പതിനൊന്നാം മലയാളോത്സവം – കേന്ദ്ര കലോത്സവം നാളെ ചെമ്പൂരിൽ

0

കേരളത്തിന്‍റെ സംസ്കാരത്തനിമയും പൈതൃക കലകളും മുംബൈ മലയാളികളുടെ പുതിയ തലമുറയിലേക്കെത്തിക്കാനും നമ്മുടെ കലാരൂപങ്ങളുമായി അവരെ കൂടുതല്‍ അടുപ്പിക്കാനും വേണ്ടിയാണ് മലയാള ഭാഷാ പ്രചാരണ സംഘം മലയാളോത്സവത്തിന് നാന്ദി കുറിച്ചത്. 2012 മുതല്‍ വര്‍ഷം തോറും മുംബൈ മലയാളികള്‍ ആഘോഷപൂര്‍വ്വം കൊണ്ടാടപ്പെടുന്ന കലോത്സവമാണ് മലയാളോത്സവം. മുംബൈ മലയാളികളുടെ സര്‍ഗ്ഗോത്സവം എന്ന് വിശേഷിപ്പിക്കപ്പെടുന്ന മലയാളോത്സവം കേരളീയ സംസ്കാരത്തിന്റെ വ്യത്യസ്തമായ ധാരകളെ സര്‍ഗാത്മകമായി സംയോജിപ്പിക്കുന്ന ഒരു ഉത്സവമായി മാറിക്കഴിഞ്ഞു.

മലയാള ഭാഷാ പ്രചാരണ സംഘത്തിന്‍റെ പതിനൊന്നാം മലയാളോത്സവത്തിന്റെ അവസാനചരണമായ കേന്ദ്രകലോത്സവം ജനുവരി 15 ഞായറാഴ്ച രാവിലെ 9 മണി മുതല്‍ ചെമ്പൂര്‍ ആദര്‍ശ വിദ്യാലയത്തില്‍ വച്ച് വര്‍ണ്ണ ശബളമായ വേദികളില്‍ നടക്കുന്നതാണ്. പത്തു മേഖലകളില്‍ നടന്ന മേഖല കലോത്സവങ്ങളില്‍ ഒന്നും രണ്ടും സ്ഥാനങ്ങള്‍ കരസ്ഥമാക്കിയ മത്സരാര്‍ഥികളാണ് കേന്ദ്ര തല മത്സരങ്ങളില്‍ പങ്കെടുക്കുന്നത്. കേന്ദ്ര കലോത്സവത്തില്‍ കൊളാബ മുതല്‍ പാല്‍ഘര്‍ വരെയും ഖോപ്പോളി വരെയുമുള്ള 10 മേഖലകളെ പ്രതിനിധീകരിച്ചുകൊണ്ട് നാല് വയസുള്ള കുട്ടികള്‍ മുതല്‍ വയോവൃദ്ധര്‍ വരെയുള്ള ആയിരത്തിലേറെ പേരാണ് 23 ഇനം ഭാഷാ സാഹിത്യ കലാ മത്സരങ്ങളില്‍ മാറ്റുരയ്ക്കുന്നത്.

12 വേദികളിലായി 700 ഓളം ഒറ്റമത്സരങ്ങളും 150 ലേറെ സംഘമത്സരങ്ങളും ഉണ്ടായിരിക്കും. ഓരോ മത്സരവും പ്രായമനുസരിച്ച് അഞ്ചു ഗ്രൂപ്പുകളിലായാണ് ക്രമീകരിച്ചിരിക്കുന്നത്. അതീവ ഹൃദ്യമായ ഈ മത്സരങ്ങള്‍ക്ക് രണ്ടായിരത്തോളം പേര്‍ ദൃക്സാക്ഷികളാകും എന്നാണ് കണക്കുകൂട്ടുന്നത്‌.ഗിരിജാവല്ലഭന്റെ “ചില്ലുചതുരങ്ങള്‍” എന്ന പുതിയ കഥാസമാഹാര ത്തിന്‍റെ പ്രകാശനവും കേന്ദ്ര കലോത്സവ വേദിയില്‍ വച്ച് നടത്തുന്നതാണെന്ന് പ്രസിഡന്റ് റീന സന്തോഷ്‌ സെക്രട്ടറി രാജൻ നായര്‍ എന്നിവർ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here