖലയുടെ പതിനൊന്നാം മലയാളോത്സവം ജനുവരി 8 ന് രാവിലെ 10 മണി മുതല്‍ മലാഡ് ഈസ്റ്റിലെ റാണി സതി മാര്‍ഗ് മുംബൈ പബ്ലിക് സ്കൂളില്‍ വച്ച് നടന്നു.

പശ്ചിമ മേഖല സെക്രട്ടറി വന്ദന സത്യന്‍ സ്വാഗതമാശംസിച്ചുകൊണ്ട്‌ ആരംഭിച്ച ചടങ്ങില്‍ മേഖല പ്രസിഡന്റ്‌ ഗീത ബാലകൃഷ്ണന്‍ അദ്ധ്യക്ഷം വഹിച്ചു. ഡോ.സുരേഷ് നായര്‍ മേഖല മലയാളോത്സവത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു.

മലയാള ഭാഷയെയും കേരളീയ കലകളെയും പ്രചരിപ്പിക്കാനും പോഷിപ്പിക്കാനും വേണ്ടി മലയാള ഭാഷാ പ്രചാരണ സംഘം കഴിഞ്ഞ പതിനൊന്ന് വര്‍ഷമായി നടത്തിവരുന്ന പ്രവര്‍ത്തനങ്ങളെ അദ്ദേഹം പ്രശംസിച്ചു. മലയാള ഭാഷാ പ്രചാരണ സംഘം കേന്ദ്ര കമ്മിറ്റി പ്രസിഡന്റ്‌ റീന സന്തോഷ്‌, മലയാളം മിഷന്‍ മുംബൈ ചാപ്റ്റര്‍ സെക്രട്ടറി രാമചന്ദ്രന്‍ മഞ്ചറമ്പത്ത്, കുറാര്‍ മലാഡ് മലയാളിസമാജം ട്രെഷറര്‍ സതീഷ്‌ കുമാര്‍ എന്നിവര്‍ മത്സരാര്‍ഥികള്‍ക്ക് ആശംസകളര്‍പ്പിച്ചുകൊണ്ട് സംസാരിച്ചു.

മൂന്നു വേദികളിലായി 22 ഇനങ്ങളില്‍ മത്സരങ്ങള്‍ നടന്നു. ഓരോ മത്സരങ്ങളും പ്രായമനുസരിച്ച് 5 ഗ്രൂപ്പുകളായാണ് നടത്തിയത്. അഞ്ചു വയസു പ്രായമുള്ള കുഞ്ഞുങ്ങള്‍ മുതല്‍ വയോവൃദ്ധര്‍ വരെയുള്ള ഇരുന്നൂറിലേറെ ഭാഷാ കലാസ്നേഹികള്‍ മലയാള ഭാഷയെയും സംസ്ക്കാരത്തെയും പൈതൃകകലകളെയും പുണര്‍ന്നുകൊണ്ട് മത്സരവേദികളില്‍ മാറ്റുരച്ചു. ചിത്രരചന മത്സരങ്ങള്‍ ജനുവരി 1 ന് നടന്നു കഴിഞ്ഞിരുന്നു.

വൈകുന്നേരം ഏഴു മണിക്ക് പര്യവസാനിച്ച കലാമത്സരങ്ങളില്‍ 141 പോയിന്റോടെ വിവേക് വിദ്യാലയ ടീം പശ്ചിമ മേഖല ചാമ്പ്യന്‍ഷിപ് കിരീടം നില നിര്‍ത്തി. സഹാര്‍ മലയാളി സമാജം രണ്ടാം സ്ഥാനത്തെത്തി.

ജനുവരി 15 ന് ചെമ്പൂര്‍ ആദര്‍ശ വിദ്യാലയത്തില്‍ വച്ച് നടക്കുന്ന കേന്ദ്ര തല ഫൈനല്‍ മത്സരങ്ങളില്‍ ചാമ്പ്യന്‍ഷിപ് തിരിച്ചുപിടിക്കാനുള്ള ആവേശത്തിന്‍റെ കൈത്തിരികള്‍ മനസ്സില്‍ കൊളുത്തിക്കൊണ്ട്, വിധി പ്രഖ്യാപനത്തിനു ശേഷം നിറഞ്ഞ മനസ്സോടെ കലാകാരന്മാരും കലാകാരികളും പിരിഞ്ഞു.
ഹരികൃഷ്ണന്‍ നന്ദി പറഞ്ഞു. രാജന്‍ നായര്‍ പ്രധാന വേദിയിലെ പരിപാടികള്‍ നിയന്ത്രിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here